മുമ്പൊരുകാലത്തുമില്ലാത്ത പുരോഗതിയും പരിഷ്കാരവുമാണ് ഭാരതം ഇന്ന് നേടിക്കൊണ്ടിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതമെന്ന മുദ്രാവാക്യമാണ് നമ്മുടെ മുന്നിലുള്ളത്. നവഭാരതത്തിന്റെ ഉദയം അതിവേഗം വരുന്നു. നാലാം വ്യാവസായിക വിപ്ലവത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. പ്രാദേശികവും ദേശീയവും ആഗോളതലത്തിലുമുള്ള നയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും വേണ്ടിയുള്ള തന്ത്രങ്ങള്‍ രൂപീകരിക്കാനാവൂ. ഭാരതത്തിന്റെ കൂട്ടായ വികസനത്തിനും സമൃദ്ധിക്കും വലിയൊരു കാരണം ജനസംഖ്യയുടെ പകുതിപേര് തൊഴിലാളികളാണെന്നതാണ്. കോവിഡ് മഹാമാരി ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കരുതലോടെ നീങ്ങിയ രാജ്യമാണിത്. ആദ്യം ജീവന് രക്ഷിക്കുക പിന്നെ ജീവിതം. ”ജീവനും ജീവിതവും” എന്ന ആശയം പ്രധാനമന്ത്രി മുന്നോട്ടുവച്ചപ്പോള്‍ ജനങ്ങള്‍ അത് ഏറ്റെടുത്തു.
കോവിഡ് വ്യാപനത്തില്‍ പല രാജ്യങ്ങളെപോലെ നമ്മുടെ രാജ്യവും പ്രതിസന്ധിയിലേക്ക് നീങ്ങിയതാണ്. അത് പിടിച്ചുനിര്‍ത്താന്‍ ഭാരതത്തിനായി. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 23.9 ശതമാനമാണ് പിന്നോട്ടുപോയത്. ഇപ്പോള്‍ ലോകത്തിലെ മിക്ക സാമ്പത്തിക വിദഗ്ധരും ഭാരതം പിന്നോട്ടല്ല മുന്നോട്ടാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ഏറ്റവും ഒടുവില്‍ നമ്മുടെ റിസര്‍വ് ബാങ്കും അത് അംഗീകരിച്ചു.
കോവിഡ് പ്രതിസന്ധി നേരിടാന്‍ മൂന്നുഘട്ടങ്ങളിലായി 30 ലക്ഷം കോടി രൂപയാണ് നീക്കിവച്ചത്. 80 കോടി ജനങ്ങള്‍ക്കുവേണ്ടിയാണ്ത്. ‘ജന്‍ധന്‍’ പദ്ധതിവഴി ഒരു പൈസപോലും മുതല്‍മുടക്കാതെ പുതുതായി ബാങ്ക് ഇടപാടിലെത്തിയ പാവപ്പെട്ടവര്‍ക്ക് നേരിട്ട് കാശെത്തുന്ന അവസ്ഥയുണ്ടാക്കി. 120 കോടി പേര് ആധാര്‍ കാര്‍ഡിന്റെ ഉടമകളായ ഭാരതത്തിലെ പൗരന്മാരുടെ സ്ഥിതി വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് ഇന്നറിയാം. ആര്‍ക്കൊക്കെ എന്തൊക്കെയുണ്ട്; എന്തില്ല എന്ന് സര്‍ക്കാരിനറിയാം. അവരുടെ ആവശ്യങ്ങളും ആവലാതികളും പരിഹരിക്കുന്നതിനുള്ള അതിവേഗ തീരുമാനങ്ങളും നടത്തിപ്പുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
93ശതമാനമാണ് ടെലികമ്യൂണിക്കേഷന്‍ രംഗത്തെ വര്‍ധനവ്. 50 കോടി പേര് മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കാളായി. ലോകത്ത് തന്നെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ഏറ്റവും വലിയ സംഖ്യ നമ്മുടെ രാജ്യത്താണ്. 2014 രാജ്യത്ത് 59 പഞ്ചായത്തിലാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനമെങ്കില്‍ ഇന്നത് 1.58 ലക്ഷം ഗ്രാമ പഞ്ചായത്തുകളിലായി.
മുദ്ര യോജനവഴി 30 കോടിയിലധികം ലോണുകള്‍ യുവാക്കള്‍ക്കായി നല്കി. സ്വയംതൊഴില്‍ കണ്ടെത്താനാണിതില്‍ ഏറെയും. തൊഴിലിനുവേണ്ടി തെണ്ടിക്കൊണ്ടിരുന്ന യുവാക്കള്‍ ഇപ്പോള്‍ തൊഴില്‍ നല്കുന്ന സ്ഥിതിയിലായി. ഇത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടുതന്നെയാവണം കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയുടെ പ്രസക്തമായ സംശയ പ്രകടനം. ”യുവാക്കള്‍ എന്തിനാണ് കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കായി ഇങ്ങനെ കാത്തിരിക്കുന്നത്.
സ്വയം തൊഴിലിലേക്ക് നീങ്ങിക്കൂടെ? മറ്റ് സംസ്ഥാനങ്ങളിലൊന്നും കേരളത്തിലെ പോലൊരു അവസ്ഥയില്ലല്ലോ”. ഏതായാലും ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ സമാനതകളില്ലാത്ത പുരോഗതിയിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്ന് നിസ്സംശയം പറയാം. ഇങ്ങനെ പോയാല്‍ ഇന്നലെ വരെ ഭരിച്ചവരും ഇനി ഭരിക്കാന്‍ കൊതിക്കുന്നവരും കടുത്ത നിരാശയിലാകുന്നത് സ്വാഭാവികം. നരേന്ദ്രമോദിയുടെ ഭരണത്തെ എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്നവര്‍ ആഗ്രഹിക്കുന്നു. അതിനായി കള്ളക്കഥകളുണ്ടാക്കുന്നു. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുന്നു. അലവന്‍സ് കിട്ടാന്‍, സഭാരേഖയില്‍ ഒപ്പിടാന്‍ മാത്രം സഭയില്‍ ചെല്ലുന്നു. നടപ്പ് സമ്മേളനത്തില്‍ ഒരിക്കല്‍പ്പോലും അവര്‍ നടപടികളുമായി സഹകരിച്ചില്ല. നിരാശാകാമുകനെന്നപോലെ കോണ്‍ഗ്രസിന്റെ കേരളത്തിലെ ഒരു എംപി പറയുന്നത് കേട്ടല്ലൊ? മോദി ഭരിക്കുന്നിടത്തോളം യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കില്ലെന്നാണ് അയാള്‍ പറയുന്നത്. ഏതാനും വന്‍കിട വ്യവസായികള്‍ക്കുവേണ്ടി മാത്രമാണ് മോദി പ്രവര്‍ത്തിക്കുന്നത്. നീതിക്കായി യുവാക്കള്‍ പ്രക്ഷോഭം ആരംഭിക്കുന്ന ദിവസം മോദി സര്‍ക്കാരിന്റെ പതനം ആരംഭിക്കുമെന്നും രാഹുല്‍ പറയുന്നു.
തന്റെ മാത്രമല്ല രാജ്യത്തെ എല്ലാവരുടെയും ഫോണ്‍ മോദി ചോര്‍ത്തിയെന്നും രാഹുല്‍ ആവലാതിപ്പെടുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, തൊഴിലില്ലായ്മ തുടങ്ങി രാജ്യത്തെ ജനം ഉന്നയിക്കുന്ന ഒരു വിഷയത്തിലും മറുപടി നല്കാന് നരേന്ദ്രമോദി തയ്യാറല്ല. രാഷ്ട്രീയത്തെ കുട്ടിക്കളിയായി കണ്ട രാഹുല്‍ കരപറ്റാനുള്ള വെപ്രാളത്തിലാണ്. പാര്‍ലമെന്റിലേക്ക് പോകാന്‍ ട്രാക്ടര്‍ ഓടിക്കുന്നു. സൈക്കിള്‍ ചവിട്ടുന്നു. രാഷ്ട്രീയ നേതാക്കളെ ചായയ്ക്ക് ക്ഷണിക്കുന്നു. പീഡിപ്പിക്കപ്പെട്ട് മരണപ്പെട്ട കുഞ്ഞിന്റെ കുടുംബത്തെ കാണാന്‍ കുതിക്കുന്നു.
ലോകസഭയിലെത്തിച്ച സ്വന്തം മണ്ഡലത്തിനടുത്ത് രണ്ട് ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ വാളയാറിലേക്ക് വരാന്‍ സമയമുണ്ടായിട്ടില്ല. ഇരകള്‍ക്ക് രക്ഷകിട്ടാന്‍ രാഹുലോ പാര്‍ട്ടിയോ പാര്‍ലമെന്റില്‍ ഒരക്ഷരം മിണ്ടിയില്ല. കാരണമെന്താണ്? കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് മുന്നണിയാണല്ലൊ. കമ്മ്യൂണിസ്റ്റുകാരും രാഹുലിന്റെ കോണ്‍ഗ്രസ്സും അനിയന്‍ബാവ, ചേട്ടന്‍ബാവ എന്ന മട്ടിലാണല്ലോ.
ദേശീയ നേതാവാകാന്‍ മമതബാനര്‍ജി ദല്‍ഹിയിലെത്തി നിലമൊരുക്കിയപ്പോഴാണ് ആ പദവിക്ക് വിത്തിടാന്‍ രാഹുല്‍ ഇറങ്ങിത്തിരിച്ചത്. മമതയോടുള്ളതിനേക്കാള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മമത രാഹുലിനോടാണല്ലോ. അത് സീതാറാം യച്ചൂരി തുടങ്ങിവച്ചതല്ല. മുന്‍ഗാമി സുര്‍ജിത്തിന്റെ സംഭാവനയാണ്. ബേട്ടി, ബേട്ടി എന്ന് വിളിച്ച് നമ്പര്‍ 10 ജനപഥിന്റെ തിണ്ണ നിരങ്ങിയാണല്ലോ, യുപിഎ എന്ന അവിശുദ്ധസഖ്യം രൂപംകൊണ്ടത്. അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസായി. 10 വര്‍ഷം യുപിഎ വഴി കോണ്‍ഗ്രസ് പ്രധാനമന്ത്രി വാണു. അഴിമതിയുടെ കെട്ടുനാറിയ കഥകളുണ്ടാക്കിയ ഭരണം. ഇനിയെങ്കിലും കോണ്‍ഗ്രസിനെ കമ്മ്യൂണിസ്റ്റുകാര്‍ അംഗീകരിക്കില്ലെന്ന് ധരിച്ചു.
പണ്ട് കെ.ജി. മാരാര്‍ പ്രവചിച്ചതാണ്. രണ്ടു കക്ഷികളും ഒന്നാകും. ഒന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയാണെങ്കില്‍ മറ്റേത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്. ഒരേ തൂവല്‍ പക്ഷികള്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വരാന്‍ പോകുന്നു കേരളത്തില്‍. അന്നേരം ദല്‍ഹിയിലെ മച്ചാ മച്ചാ സമീപനം തന്നെയാവുമോ കേരളത്തിലും. എന്തും ചെയ്യാന്‍ ഇരു കൂട്ടരും മടിക്കില്ലെന്ന മട്ടിലാണ് പോക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: