ന്യൂദല്‍ഹി: കര്‍ണ്ണാടകയിലെ മംഗളൂരു, ബെംഗളൂരു, ജമ്മുകശ്മീരിലെ ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലെല്ലാം വേരുകളുള്ള ഐഎസ് റിക്രൂട്ട്മെന്റ് സംഘത്തെ വലയിലാക്കാന്‍ എന്‍ ഐഎയെ സഹായിച്ചത് മലപ്പുറത്ത് നിന്നുള്ള അറസ്റ്റ്. കേരളം ഐഎസ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്ന മുന്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ സര്‍വ്വീസില്‍ നിന്നും വിരമിക്കുമ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ ശരിവെക്കുന്നതായിരുന്നു രാജ്യത്തെ നാല് കേന്ദ്രങ്ങളില്‍ എന്‍ ഐഎ ഒരേ സമയം നടത്തിയ റെയ്ഡില്‍ നിന്നുള്ള അറസ്റ്റും കണ്ടെത്തലുകളും. കേരളത്തില്‍ ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ടെന്നും മലയാളി യുവാക്കളുടെ ഭീകരബന്ധം ആശങ്കയുളവാക്കുന്നുവെന്നും ബെഹ്‌റ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നതായിരുന്നു ഈ റെയ്ഡിലെ വിവരങ്ങള്‍.
2021 മാര്‍ച്ചില്‍ മലപ്പുറത്ത് നിന്നും തീവ്രവാദ ബന്ധം ആരോപിച്ച് എന്‍ ഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് അമീന്‍ എന്ന അബു യെദിയയുടെ അറസ്റ്റാണ് ഇന്ത്യയിലാകെ പരന്ന് കിടക്കുന്ന ഈ ഐഎസ് റിക്രൂട്ട്മെന്റ് സംഘത്തെ കണ്ടെത്താന്‍ സഹായകരമായത്. ഇയാള്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ ഐഎ രാജ്യത്ത് നാലിടത്ത് ഒരേ സമയം റെയ്ഡ് നടത്തിയത്. കര്‍ണ്ണാടകയിലെ മംഗളൂരു, ബെംഗളൂരു, ജമ്മുകശ്മീരിലെ ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ഒരു യുവതി ഉള്‍പ്പെടെ എട്ട് പേരാണ് പിടിയിലായത്.
ഇതില്‍ ഞെട്ടിപ്പിക്കുന്ന വിവരം മംഗളൂരുവിലെ ഉള്ളാളില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ ഭാര്യയാണ് ഈ യുവതി എന്നതാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരാണ്. ആധുനിക മാര്‍ഗ്ഗങ്ങളാണ് ഇവര്‍ തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരിക്കുന്നത്. ആശയപ്രചാരണത്തിനും പരസ്പരം ബന്ധപ്പെടുന്നതിനും കൂടുതല്‍ രഹസ്യസ്വഭാവമുള്ള ടെലഗ്രാം ആപാണ് ഉപയോഗിച്ചിരിക്കുന്നത്. റഷ്യയില്‍ വികസിപ്പിച്ചെടുത്ത ഈ ആപാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ ഹോങ്കോംഗിലെ വിമതരടക്കം ഉപയോഗിച്ചത്. രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ ടെലഗ്രാമിന് കൂടുതല്‍ സാധ്യതകളുണ്ട്.
ഇവര്‍ ധനസമാഹരണം നടത്തിയതും ഇ-പേയ്മെന്‍റ് സംവിധാനങ്ങളിലൂടെയാണ്. ഇതിന് ഇവര്‍ ഓണ്‍ലൈന്‍ വഴിയുള്ള ക്രൗഡ് ഫണ്ടിംഗ് രീതി വരെ ഉപയോഗിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമും സന്ദേശങ്ങളയക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇവരുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പിടികൂടി.
മംഗളൂരുവില്‍ ഉള്ളാളില്‍ കോണ്‍ഗ്രസിന്റെ അന്തരിച്ച മുന്‍ എംഎല്‍എ ബി.എം. ഇദ്ദിനബ്ബയുടെ മകന്‍ ബി.എം.ബാഷയുടെ മകന്‍ അമര്‍ അബ്ദുള്‍ റഹ്മാനുള്‍പ്പെടെ നാല് പേര്‍ ആദ്യം അറസ്റ്റിലായി. ഇവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്തരിച്ച എംഎല്‍എ ഇദ്ദിനബ്ബയുടെ മറ്റൊരു പേരക്കുട്ടിയുടെ ഭാര്യയായ പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു. കര്‍ണ്ണാടകയിലെ കൊടക് ജില്ലയിലെ വിരാജ്‌പേട്ട് സ്വദേശിനിയായ ഈ പെണ്‍കുട്ടി ദന്തല്‍ കോളെജില്‍ പഠിക്കവേ ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ മകനുമായി പ്രണയത്തിലായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റിയ ശേഷം വിവാഹം കഴിച്ചു. തുടര്‍ന്ന് ഈ പെണ്‍കുട്ടിയും ഐഎസിന്റെ ശക്തയായ പ്രവര്‍ത്തകയായി.
ബെംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ ശങ്കര്‍ വെങ്കിടേഷ് പെരുമാള്‍ എന്ന ഹിന്ദുപേരില്‍ കഴിഞ്ഞിരുന്ന അലി മുആവിയ എന്നൊരാളെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരില്‍ നടന്ന പരിശോധനയില്‍ ശ്രീനഗര്‍ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപ്പോരയില്‍ നടന്ന റെയ്ഡില്‍ മുസമ്മില്‍ ഹസ്സന്‍ ഭട്ട് എന്നയാളെയും അറസ്റ്റ് ചെയ്തു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120ബി, 121, 121എ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ 17,18,188,20,38,40 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. കാസര്‍കോട്ട് നിന്നും 21 പേരുള്‍പ്പെട്ട ഒരു സംഘത്തെ സിറിയയിലേക്ക് അയച്ചിരുന്നുവെന്നും പറയുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ തീവ്രവാദപ്രവര്‍ത്തനം ആശങ്കയുളവാക്കുന്നതാണെന്നും കേരളത്തിലെ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ അറസ്റ്റിലായവര്‍ എല്ലാവരും ഉയര്‍ന്ന സ്വാധീനമുള്ള കുടുംബത്തില്‍പ്പെട്ടവരും ഉന്നതവിദ്യാഭ്യാസമുള്ളവരുമാണ്. കേരളത്തിലും കര്‍ണ്ണാടകത്തിലും കശ്മീരിലും ഐഎസ് ആശയങ്ങള്‍ നിശ്ശബ്ദമായി പ്രചരിപ്പിക്കുന്നതില്‍ ഇവര്‍ ഒരളവ് വരെ വിജയിച്ചതായും എന്‍ ഐഎ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: