ന്യൂദല്‍ഹി: ജമ്മുകാശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ബിജെപി കിസാന്‍ മോര്‍ച്ച നേതാവും ഭാര്യയും തിങ്കളാഴ്ച വെടിയേറ്റു മരിച്ചു. ബിജെപി കിസാന്‍ മോര്‍ച്ച കുല്‍ഗാം അധ്യക്ഷനായ ഗുലാം റസൂല്‍ ദാറും ഭാര്യ ജവ്ഹര ബാനുവുമാണ് മരിച്ചതെന്ന് ബിജെപി നേതാവ് അല്‍താഫ് താക്കൂര്‍ അറിയിച്ചു. അനന്ത്നാഗിലെ ലാല്‍ ചൗക്കില്വച്ചായിരുന്നു ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ആശുപത്രയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജമ്മു കാശ്മീര്‍ ലഫ്. ഗവര്‍ണര്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു.
ഭീരുത്വം നിറഞ്ഞ ഈ കൃത്യവും ആക്രമണം നടത്തിയവരെയും ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഞായറാഴ്ച അനന്ത്നാഗിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ആക്രമണം. ഭീകരതയ്ക്ക് ധനസഹായം നല്കിയ കേസില്‍ ജമ്മുകാശ്മീരില്‍നിന്ന് ജൂലൈ പത്തിനാണ് ആറുപേരെ എന്‍ഐഎ പിടികൂടിയത്. ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള 11 പേരെ വെള്ളിയാഴ്ച ജമ്മുകാശ്മീര്‍ ഭരണകൂടം പുറത്താക്കിയിരുന്നു. പിരിച്ചുവിടപ്പെട്ടവരില്‍ ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ സ്ഥാപകന്‍ സയിദ് സലാഹുദീന്റെ രണ്ടു മക്കളമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: