ന്യൂദല്‍ഹി: തന്റെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിജെപി വിജയിക്കുമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുകുള്‍ റോയ്യുടെ പ്രവചനം വെള്ളിയാഴ്ച വിവാദത്തിനിടയാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച റോയ് തെരഞ്ഞെടുപ്പിന് പിന്നാലെ മമതയുടെ പാളയത്തിലേക്ക് മടങ്ങിയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന സമാന പ്രതികരണം ഓഗസ്റ്റ് ആറിനും മുകുള്‍ റോയ് നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി രണ്ട് അവസരങ്ങളിലും അദ്ദേഹം ഉടന്‍തന്നെ പ്രസ്താവന തിരുത്തി.
2023-ല്‍ ത്രിപുരയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപി വിട്ടുവെങ്കിലും ഔദ്യോഗികമായി കൃഷ്ണനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍നിന്നുള്ള പാര്‍ട്ടി എംഎല്‍എയാണ് മുകുള്‍ റോയ്. തൃണമൂല്‍ ബംഗാളില്‍ വീണ്ടും അധികാരത്തിലെത്തി ഒരു മാസത്തിനുശേഷം ഭരണകക്ഷിയിലേക്ക് തിരികെയെത്തിയ റോയ്ക്ക് മമത ബാനര്‍ജി സര്‍ക്കാര്‍ പബ്ലിക് അക്കൗണ്ട്സ് സമിതി(പിഎസി) ചെയര്‍മാനായി നിയമനം നല്കി. ‘കൃഷ്ണനഗര്‍ നോര്‍ത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി വിജയിക്കും’- നിയമസഭാ വളപ്പിലെ പിഎസി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുകുള്‍ റോയ് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയില്ലേയെന്ന് ചോദിച്ചപ്പോള്‍ മണ്ഡലത്തിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു മറുപടി. ‘ഞാന്‍ ബിജെപിയുടെ എംഎല്‍എയാണ്’ എന്നും ഔദ്യോഗികമായുള്ള നിലവിലെ സ്ഥിതി ചൂണ്ടിക്കാട്ടി അദ്ദേഹം തുറന്നു സമ്മതിച്ചു. എന്നാല്‍ മുകുള്‍ റോയ്യുടെ നാക്കുപിഴയോട് പ്രതികരിക്കാന്‍ നിയമസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെപ്യൂട്ടി ചീഫ് വിപ്പ് തപസ് റോയ് വിസമ്മതിച്ചു. ‘എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കുന്നതായിരിക്കും ഉചിത’മെന്ന് അദ്ദേഹം പറഞ്ഞു.
അത്തരം പ്രസ്താവനകള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നായിരുന്നു ബിജെപിയുടെ പ്രസ്താവന. ബിജെപി ടിക്കറ്റില്‍ വിജയിച്ചശേഷം പാര്‍ട്ടിയില്‍ ചേരാന്‍ തൃണമൂലിന്റെ ഓഫിസിലെത്തിയപ്പോള്‍ വലിയ ആവേശത്തോടെയായിരുന്നു മുകുള്‍ റോയ്യെ വരവേറ്റതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.’ഇപ്പോള്‍ അദ്ദേഹം അത്തരം പ്രസ്താവനകള്‍ നടത്തുന്നുവെങ്കില്‍ അത് ജനങ്ങള്‍ വിലയിരുത്താനുള്ളതാണ്’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകുള്‍ റോയ്യെ കൂറുമാറ്റ നിരോധനനിയമപ്രകാരം അയോഗ്യനാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: