ഹൈദ്രബാദ്: ജനങ്ങളുമായി ബന്ധപ്പെടാനുള്ള മികച്ച മാധ്യമമായതിനാല്‍ അധ്യാപനത്തിലുമുള്ള താല്പര്യം നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . തീര്‍ച്ചയായും എന്ന് പി നിതിന്‍ രാജ് ഐപിഎസ്. ഒപ്പം താല്പര്യ വിഷയമായ ഫോട്ടോഗ്രാഫിയേയും . കൈവിടരുതെന്നും മോദിയുടെ നിര്‍ദ്ദേശം. സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ദേശീയ പോലീസ് അക്കാദമിയിലെ ഐപിഎസ് പ്രൊബേഷണര്‍മാരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ള നിതിന്‍ രാജിന്റെ താല്പര്യ വിഷയങ്ങള്‍ അറിഞ്ഞ് സംവദിച്ചത്.
ഔദ്യോഗിക ചട്ടക്കൂടുകള്‍ മറികടന്ന് പുതുതലമുറ പൊലീസ് ഓഫീസര്‍മാരുടെ അഭിവാഞ്ഛകളും സ്വപ്നങ്ങളുമൊക്കെ പ്രധാനമന്ത്രി ആരാഞ്ഞു. ഓഫീസര്‍ ട്രെയിനികളുമായുള്ള ആശയവിനിമയം നൈസര്‍ഗികമായിരുന്നു
”ഞാന്‍ പലതവണ കേരളത്തിലെത്തിയിട്ടു ണ്ട്. അവിടുത്തെ ഭംഗി എനിക്കറിയാം. നിഥിന് കേരളത്തിന്റെ ഏതു ഭാഗത്തെ ചിത്രം എടുക്കാനാണ് ഏറെ ഇഷ്ടം’ നിതിന്‍ രാജിനോട് നരേന്ദ്രമോദി ചോദിച്ചു.
‘ കേരളത്തിന്റെ വടക്കന്‍ ജില്ലയായ കാസര്‍കോടുകാരനാണ് ഞാന്‍. ബേക്കല്‍ ഫോര്‍ട്ട് ഉള്‍പ്പെടെ വടക്കന്‍ മേഖലയിലെ ചിത്രങ്ങളെടുക്കാന്‍ ഇഷ്ടമാണ്’ നിതിന്‍ പറഞ്ഞു. നിതിന്‍ രാജിന് സ്വന്തം നാട്ടിലേക്കു തന്നെയാണ് നിയമനം കിട്ടിയിരിക്കുന്നത്.
കേരള കേഡറില്‍ നിയമിതനായ, ഹരിയാനയില്‍ നിന്നുള്ള ഐഐടി റൂര്‍ക്കിയില്‍ നിന്നു വിജയിച്ച അനൂജ് പാലീവാളിനോടു സംസാരിച്ചപ്പോള്‍, പരസ്പരവിരുദ്ധമെന്ന് തോന്നുന്നതും എന്നാല്‍ ഉദ്യോഗസ്ഥനു തികച്ചും ഉപയോഗപ്രദവുമായ തെരഞ്ഞെടുക്കലുകളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. കുറ്റാന്വേഷണത്തിലെ ജൈവസാങ്കേതിക പശ്ചാത്തലം ഉപകാരപ്പെടുത്തുന്നതിനെക്കുറിച്ചും, സിവില്‍ സര്‍വീസ് പരീക്ഷയില്‍ തന്റെ ഐച്ഛിക വിഷയമായ സോഷ്യോളജി, ഔദ്യോഗിക ജീവിതത്തില്‍ ഏതു തരത്തില്‍ ഉപകാരപ്പെടുമെന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥന് പ്രധാനമന്ത്രിയോടു പറഞ്ഞു. പാലീവാളിന്റെ ഹോബിയായ സംഗീതം വിരസമായ പൊലീസ് ജോലിക്കിടെ ഉപയോഗപ്പെടില്ലായിരിക്കുമെങ്കിലും, അത് അദ്ദേഹത്തെ സഹായിക്കുകയും മികച്ച ഉദ്യോഗസ്ഥനാക്കുകയും സേവനം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രതന്ത്രം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവയില്‍ നിയമബിരുദമുള്ള വ്യക്തിയും നീന്തല്‍ വിദഗ്ധനുമായ രോഹന് ജഗദീഷുമായി പൊലീസ് സേവനത്തില്‍ കായികക്ഷമതയുടെ പ്രാധാന്യം പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. ജഗദീഷ് ഐപിഎസ് ഓഫീസറായി പോകുന്ന കര്‍ണാടകത്തില്‍ സംസ്ഥാന സേവനത്തിലുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അതിനാല്‍ തന്നെ പരിശീലനത്തില്‍ വര്‍ഷങ്ങളായി വന്ന മാറ്റങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു.
മഹാരാഷ്ട്രയില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയറായ ഗൗരവ് രാംപ്രവേഷ് റായിക്ക് അനുവദിച്ചത് ഛത്തീസ്ഗഢ് കേഡറാണ്. ചെസ്സ് കളിക്കുകയെന്ന തന്റെ വിനോദത്തെക്കുറിച്ച് രാംപ്രവേഷ് റായിയുമായി സംസാരിച്ച പ്രധാനമന്ത്രി പ്രവര്‍ത്തനപഥത്തില്‍ തന്ത്രങ്ങള്‍ മെനയാന്‍ ഈ കളി എങ്ങനെ സഹായിക്കുമെന്ന് ചര്‍ച്ച ചെയ്തു. മേഖലയിലെ ഇടതുപക്ഷ തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍, ഈ പ്രദേശത്തിന് സവിശേഷമായ വെല്ലുവിളികളുണ്ടെന്നും ഗോത്രമേഖലകളില്‍ വികസനത്തിനും സാമൂഹിക ബന്ധത്തിനും ഊന്നല്‍ നല്‍കേണ്ടത് ക്രമസമാധാനത്തിനൊപ്പം ആവശ്യമുള്ള ഘടകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളെ അക്രമത്തിന്റെ പാതയില്‍ നിന്ന് അകറ്റുന്നതില്‍ അദ്ദേഹത്തെപ്പോലുള്ള യുവ ഉദ്യോഗസ്ഥര്‍ വലിയ സംഭാവനയേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാം മാവോയിസ്റ്റ് ആക്രമണങ്ങളെ നിയന്ത്രിക്കുകയാണെന്നും ഗോത്രമേഖലകളില്‍ വികസനത്തിന്റെയും വിശ്വാസത്തിന്റെയും പുതിയ പാലങ്ങള്‍ തീര്‍ക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു.
രാജസ്ഥാന് കേഡര്‍ ഓഫീസറായ ഹരിയാനയില്‍ നിന്നുള്ള രഞ്ജീത ശര്‍മ്മയോട് പരിശീലനത്തില്‍ നിന്നുണ്ടായ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. മികച്ച പ്രൊബേഷണറെന്ന ബഹുമതി അവര്‍ക്കു ലഭിച്ചിരുന്നു. പഠനവിഷയമായ മാസ് കമ്യൂണിക്കേഷന്‍ ജോലിയില്‍ എപ്രകാരം ഉപയോഗപ്പെടുത്തുമെന്നതിനെക്കുറിച്ചും സംസാരിച്ചു. പെണ്മക്കളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ ഹരിയാനയിലും രാജസ്ഥാനിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ മോദി ചൂണ്ടിക്കാട്ടി. നിയമനം ലഭിക്കുന്ന സ്ഥലത്തെ പെണ്‍കുട്ടികള്‍ക്ക് അവരുടെ എല്ലാ കഴിവുകളും വെളിച്ചത്തു കൊണ്ടുവരാന്‍ അവരോട് ഇടപഴകാനും പ്രചോദിപ്പിക്കാനും ആഴ്ചയില്‍ ഒരു മണിക്കൂര്‍ മാറ്റിവയ്ക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
കേരളത്തില്‍ നിന്നുള്ള പി നിതിന്‍ രാജിന് സ്വന്തം നാട്ടിലേക്കു തന്നെയാണ് നിയമനം അനുവദിച്ചത്. ജനങ്ങളുമായി ബന്ധപ്പെടാനുള്ള മികച്ച മാധ്യമമായതിനാല്‍ ഫോട്ടോഗ്രാഫിയിലും അധ്യാപനത്തിലുമുള്ള അദ്ദേഹത്തിന്റെ താല്പര്യം നിലനിര്‍ത്തണമെന്ന് നരേന്ദ്രമോദി നിര്‍ദേശിച്ചു.
പഞ്ചാബില്‍ നിന്നുള്ള ദന്തഡോക്ടറായ നവജ്യോത് സിമിക്ക് ബിഹാര്‍ കേഡറാണ് അനുവദിച്ചത്. സേനയിലെ വനിതാ ഓഫീസര്‍മാരുടെ സാന്നിധ്യം സേവനത്തില്‍ മികച്ച പുരോഗതി സൃഷ്ടിക്കുമെന്നും, ഭയമേതുമില്ലാതെ കരുണയോടും സംവേദനക്ഷമതയോടും കര്‍ത്തവ്യം നിര്‍വഹിക്കണമെന്നും ഗുരുവിനെ ഉദ്ധരിച്ച് പ്രധാനമന്ത്രി നിര്‍ദേശിച്ചു. കൂടുതല്‍ പെണ്മക്കളെ സേവനത്തില്‍ ഉള്‍പ്പെടുത്തുന്നത് അതിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രയില്‍ നിന്നുള്ള കൊമ്മി പ്രതാപ് ശിവ്കിഷോറിന് സ്വന്തം നാട്ടിലാണ് നിയമനം. ഐഐടി ഖഡഗ്പൂരില്‍ നിന്ന് എം ടെക് എടുത്ത വ്യക്തിയാണ് അദ്ദേഹം. സാമ്പത്തിക തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. വിവരസാങ്കേതികവിദ്യയുടെ സമഗ്രമായ സാധ്യതകളെക്കുറിച്ച് നരേന്ദ്രമോദി ഊന്നിപ്പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളുടെ ലോകത്തിലെ സംഭവവികാസങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഡിജിറ്റല്‍ അവബോധം മെച്ചപ്പെടുത്തുന്നതിന് അവരുടെ നിര്‍ദ്ദേശമയയ്ക്കാനും യുവ ഉദ്യോഗസ്ഥരോട് നരേന്ദ്രമോദി ആവശ്യപ്പെട്ടു.
മാലിദ്വീപില്‍ നിന്നുള്ള ഓഫീസര്‍ ട്രെയിനിയായ മുഹമ്മദ് നസീമുമായും മോദി സംവദിച്ചു. പ്രകൃതിയെ സ്നേഹിക്കുന്ന മാലിദ്വീപിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മാലിദ്വീപ് അയല്ക്കാരന് മാത്രമല്ല നല്ല സുഹൃത്ത് കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. അവിടെ പോലീസ് അക്കാദമി സ്ഥാപിക്കാന്‍ ഇന്ത്യ സഹായിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമൂഹികവും വ്യാപാരപരവുമായ ബന്ധങ്ങളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: