കൊല്ലം: സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി കുടുംബാരോഗ്യകേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന വാക്സിനേഷന് കേന്ദ്രങ്ങള്‍. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തനം നടത്തേണ്ട ആരോഗ്യകേന്ദ്രങ്ങളില്‍ നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് ആള്‍ക്കൂട്ടം ഉണ്ടാകുന്നത്.
കൊവിഡ് പരിശോധനയ്ക്കും കുത്തിവെപ്പിനും മറ്റു ചികിത്സതേടി വരുന്നവര്‍ക്കെല്ലാം കൂടി ആരോഗ്യകേന്ദ്രങ്ങളിലെ വരാന്തകളില്‍ തിങ്ങിനിറഞ്ഞ് പരസ്പരം കൂടിക്കുഴഞ്ഞു നില്‍ക്കേണ്ട ഗതികേടാണ്. സാമൂഹികഅകലം പാലിക്കാനാകാത്തതിനാല്‍ രോഗവ്യാപനസാധ്യത ഉണ്ടാകുമെന്ന ഭീതിയിലാണ് ജനം. വാക്സിനുകള്‍ ലഭ്യമാകുന്ന ദിവസങ്ങളിലെല്ലാം നൂറിലധികം ആളുകള്‍ കുത്തിവയ്പ്പിനായി ഈ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നു. കൂടാതെ കൊവിഡ് പരിശോധനയ്ക്കും മറ്റു ചികിത്സയ്ക്കുമായി എത്തുന്നവരുമായി ധാരാളം ആളുകള്‍ വേറെയും ആശുപത്രികളില്‍ എത്താറുണ്ട്. കൂടാതെ കൊവിഡ് പരിശോധനയും ആന്റിജന്‍ ടെസ്റ്റും എടുത്തവര്‍ക്ക് മാത്രമേ വാക്സിനേഷന് ലഭ്യമാകൂ എന്ന നിയമം കൂടി ചില പഞ്ചായത്തുകളില്‍ വന്നതോടെ തിരക്ക് വര്‍ധിക്കുകയാണ്.
ആശുപത്രികളുടെ ഉള്ളിലാകട്ടെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നിന്നുതിരിയാന്‍ ഇടമില്ല. ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കാന്‍ ആവശ്യമായ പ്രത്യേക സജ്ജീകരണവും മതിയായ സൗകര്യവും പല ആശുപത്രികളിലും ഇല്ല. ആശുപത്രികളില്‍ എത്തുന്ന മറ്റുള്ളവര്‍ കാണുംവിധം വേണം രോഗികളെ പരിശോധിക്കാന്‍. ഡോക്ടര്‍ എഴുതിനല്കുന്ന മരുന്നുകള്‍ ലഭിക്കാന്‍ വലിയ തിരക്കിന്റെ ഭാഗമായി നില്‍ക്കേണ്ട സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: