കാബൂള്‍: ശിരോവസ്ത്രം ധരിക്കാത്തതിന് അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭീകരര്‍ പെണ്‍കുട്ടിയെ വെടിവച്ചു കൊന്നു. യുദ്ധസമാന സാഹചര്യം നിലനില്‍ക്കുന്ന രാജ്യത്ത് കിരാത നിയമങ്ങള്‍ തിരികെക്കൊണ്ടുവരാനുള്ള ഭീകരരുടെ ശ്രമങ്ങള്‍ക്കിടെ ‘അഫ്ഗാനിസ്ഥാന് ടൈംസ്’ ആണ് ബുധനാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുറത്തുവരുന്ന വിവരമനുസരിച്ച് ബാല്‍ഖ് ജില്ലാ കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ, നസനീന്‍ എന്ന 21 കാരിയെ ഭീകരര്‍ കാറിന് പുറുത്തേക്ക് വലിച്ചിഴക്കുകയായിരുന്നത്രേ. എന്നാല്‍ താലിബാന്റെ വക്താവ് സബിഹുള്ള മുജാഹിദ് ഇത് നിഷേധിച്ചു.
അഫ്ഗാനിസ്ഥാന് സുരക്ഷാസേനയ്ക്കും സാധാരണക്കാര്‍ക്കുമെതിരായ താലിബാന്റെ അതിക്രമങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ വര്‍ധിച്ചിട്ടുണ്ട്. രാജ്യത്തുനിന്ന് യുഎസ് സേനയുടെ പിന്മാറ്റം പൂര്ണമാകുന്നതിനിടെയാണിത്. ‘ശരിയായ ഇസ്ലാമിക നിയമങ്ങള്‍’ അടിച്ചേല്‍പ്പിക്കാനാണ് താലിബാന്റെ ശ്രമം. സംസ്കാരിക പാരമ്പര്യങ്ങളും മതപരമായ നിയമങ്ങളും അനുസരിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള മാര്‍ഗം ഇതുമാത്രമെന്നാണ് താലിബാന്റെ ബാലിശമായ വാദം.
താലിബാന് നിര്‍ദേശിക്കുന്ന ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ വിലക്കുണ്ട്. സ്വഭാവദൂഷ്യം ഉള്‍പ്പെടെ ആരോപിക്കപ്പെടുന്ന സ്ത്രീകളെ മൈതാനത്ത് കല്ലെറിഞ്ഞ് കൊല്ലും. രാജ്യത്തെ 223 ജില്ലകള്‍ താലിബാന്റെ അധീനതയിലായെന്ന് പറയപ്പെടുന്നു. തുടര്‍ന്നാണ് 1996-2001 കാലഘട്ടത്തില്‍ നടപ്പാക്കിയ കരിനിയമങ്ങള്‍ വീണ്ടും കൊണ്ടുവരുന്നത്. യുഎസിന്റെ നേതൃത്വത്തിലുള്ള സൈന്യമായിരുന്നു അന്ന് ഭീകരരില്‍നിന്ന് അധികാരം തിരിച്ചുപിടിച്ചത്.
സ്ത്രീകള്‍ തലമുതല്‍ കാല്‍പാദംവരെ മറയ്ക്കണമെന്നാണ് മതമൗലിക വാദികളായ താലിബാന് പറയുന്നത്. പുരുഷനൊപ്പമല്ലാതെ പുറത്തുപോകാന്‍ സ്ത്രീക്ക് അനുവാദമില്ല. പുരുഷനെ കൂട്ടാതെ സ്ത്രീകള്‍ എത്തിയാല്‍ കടയില്‍നിന്ന് സാധനങ്ങള്‍ നല്‍കരുതെന്ന് താലിബാന് പിടിച്ചെടുത്ത ചില പ്രദേശങ്ങളില്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പൊതുയിടത്തില്‍വച്ച് അടി ഉള്‍പ്പെടെ ശിക്ഷ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: