ചാലക്കുടി/കൊച്ചി: രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ എറണാകുളത്ത് അഞ്ചിടത്തും തൃശൂര്‍ കൊരട്ടിയില്‍ ഒരിടത്തും സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. എറണാകുളത്ത് അങ്കമാലി, അത്താണി, പച്ചാളം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം. മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശിയായ പ്രധാന പ്രതി ഒളിവിലാണ്. ചാലക്കുടി ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്.
എറണാകുളം സ്വദേശി കൊരട്ടി വഴിച്ചാലില്‍ താമസിക്കുന്ന ആളൂര്‍ വീട്ടില്‍ ഹക്കിം (32), മഞ്ചേരി വള്ളിക്കപെറ്റ വീട്ടില്‍ റിഷാദ് (28), അങ്കമാലി ചമ്പന്നൂര്‍ പറോക്കാരന്‍ നിധിന് (32) എന്നിവരെയാണ് കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുണും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. ആദ്യം പിടിയിലായ ഹക്കിമിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളെ പിടികൂടിയത്.
ദേശീയപാതയോരത്ത് സ്വിച്ചുകള്‍ വില്‍ക്കുന്ന ഫോണിക്സ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. അന്താരാഷ്ട്ര കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റാന്‍ സാധിക്കുന്ന ഏകദേശം ഒന്നര ലക്ഷം രൂപ വിലവരുന്ന 14 വിഒഐപിജിഎസ്എം ഗേറ്റ് സംവിധാനം, സിം കാര്‍ഡില്‍ നിന്നുള്ള സന്ദേശം ഒന്നിലധികം സിം ആയി ബന്ധിപ്പിക്കാന്‍ കഴിയുന്ന വൈഫൈ റൗട്ടറുകള്‍ 11 എണ്ണം, ബിഎസ്എന്‍എല്‍, ജിയോ, എയര്‍ടെല്‍, വിഐ തുടങ്ങിയ കമ്പനികളുടെ നൂറുകണക്കിന് സിമ്മുകള്‍, കേബിളുകള്‍, മറ്റു അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ പോലീസ് പിടിച്ചെടുത്തു.
ഓഫീസില്‍ നിന്ന് പിടികൂടിയ കമ്പ്യൂട്ടറുകളും സിസിടിവി ദൃശ്യങ്ങളും കൂടുതല്‍ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. കഴിഞ്ഞ് രണ്ട് വര്‍ഷത്തോളമായി ഇത്തരത്തില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൊരട്ടിക്ക് പുറമെ അങ്കമാലി, പെരുമ്പാവൂര്‍, പാതാളം, കളമശേരി, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലും ഇതുപോലുള്ള ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നതായും പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ആരാണ് ഫോണ്‍ വിളികളുടെ ഉപഭോക്താക്കളെന്ന് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. കള്ളക്കടത്ത് സംഘങ്ങള്‍ ഇതുമറയാക്കി ആശയവിനിമയം നടത്തിയിരുന്നോയെന്ന സംശയത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത് വിദേശ രാജ്യങ്ങളില്‍ നിന്നാണ്. പരസ്പരം ബന്ധിപ്പിക്കുകയാണ് അറസ്റ്റിലായ മൂന്നു പേരുടെയും ജോലി. പിടിയിലായവരെ ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കും.
എസ്ഐമാരായ സി.കെ. സുരേഷ്, എം.എസ്. പ്രദീപ്, ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ വിങ്ങ് എസ്ഐ ജോബി ജെ. ശങ്കുരിക്കല്‍, സ്പെഷല്‍ ബ്രാഞ്ച് എഎസ്ഐ മരുകേഷ് കടവത്ത്, സീനിയര്‍ സിപിഒമാരായ വി.ആര്. രഞ്ജിത്ത്, കെ.എം. സതീഷ്, ജിബിന്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: