തിരുവനന്തപുരം: സിപിഎമ്മിന്റെ തലശേരി എ.എന്‍.ഷംസീറിന് മാസ്ക് ധരിക്കാതെ സഭയില്‍ ഇരിക്കുന്നതിനെതിരെ സ്പീക്കറുടെ വിമര്‍ശനം മാത്രം. തിങ്കളാഴ്ചയാണ് നിയമസഭയില്‍ സ്പീക്കര്‍ എം.ബി. രാജേഷ് ഷംസീര്‍ എംഎല്‍എയെ മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ വിമര്‍ശിച്ചത്.
അതേ സമയം മലപ്പുറത്ത് മാസ്ക് ധരിക്കാത്തതിന് വയോധികക്കെതിരായി സെക്ട്രല്‍ മജിസ്ട്രേറ്റ് നടപടിയെടുത്ത പഴയ സംഭവം സമൂഹമാധ്യമങ്ങളില്‍ ഇതോടെ വാര്‍ത്തയാവുകയാണ്. മലപ്പുറം എടക്കര മൂത്തേടം ചോളമുണ്ട സ്വദേശി ആയിഷ എന്ന 85കാരിക്കാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അന്ന് മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ പിഴയിട്ടത്.
ദിവസങ്ങളായി ഷംസീര്‍ സഭയില്‍ മാസ്ക് ധരിക്കാറില്ലെങ്കിലും ഇതാദ്യമായാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ ഒരു പരസ്യശാസന നടത്തുന്നത്. ‘ഷംസീര്‍ സഭയ്ക്കകത്ത് മാസ്ക് ഉപേക്ഷിച്ചതായി തോന്നുന്നു. മാസ്ക് തീരെ ഉപയോഗിക്കുന്നതായി കാണുന്നില്ല?’- ഇതായിരുന്നു സ്പീക്കറുടെ പരാമര്‍ശം. മാസ്ക് ധരിക്കാത്ത കുറുക്കോളി മൊയ്തീന് അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാരുടെ ജാഗ്രതക്കുറവിനെയും സ്പീക്കര്‍ വിമര്‍ശിച്ചു. മാസ്ക് താടിയില്‍ വെയ്ക്കുന്ന പല എംഎല്‍മാര്‍ക്കെതിരെയും സ്പീക്കര്‍ വിമര്‍ശനമുന്നയിച്ചു.
ഇതോടെ സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ സാധാരണക്കാര്‍ ആഞ്ഞടിക്കുകയാണ്. ജീവിക്കാന്‍ പണമില്ലാതെ നട്ടം തിരിയുന്ന സാധാരണക്കാരെ മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ 2000 വരെയും പെറ്റിയടിക്കുന്ന പൊലീസുകാരെയും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെയും രൂക്ഷമായ ഭാഷയിലാണ് ജനം സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചത്. താടിയില്‍ മാസ്ക് വെച്ചുനടക്കുന്ന എത്രയോ സാധാരണക്കാര്‍ക്ക് 500 രൂപ പിഴയിട്ട പൊലീസ് നടപടിയ്ക്കെതിരെയും കടുത്ത ഭാഷയിലാണ് ജനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചത്.
മാസ്ക് ധരിക്കാത്തവരുടെ ചിത്രങ്ങള്‍ ക്യാമറയിലൂടെ ശേഖരിച്ച് വരെ ട്രാഫിക് പൊലീസ് പിഴയിട്ടിരുന്നു. ഇങ്ങിനെ ലക്ഷക്കണക്കിന് സാധാരണക്കാരാണ് മാക്സില്ലാത്തതിന്റെ പേരിലും താടിയില്‍ മാസ്ക് വെച്ചതിന്റെ പേരിലും പിഴയുടെ ചൂടറിഞ്ഞത്. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ പൊലീസ് നടത്തിയ അതിക്രമം ശ്രദ്ധയില്‍പ്പെട്ട അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ പൊലീസിനോട് മൃദുവായി ജനങ്ങളെ ഇക്കാര്യത്തില്‍ സമീപിക്കണമെന്ന് പ്രത്യേകം ഉപദേശിക്കുക കൂടി ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: