തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെതിരേ പൊട്ടിത്തെറിച്ച് ഉദ്യോഗസ്ഥരുടെ സംഘടന. തട്ടിപ്പില്‍ പങ്കുള്ള നേതാക്കളെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി.
സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ ജീവനക്കാര്‍ക്കിടയില്‍ കടുത്ത അമര്‍ഷം പുകയുകയാണ്. തട്ടിപ്പിന്റെ പങ്ക് പറ്റിയ സിപിഎം നേതാക്കളെയും ഭരണസമിതിയംഗങ്ങളെയും രക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുകയാണെന്ന് ആരോപിച്ച് സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍മാരുടെ സംഘടനയായ സഹകരണ ഇന്‍സ്പെക്ടേഴ്സ് ആന്‍ഡ് ഓഡിറ്റേഴ്സ് അസോസിയേഷന് രംഗത്തെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സഹകരണ വകുപ്പ് ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്നലെ ജോലിക്കെത്തിയത്.
സാങ്കേതിക കാരണങ്ങളുടെ പേരില്‍ സഹകരണ വകുപ്പ് ജീവനക്കാരേയും ബാങ്ക് ജീവനക്കാരേയും ഇരയാക്കുകയാണ്. ഭരണസമിതി അറിയാതെ സഹകരണബാങ്കുകളില്‍ ഒന്നും നടക്കില്ല എന്ന് വ്യക്തമായിരിക്കെ കുറ്റം മുഴുവന്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവക്കുന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് എന്നും സംഘടന കുറ്റപ്പെടുത്തുന്നു. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് സഹകരണ വകുപ്പിലെ ജോ. രജിസ്ട്രാര്‍ അടക്കം 16 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. ഇവരില്‍ ചിലര്‍ കേസില്‍ പ്രതികളായേക്കുമെന്ന സൂചനയുണ്ട്. 2012 മുതല്‍ ബാങ്കില്‍ ആരംഭിച്ച തട്ടിപ്പില്‍ എല്ലാ ചെക്കുകളിലും ഒപ്പിട്ടിരിക്കുന്നത് ഭരണസമിതി പ്രസിഡന്റും അംഗങ്ങളുമാണ്. തട്ടിപ്പിന്റെ പേരില്‍ നടപടിയെടുത്തിരിക്കുന്നത് ആറ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും മാത്രമാണ്.
അറസ്റ്റിലായ പ്രതികള്‍ കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍ തട്ടിപ്പിന് പ്രേരിപ്പിച്ചത് ഭരണസമിതിയാണെന്ന് വ്യക്തമാക്കിയിട്ടും ഭരണസമിതിയംഗങ്ങള്‍ക്ക് നേരെ നടപടിയുണ്ടായില്ല. ബാങ്കില്‍ 10 വര്‍ഷത്തോളമായി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 100 കോടിയിലേറെ തട്ടിപ്പ് നടന്നതായി 2018ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. തട്ടിപ്പിന് ഭരണസമിതിയുടെ അറിവും സഹകരണവുമുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിന് പിന്നാലെ സഹകരണ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലുമുണ്ട്. അതോടൊപ്പം ബാങ്കിലെ തട്ടിപ്പ് കണ്ടെത്താന്‍ നിയോഗിച്ച രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടിലും ഭരണസമിതിക്കെതിരേ നടപടി വേണമെന്ന ശിപാര്‍ശയുണ്ടായിരുന്നു. എന്നാല്‍ ഇതേവരെ നടപടിയുണ്ടായില്ലെന്നും ജീവനക്കാരുടെ സംഘടന വ്യക്തമാക്കുന്നു.
കിരണിന്റെ ജാമ്യാപേക്ഷ മാറ്റി
തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസിലെ നാലാം പ്രതി കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നാണ് കിരണ്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. കമ്മിഷന് ഏജന്റായ കിരണിന്റെ അക്കൗണ്ടിലേക്കാണ് 46 വായ്പകളില്‍ നിന്നായി 23 കോടി രൂപ പോയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പിടിയിലാവാനുള്ള കിരണ്‍ അടക്കമുള്ള മൂന്ന് പേര്‍ക്കെതിരേ തിരച്ചില്‍ തുടരുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: