കൊട്ടാരക്കര: പൊതുവിദ്യാലയങ്ങളില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ കരാറടിസ്ഥാനത്തില്‍ രണ്ട് പതിറ്റാണ്ടായി പഠിപ്പിക്കുന്ന സ്പെഷല്‍ എഡ്യുക്കേഷന്‍ ജീവനക്കാര്‍ മതിയായ ശമ്പളമോ, സ്ഥിര നിയമനമോ ഇല്ലാതെ വലയുന്നു. സമഗ്രശിക്ഷ-കേരളം പ്രോജക്ടിനു കീഴില്‍ 2000 മുതല്‍ പ്രവര്‍ത്തിക്കുന്ന എലമെന്ററി, സെക്കന്‍ഡറി വിഭാഗങ്ങളിലുള്ളവരാണ് കൊവിഡ് കാലത്തുള്‍പ്പെടെ അതിജീവനത്തിനായി കേഴുന്നത്.
സംസ്ഥാനത്ത് 2860 സ്പെഷല്‍ എഡ്യുക്കേഷന്‍ അധ്യാപകര്‍ 5000 സ്കൂളുകളിലും ഓട്ടിസം സെന്ററുകളിലുമായി സേവനമനുഷ്ഠിക്കുന്നു. വിവിധ വിഭാഗങ്ങളിലുള്ള 1.60 ലക്ഷം കുട്ടികള്‍ക്കാണ് ഇവര്‍ വിദ്യ പകര്‍ന്നു നല്‍കുന്നത്. ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ (ബിആര്‍സി) നിന്ന് ഓരോ സ്പെഷല്‍ എഡ്യുക്കേഷന്‍ അധ്യാപകരെയും ആഴ്ചയില്‍ നാല് ദിവസങ്ങളില്‍ രണ്ടു വീതം സ്കൂളുകളില്‍ സേവനം ലഭിക്കുന്ന വിധത്തിലാണ് നിയമിച്ചിരിക്കുന്നത്. ബുധനാഴ്ചകളില്‍ ഗുരുതര ഭിന്നശേഷിക്കാരായ കുട്ടികളെ വീടുകളിലെത്തി പഠിപ്പിക്കണം. ഇത്തരത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പരിപാലിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ യാതൊരു ആനുകൂല്യങ്ങളും ഇല്ലെന്നതാണ് വാസ്തവം.
നിലവില്‍ ബിആര്‍സി അധ്യാപകരുടെ ശമ്പളം കഴിഞ്ഞ മൂന്നു വര്‍ഷമായി വര്‍ധിപ്പിച്ചിട്ടില്ല. 60 വയസില്‍ പിരിഞ്ഞു പോകേണ്ട അധ്യാപകര്‍ നിലവിലെ സാഹചര്യത്തില്‍ യാതൊരു ആനുകൂല്യവുമില്ലാതെ 56-ാമത്തെ വയസില്‍ പിരിയേണ്ട ഗതികേടിലാണ്.
ക്ഷേമനിധി, ഇഎസ്ഐ, ലീവ് സറണ്ടര്‍, മെഡിക്കല്‍ ലീവ്, യാത്രാ അലവന്‍സ് തുടങ്ങിയവ വേണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പത്ത് വര്‍ഷമായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുക, ഓരോ സ്കൂളിലും സ്പെഷല്‍ എഡ്യുക്കേറ്റര്‍ തസ്തിക സൃഷ്ടിക്കുക, അധ്യാപക നിയമനങ്ങള്‍ വേഗത്തിലാക്കുക, വേതനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: