കൊല്ലം: ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തി കെഎംഎംഎല്ലില്‍ നടക്കുന്നത് സിഐടിയു നേതാവിന്റെ നേതൃത്വത്തിലുള്ള ഇന്റേണല്‍ റിക്രൂട്ട്മെന്റ്. ജോലിയില്‍ പ്രവേശിച്ചാല്‍ നാല് വര്‍ഷം കഴിയുമ്പോള്‍ സി ഗ്രേഡും, എട്ട് വര്‍ഷം കഴിയുമ്പോള്‍ ബി ഗ്രേഡും 12 വര്‍ഷം കഴിയുമ്പോള്‍ എ ഗ്രേഡും ലഭിക്കും. പിന്നീട് നാല് വര്‍ഷം കൂടി കഴിഞ്ഞാലേ ഓഫീസര്‍ തസ്തിക ലഭിക്കൂ.
കമ്പനി ചട്ടപ്രകാരം മേല്‍പ്പറഞ്ഞ കണക്ക് വച്ച് ജോലിയില്‍ കയറി 16 വര്‍ഷം കഴിയണം അസിസ്റ്റന്റ് പേഴ്സണല്‍ ഓഫീസറാകാന്‍. എന്നാല്‍, ഈ കടമ്പകളൊന്നും കടക്കാതെ സിഐടിയു നേതാവും സിപിഎം നേതൃത്വവും ഇടപെട്ട് ‘ഇന്റേണല്‍ റിക്രൂട്ട്മെന്റ്’ നടത്തി പിന്‍വാതില്‍ വഴി ഓഫീസര്‍ നിയമനം നടത്തുകയാണ് രീതി. ഇത്തരത്തില്‍ ആറ് വര്‍ഷം മാത്രം സര്‍വീസുള്ളവരെ വന്‍തുക കോഴ വാങ്ങിയാണ് ഒറ്റയടിക്ക് ഓഫീസര്‍ പദവി നല്‍കുന്നത്. 22 വര്‍ഷമായി മെയ്ന്റനന്സിലും അക്കൗണ്ട്സിലും എ ഗ്രേഡ് ആയിട്ടും പ്രമോഷന് ലഭിക്കാത്ത പതിനഞ്ചോളം ജീവനക്കാര്‍ നിലവിലുണ്ട്. ഇവരെയെല്ലാം കടത്തിവെട്ടിയാണ് പുതിയ നിയമന നീക്കം.
ഈ അഴിമതിക്കെല്ലാം നേതൃത്വം നല്കുന്ന കമ്പനിയിലെ യൂണിയന് നേതാവ് എ ഗ്രേഡായി പ്രമോഷന് അര്‍ഹനായെങ്കിലും ഓഫീസര്‍ തസ്തികയില്‍ പ്രവേശിക്കാതെ മാറിനില്‍ക്കുകയാണ്. ഓഫീസറായാല്‍ യൂണിയന് പ്രവര്‍ത്തനം നടത്താന്‍ നിലവിലുള്ള കമ്പനി നിയമം അനുസരിച്ച് അനുവദനീയമല്ല. കമ്പനിയില്‍ നിന്നും ജീവനക്കാരില്‍ നിന്നും യൂണിയന് പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ തുകയാണ് യൂണിയന് നേതാവ് പിരിച്ചെടുക്കുന്നത്. ഇത് നേരെ ചെന്നെത്തുന്നത് സിപിഎം ജില്ലാ നേതാവിന്റെ പക്കലും. യൂണിയന് നേതാവ് വെറും ഏജന്റുമാത്രമാണെന്നും പിന്നില്‍ ജില്ലാ സെക്രട്ടറി അടക്കമുള്ള വമ്പന്മാരാണെന്നും ആക്ഷേപമുണ്ട്.
2018ല്‍ മാനേജ്മെന്റ് ട്രെയ്നി തസ്തികയില്‍ ഒന്നാം റാങ്കുകാരിയെ തള്ളി താഴെയുള്ള റാങ്ക്കാരിയെ നിയമിച്ചത് വിവാദമായിരുന്നു. എഴുത്തുപരീക്ഷയിലും ഗ്രൂപ്പ് ഡിസ്കഷനിലും ഒന്നാം റാങ്കിലെത്തിയ നയന.എസ്.രാജീവ് ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
അന്ന് കെഎംഎംഎല്‍ എംഡി ഒന്നാം പ്രതിയും സിഐടിയു യൂണിയന് സെക്രട്ടറി രണ്ടാം പ്രതിയുമായാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. നിയമനത്തിലെ കൃത്രിമം ബോധ്യപ്പെട്ട കോടതി അനധികൃതമായി നിയമനം നേടിയ ജീവനക്കാരിയുടെ ആനുകൂല്യം തടഞ്ഞുവയ്ക്കാന്‍ ഉത്തരവിട്ടു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: