കൊച്ചി: കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിക്ക വൈറസ് വ്യാപനത്തിന് സാധ്യതയുള്ളതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഉഷ്ണ-മിതോഷ്ണ മേഖലകളില്‍ കണ്ടുവരുന്ന ഈഡിസ് കൊതുകുകളുടെ കടിയേല്‍ക്കുന്നതിലൂടെയാണ് സിക്കയും ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പടരുന്നത്. അതിനാല്‍ തന്നെ രോഗവ്യാപന സാധ്യത കൂടുതലാണ്.
സിക്ക ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് മാരകം
സിക്ക അഞ്ചു മുതല്‍ 7 ദിവസം വരെ നീണ്ടു നില്ക്കും. ലക്ഷണങ്ങള്‍ പ്രകടമാകാന്‍ 3 മുതല്‍ 14 ദിവസം വരെയെടുക്കും. പനി, ചുവന്ന പാടുകള്‍, തലവേദന, സന്ധി വേദന, കണ്ണുകള്‍ക്ക് ചുവപ്പ് നിറം, പേശികള്‍ക്ക് വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ ഒരാഴ്ച വരെ നീളാം. മുതിര്‍ന്നവരെ ചെറിയ തോതിലേ ബാധിക്കൂ. ഗര്‍ഭിണികളിലാണ് സങ്കീര്‍ണമാകുന്നത്. കൊതുകിന്റെ കടിയിലൂടെയോ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയോ ഗര്‍ഭിണിയില്‍ വൈറസ് ബാധയുണ്ടാകാം, ഇത് ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും. രോഗബാധിതനായ ആളില്‍ നിന്ന് രക്തം സ്വീകരിച്ചാലും സിക്ക പടരാം. ഗര്‍ഭം അലസല്‍, ചാപിള്ള പിറക്കല്‍, മൈക്രോസെഫാലി പോലെയുള്ള ജനിതക വൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. കുഞ്ഞുങ്ങളുടെ തല ചെറുതാകുന്ന അവസ്ഥയാണ് മൈക്രോസെഫാലി. പ്രസവത്തോട് അടുത്തുണ്ടാകുന്ന സിക്ക കുഞ്ഞുങ്ങള്‍ക്ക് ജന്മനാലുള്ള സിക്ക സിന്‍ഡ്രോമിനും കാരണമാകും. കുഞ്ഞുങ്ങളുടെ മസ്തിഷ്കത്തിന്റെ വളര്‍ച്ചക്കുറവിനും കൈകാലുകള്‍ക്ക് വൈകല്യങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്ന് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന് ഡിപ്പാര്‍ട്ട്മെന്റിലെ ഡിവിഷന് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.മെര്ലിന് മോനി പറഞ്ഞു.
നശിപ്പിക്കുക കൊതുകുകളെ
കേരളത്തില്‍ ഇതുവരെ എഴുപതോളം സിക്ക രോഗികളാണ് ഉള്ളത്. ഇതില്‍ എട്ടുപേര്‍ സജീവരോഗികളാണ്. സിക്കക്ക് മരുന്നില്ല. വാക്സിന് വികസിപ്പിക്കുന്നതേയുള്ളു. കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കുകയാണ് പടരുന്നത് തടയാനുള്ള മികച്ച മാര്‍ഗ്ഗം. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളും വീടിനുള്ളില്‍ വെള്ളം നിറച്ചുവയ്ക്കുന്ന പാത്രങ്ങളുമെല്ലാം ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കിയാല്‍ ഈഡിസ് കൊതുകുകള്‍ പെരുകുന്നത് തടയാം.
ശ്രദ്ധിക്കേണ്ടത്
- വിശ്രമമെടുക്കണം
- ധാരാളം വെള്ളം കുടിക്കണം
- പനിയും വേദനയും കുറയ്ക്കാന്‍ അസെറ്റാമിനോഫെന്‍ പോലെയുള്ള മരുന്നുകള്‍ കഴിക്കാം
- ആസ്പിരിന്‍ പോലെയുള്ള നോണ്‍ സ്റ്റിറോയ്ഡല്‍ ആന്റി ഇന്‍ഫഌമേറ്ററി ഡ്രഗ്സ് ഒഴിവാക്കണം
- മറ്റ് അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ പുതിയ മരുന്നുകള്‍ ഉപയോഗിക്കും മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: