എം. ശ്രീഹര്ഷന്
അങ്ങനെ സംസാരിച്ച് നടന്നുകൊണ്ടിരിക്കെയാണ് ക്ഷേത്രവളപ്പില്‍ ഒരാള്‍ക്കൂട്ടം കണ്ടത്. മഹാകാല്‍ ക്ഷേത്രം. ഡാര്‍ജിലിങ്ങിലെ പ്രസിദ്ധമായ മാള്‍റോഡില്‍നിന്ന് ഏതാണ്ട് നൂറു മീറ്റര്‍ അരികെ. ഉയരത്തില്‍.
1765 ല്‍ ലാമ ഡോര്‍ജി റിന്‍സിങ് പണികഴിപ്പിച്ച ‘ഡോര്‍ജെലിങ്’ എന്ന ബുദ്ധവിഹാരം സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ഇപ്പോള്‍ മഹാകാല്‍ ക്ഷേത്രമുള്ളത്. അതിനുമുന്‍പ് ആദിവാസികളായ ലെപ്ചാ ജനതയുടെ പുണ്യസ്ഥലമായിരുന്നു അവിടം. ബുദ്ധവിഹാരത്തില്‍ ലെപ്ചാകളും ഭൂട്ടിയാകളും ഒരുമിച്ച് ആരാധന നടത്തി. 1788 ല്‍ ഗൂര്‍ഖാ സൈന്യത്തിന്റെ ആക്രമണത്തില്‍ ഈ മഠം നശിപ്പിക്കപ്പെട്ടത്രേ. കാലക്രമേണ ഈ പുണ്യസ്ഥലം നേപ്പാളി ഹിന്ദുസമൂഹത്തിന്റെ കൈയിലായി. ബ്രഹ്മാവ്, വിഷ്ണു, ശിവന് എന്നിവരുടെ മൂന്ന് ജ്യോതിര്‍ലിംഗങ്ങള്‍ അവിടെ പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം. അങ്ങനെ പണികഴിപ്പിക്കപ്പെട്ട ശിവക്ഷേത്രമാണ് മഹാകാല്‍.
ഡോര്‍ജെ, ലിങ് തിബത്തന്‍ പദങ്ങളാണ്. ഡോര്‍ജെ എന്നാല്‍ ഇടിമുഴക്കം. ലിങ് എന്നാല്‍ സ്ഥലം. ലാമായിസത്തിലെ ‘ആധ്യാത്മിക ഇടിമുഴക്കമാണ്’ ഡോര്‍ജെ. ഡോര്‍ജെയുടെ സ്ഥാനം ഡോര്‍ജെലിങ്. സായിപ്പന്മാര്‍ക്കത് ഡാര്‍ജിലിങ് ആയി. പക്ഷേ പദശാസ്ത്രപരമായ സൂചനയില്‍ ഡാര്‍ജിലിങ് എന്നത് ‘താജെങ്ലംഗ’ ആണ്. ‘യക്തുങ് ലിംബു’ പദാവലി അനുസരിച്ച് ‘പരസ്പരം സംസാരിക്കുന്ന കല്ലുകള്‍’ എന്നാണത്രേ അതിനര്‍ഥം.
പര്‍വതനഗരം. ‘ഗിരിസങ്കേതങ്ങളുടെ റാണി’ (Queen of Hill Resorts). ഹിമാലയത്തിലെ ശിവാലിക് മലനിരകളില്‍. സമുദ്രനിരപ്പില്‍ നിന്ന് 2134 മീറ്റര്‍ (6,982 അടി) ഉയരം. പശ്ചിമബംഗാളിന്റെ വടക്കന്‍ ജില്ല.
ഹിമാലയനിരകളിലെ ‘ഘും’ (Ghum) എന്ന സ്ഥലത്തിന്റെ തെക്കുഭാഗത്ത് നിന്നാണ് തുടക്കം. ഇംഗ്ലീഷ് അക്ഷരമായിലെ Y ആകൃതിയില്‍. മുകളറ്റങ്ങള്‍ വടക്കോട്ടുയര്ന്നു നില്ക്കുന്നു. വടക്ക് കിഴക്കറ്റം ചെങ്കുത്തായി താഴ്ന്ന് ലെബോങ് ചുരത്തിലാണ് അവസാനിക്കുന്നത്. വടക്ക് പടിഞ്ഞാററ്റം ടുക്വേര് ചായത്തോട്ടത്തിന് അടുത്തുള്ള താഴ്വരയിലും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ആദിവാസികളായ ലെപ്ചാ വംശജരുടെ നാട്. നേപ്പാളിലെയും സിക്കിമിലെയും രാജവംശങ്ങളുടെ മാറി മാറിയുള്ള ഭരണം. 1828ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇവിടം പട്ടാളക്കാരുടെ സുഖവാസകേന്ദ്രമാക്കി മാറ്റി. 1835ല്‍ സിക്കിമിലെ ചോഗ്യാലില്നിന്നും അവര്‍ ഡാര്‍ജിലിങ്ങിനെ പാട്ടത്തിനെടുത്തു. സിക്കിമും കമ്പനിയും തമ്മില്‍ തര്‍ക്കങ്ങള്‍ രൂപപ്പെട്ടതോടെ 1849ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു.
പഴമയും പുതുമയും കൂടിക്കലര്‍ന്ന നഗരം. ബ്രിട്ടീഷുകാര്‍ ആദ്യം ഇവിടെ സാനിട്ടോറിയങ്ങളും മിലട്ടറി ഡിപ്പോകളുമാണ് സ്ഥാപി
ച്ചത്. പിന്നീട് തേയിലത്തോട്ടങ്ങള്‍. ഡാര്‍ജിലിങ് ടീ. ലോകത്തിലെ ഏറ്റവും ജനപ്രിയമായ തേയില. ഇതെല്ലാമായി ബന്ധപ്പെട്ട തൊഴിലാളികളും തദ്ദേശീയരും കൂടിക്കലര്‍ന്ന ജനസമൂഹം. തുടര്‍ന്ന് ബ്രിട്ടീഷ് രീതിയിലുള്ള നിരവധി പബ്ലിക് സ്കൂളുകള്‍ സ്ഥാപിതമായി. കുറേക്കഴിഞ്ഞപ്പോള്‍ ഇവിടം സുഖവാസകേന്ദ്രമായും വിനോദസഞ്ചാരകേന്ദ്രമായും വളര്‍ന്നു. ഹോട്ടലുകളും റിസോര്‍ട്ടുകളും റോഡുകളും തെരുവുകളും വീടുകളും നിറഞ്ഞു. അതിനെല്ലാമനുസരിച്ച് ജനസമൂഹവും വികസിച്ചുകൊണ്ടേയിരിക്കുന്നു.
ഡാര്‍ജിലിങ്ങിലെ പ്രധാന പര്‍ച്ചേസിങ് മേഖലയാണ് മാള്‍റോഡ്. ചൗരസ്ത മാള്‍ റോഡ്. ചൗരസ്ത- നാലുറോഡുകള്‍ സന്ധിക്കുന്ന കവല. ഡാര്‍ജിലിങ് നഗരത്തിന്റെ ഹൃദയഭാഗം. ചത്വരത്തിനു നടുവില്‍ നേപ്പാളി കവി ഭാനുഭക്ത ആചാര്യയുടെ സ്വര്‍ണവര്‍ണത്തിലുള്ള വലിയ കോണ്‍ക്രീറ്റ് പ്രതിമ. സന്ദര്‍ശകരെ അഭിവീക്ഷണം ചെയ്തുകൊണ്ട്. പിറകില്‍ ഒരു ഓപ്പണ്‍ സ്റ്റേജ്. അതിനു പിന്നില്‍ കാണികള്‍ക്ക് നിരന്നിരിക്കാനുള്ള പടവുകള്‍. പടവുകള്ക്കു മീതെ വലതുഭാഗത്തായി വലിയൊരു സ്ക്രീനും. വിശാലമായ ചത്വരത്തില്‍ അവിടവിടെയായി ഇരിപ്പിടങ്ങള്‍. നഗരത്തിന്റെ ധമനികളായ നെഹ്റു റോഡും ഡോ. സാക്കിര്‍ ഹുസൈന് റോഡും ചൗരസ്തയില്‍ സംഗമിക്കുന്നു.
തട്ടുതട്ടായി ചുറ്റിയും തിരിഞ്ഞും അനവധി തെരുവുകള്‍. ഒന്നില്നിന്നിറങ്ങി മറ്റൊന്നില്‍ കയറാം. അവിടെനിന്ന് തിരിഞ്ഞ് അപ്പുറമെത്താം. താഴോട്ട് പിരിഞ്ഞിറങ്ങുന്നവ. മേലോട്ട് ചുറ്റിക്കയറുന്നവ. നടുവില്‍ പഴയ ഒരു ക്ലോക് ടവര്‍. നല്ല മനോഹരമായ ടൈല്‍സ് പതിച്ച വീതി കുറഞ്ഞ റോഡുകള്‍. ചെറുവാഹനങ്ങള്‍ നിരയായി കടന്നുപോവുന്നുണ്ട്. റോഡരുകില്‍ അവിടവിടെയായി തലയുയര്‍ത്തി നില്ക്കുന്ന പൈന്മരങ്ങള്. ഇരുവശവും ഒറ്റനിലയോ ഇരട്ടനിലയോ കെട്ടിടങ്ങള്‍. ചിലപ്പോള്‍ മൂന്നുനില. അപൂര്‍വമായി നാലുനില. ബഹുനില മന്ദിരങ്ങള്‍ ഈ ഭൂപ്രകൃതിക്ക് താങ്ങാനാവില്ല.
ശരിയായ ഒരു പര്‍ച്ചേസിങ് പറുദീസ. രാവിലെ ഒമ്പതു മണി മുതല്‍ രാത്രി എട്ടുമണി വരെ തുറന്നുവച്ച ഒരു തേനീച്ചക്കൂട്. നാട്ടുകാരും സഞ്ചാരികളും വന്നുപൊതിയും. ചെറിയ സ്റ്റോറുകള്‍ മുതല്‍ എംപോറിയങ്ങള്‍ വരെ. തെരുവ് കടകള്‍ മുതല്‍ ബ്രാന്റഡ് ഔട്ട്ലെറ്റുകള് വരെ. ടീ സ്റ്റാളുകള്‍ മുതല്‍ വലിയ റെസ്റ്ററന്റുകള്‍ വരെ. പുസ്തകശാലകള്‍, ആര്‍ട്ട് ഗാലറികള്‍. സവിശേഷമായ കമ്പിളി ഇനങ്ങള്‍, ജാക്കറ്റുകള്‍, ഷാളുകള്‍, സ്വെറ്ററുകള്‍ എന്നീ തണുപ്പുവസ്ത്രങ്ങള്‍. പ്രാദേശികമായ പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും ഉപകരണങ്ങളും. കരകൗശല വസ്തുക്കള്‍, ടിബറ്റന്‍ മാസ്കുകള്‍, പരവതാനികള്‍, സൗന്ദര്യവസ്തുക്കള്‍, സ്റ്റേഷനറികള്‍, ക്രോക്കറി ഉല്‍പ്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, അങ്ങനെ അങ്ങനെ. എല്ലാം കിട്ടും. വിലപേശലുകാരുടെ ഭാഗ്യവീഥി.
നാട്ടുകാര്‍ കുടുംബസമേതം ചുറ്റിക്കറങ്ങുന്നുണ്ട്. ചിലര്‍ വ്യായാമം ചെയ്യുന്നു. കുതിരസവാരിക്കാര്‍. അലഞ്ഞു നടക്കുന്ന ടൂറിസ്റ്റുകള്‍. ലൂപ്പ് ഓടിക്കുന്ന ജോഗര്‍മാര്‍. മാളില്‍ നിന്ന് ആരംഭിക്കുന്ന ലൂപ്പ് ഒബ്സര്‍വേറ്ററി ഹില്ലിനെച്ചുറ്റി മാളിലേക്ക് തന്നെ മടങ്ങുന്നു.
അഞ്ചുമണിയോടെ ഡാര്‍ജിലിങ്ങില്‍ ഇരുട്ടു പരക്കും. വൈദ്യുത പ്രഭയില്‍ ഉത്സവപ്പറമ്പിന്റെ പ്രതീതിയാണ് പിന്നീടവിടം. നല്ല തിരക്കും ഭംഗിയും. സന്ധ്യയില്‍ മാള്‍റോഡിലൂടെ ചുറ്റിക്കറങ്ങുക സന്ദര്‍ശകര്‍ക്ക് സുഖദമായ അനുഭവമാണ്. അതുമിതുമൊക്കെ വാങ്ങാം. രുചിയേറിയതെന്തെങ്കിലും വാങ്ങിക്കഴിക്കാം. സൊറപറഞ്ഞ് നടക്കാം. അവിടവിടെയായി ഓരം പറ്റി സ്ഥാപിച്ചിട്ടുള്ള ചാരുബഞ്ചുകളിലിരുന്ന് ഒഴുകുന്ന തെരുവ് വീക്ഷിക്കാം. അപ്പുറത്ത് പ്രസിദ്ധമായ ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍പ്പാത. ദൂരക്കാഴ്ചയില്‍ നിലാവില്ത്തെളിയുന്ന കാഞ്ചന്‍ജംഗ കൊടുമുടി. ഒരു സ്വപ്
നസഞ്ചാരത്തിന്റെ അനുഭൂതിയില്‍ ആ തെരുവിലൂടെ തലങ്ങും വിലങ്ങും അലഞ്ഞു.
മാള്‍ റോഡില്‍നിന്ന് മഹാകാല്‍ ക്ഷേത്രത്തിലേക്ക് ചുറ്റിക്കയറിപ്പോകുന്ന വീതി കുറഞ്ഞ വഴിയാണുള്ളത്. നടന്നു കയറുകയായിരുന്നു ഞങ്ങള്‍. കൂടെയുള്ളത് യാത്രക്കിടയില്‍ പരിചയപ്പെട്ട സുഹൃത്ത്.
കോഴിക്കോട്ടുനിന്ന് വണ്ടി കയറുമ്പോള്‍ എന്റെ കമ്പാര്‍ട്ട്മെന്റില്‍ കൂടെക്കയറിയത് സുമുഖനായ ഒരു ചെറുപ്പക്കാരനാണ്. ഒരു ഉത്തരേന്ത്യന്‍ മുഖം. എക്സിക്യുട്ടീവ് പരിവേഷം. നന്നായി ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്നു. എനിക്കഭിമുഖമായ ബര്ത്തിലാണയാള്. കൊല്‍ക്കത്തയ്ക്ക് പോകുന്ന മലയാളികളായ കന്യാസ്ത്രീകളാണ് മറ്റു ബര്‍ത്തുകളില്‍. എല്ലാരും പരസ്പരം പേരു പറഞ്ഞ് പരിചയപ്പെട്ടു. കൂടെക്കയറിയ ചെറുപ്പക്കാരന് സഹയാത്രികരോട് വിരളമായി മാത്രമേ സംസാരിക്കുന്നുള്ളൂ. എന്തെങ്കിലും ചോദിച്ചാല്‍ ഗൗരവത്തില്‍ ഒന്നോ രണ്ടോ വാക്കില്‍ മറുപടി. നല്ല ഇംഗ്ലീഷില്‍. പതിഞ്ഞ ശബ്ദത്തില്‍. ഇത്തിരി ജാഡയോടെ.
വണ്ടി പാലക്കാട് സ്റ്റേഷനില്‍ എത്തി. രാത്രി ഭക്ഷണം കഴിച്ച് എല്ലാരും കിടക്കാനുള്ള ഒരുക്കത്തിലാണ്. സഹയാത്രികന് വിരിവിരിച്ചുവച്ച് ബാത്ത്റൂമിലേക്ക് പോയി. ഞാന്‍ ശയ്യാവലംബിയായി. രണ്ടു മിനിട്ട് കഴിഞ്ഞു കാണണം. ഒരാള്‍ പെട്ടിഭാണ്ഡങ്ങളുമായി വന്നു. ആജാനുബാഹുവായ ഒരു അരോഗദൃഢഗാത്രന്‍. എതിര്‍വശത്തെ ബര്‍ത്തില്‍നിന്ന് അയാള്‍ ബാഗുസാമാനങ്ങള്‍ വലിച്ച് താഴെയിട്ട് തന്റെ വിരി എടുത്ത് വിരിക്കുന്നു. ഇത് കണ്ടുകൊണ്ടാണ് ബാത്ത്റൂമില്പ്പോയയാള് തിരിച്ചുവന്നത്. രണ്ടുപേരും തമ്മില്‍ വഴക്കായി. ഹിന്ദിയിലും ഇംഗ്ലീഷിലും പൊരിഞ്ഞ വാഗ്യുദ്ധം. പുതുതായി വന്നയാള്‍ മേഴത്തൂരുകാരനായ ഒരു പട്ടാളക്കാരന്. രണ്ടുപേരും ടിക്കറ്റെടുത്ത് കാണിച്ച് ബര്‍ത്തിന് അവകാശവാദം ഉന്നയിക്കുന്നു. കേട്ടുനിന്ന ഞാന്‍ ഇടപെട്ട് പട്ടാളക്കാരനോട് പറഞ്ഞു:
”സുഹൃത്തേ, ഞങ്ങള്‍ കോഴിക്കോട്ടുനിന്ന് കയറിയതാണ്. ടി.ടിആര്‍ വന്ന് ഞങ്ങളുടെ ടിക്കറ്റ് പരിശോധിച്ച് ശരിവച്ചതുമാണ്. താങ്കള്‍ക്ക് തെറ്റിയതാവും.”
പട്ടാളക്കാരന് അയാളുടെ ടിക്കറ്റ് എന്നെക്കാണിച്ചു. ആര്‍എസി യായിരുന്നു. ഷോര്ണൂരു നിന്നാണ് കയറിയത്. പാലക്കാട്ടെത്തിയപ്പോള്‍ ടിടിആര്‍ അയാള്‍ക്ക് ഇതേ ബര്‍ത്ത് അനുവദിച്ച് എഴുതിക്കൊടുത്തിരിക്കുന്നു. അയാളുടെ ഭാഗം ശരിയാണ്. ഞാന്‍ പറഞ്ഞു:
”ഒരു പക്ഷേ നിങ്ങള്ക്കെഴുതിത്തന്നപ്പോള് തെറ്റിയതാവാം. ഏതായാലും നിങ്ങള്‍ രണ്ടുപേരും വഴക്കിടാതെ ടിടി.ആറിനെ ചെന്നു കണ്ട് ആശയക്കുഴപ്പം തീര്‍ക്കൂ.”
”ഇങ്ങളങ്ങനെ പറഞ്ഞ് മനസ്സിലാക്കിക്കൊട്ക്കീം മാഷെ. എന്തേര്ത്താണ് ഇയ്യാള് വേണ്ടാണ്ട് ഒച്ചേണ്ടാക്ക്ന്നേ. വെറ്തെ ഊയ്യാരം പാറ്റ്ാ. പറഞ്ഞാ തിരിയണ്ടേ. ന്തേയ്.”
ഞാന്‍ തിരിഞ്ഞും മറിഞ്ഞും നോക്കി. മറ്റാരുമല്ല, പറയുന്നത് അയാള്‍തന്നെ. എന്റെ സഹയാത്രികന്!! ഒരു നിമിഷം എന്റെ വായ തുറന്നുപിടിച്ചതുപോലെയായി. അന്തംവിട്ട് കുന്തം വിഴുങ്ങിയ മാതിരി! അതുവരെ ഹിന്ദിയോ ഇംഗ്ലീഷോ അല്ലാതെ ഒരക്ഷരം ഉച്ചരിച്ചിട്ടില്ലാത്തയാള്! ഈശ്വരാ, ഇതാ തനി കോഴിക്കോടന്ഭാഷ പറയുന്നു.
രണ്ടുപേരും ടിടിആറിനെ കണ്ട് പ്രശ്നം പരിഹരിച്ചു. പട്ടാളക്കാരന് വിഷണ്ണനായി തിരിച്ചുവന്ന് തന്റെ മാറാപ്പുകളുമായി അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് വച്ചുപിടിച്ചു. കമ്പാര്‍ട്ട്മെന്റ് എഴുതിയപ്പോള്‍ ടിടിആറിന് തെറ്റിയതാണ്.
എന്റെ അന്താളിപ്പ് മാറിയിട്ടില്ല. ഞാന്‍ വാപൊളിച്ച അതേ നില്‍പ്പില്‍ത്തന്നെ. പഠിച്ചത് പുതിയൊരു ജീവിതസത്യം: ”സ്വന്തം കാര്യം തീവ്രമായി കടന്നുവരുമ്പോഴാണ് ഒരാളുടെ സ്വതസിദ്ധമായ തനതുഭാഷ പുറത്തുവരിക.”
സഹയാത്രികന് എന്റെ കൈപിടിച്ച് നന്ദി പറഞ്ഞു. മാര്‍വാഡിയാണ്. കോഴിക്കോട്ടാണ് ജനിച്ചതും വളര്‍ന്നതും. എട്ട് ദശാബ്ദമായി കോഴിക്കോട്ട് സ്ഥിരതാമസമായ വ്യാപാരി കുടുംബം. ഗുജറാത്തി കോളനിയിലാണ് വീട്. ദേവഗിരി കോളജിലാണ് പഠിച്ചത്. അച്ഛന് വലിയങ്ങാടിയില്‍ പലവിധ കച്ചവടങ്ങള്‍. ഇദ്ദേഹം ഒരു വലിയ വ്യാപാരസ്ഥാപനത്തിലെ ബിസ്നസ് എക്സിക്യുട്ടീവാണ്. സ്വന്തമായി അല്ലറചില്ലറ ചെറുകിട ബിസ്നസുകള്‍ വേറെയുമുണ്ട്. ഞങ്ങളുടെ ടൂര്‍പാക്കേജില്‍ ഡാര്ജിലിങ്ങിലേക്കാണ് യാത്ര. അതുവരെ ബലംപിടിച്ച് പെരുമാറിക്കൊണ്ടിരുന്ന അയാള്‍ യാത്രയില്‍ എന്റെ കൂട്ടായി മാറി. തനി കോഴിക്കോടന്‍ ഭാഷയില്‍ പരസ്പരം മിണ്ടിയും പറഞ്ഞും അങ്ങോളമിങ്ങോളം ഞങ്ങള്‍ സഹയാത്രികരായി.
അടുത്തത്: ജാത്രാനാടകം
പ്രതികരിക്കാൻ ഇവിടെ എഴുതുക: