ന്യൂദല്‍ഹി: അസം-മിസോറാം അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ ഏഴ് പേര് കൊല്ലപ്പെട്ട സംഭവത്തെ മുതലെടുക്കാനുള്ള പ്രതിപക്ഷനീക്കം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊളിച്ചു. ഇരു സംസ്ഥാനങ്ങളെയും സേനയെ അതിര്‍ത്തിയില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇത് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ സമ്മതിച്ചു. അധികം വൈകാതെ തര്‍ക്കപ്രദേശങ്ങളില്‍ സേനയെ വിന്യസിച്ചു. തല്ക്കാലം സ്ഥിതിശാന്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുകയായിരുന്നു അമിത് ഷായുടെ ഈ നീക്കത്തിന് പിന്നില്‍.
അതിനിടെ അതിര്‍ത്തിപ്രശ്നം മൂതലെടുക്കാന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രമം നടത്തിയിരുന്നു. കോണ്‍ഗ്രസ് രാജ്യസഭാ എംപി റിപുണ്‍ ബോറ അടിയന്തരമായി സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ അമിത് ഷായോട് ആവശ്യപ്പെട്ട് പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപി ഡെറക് ഒബ്രയാനും ഈ വിഷയത്തില്‍ അമിത് ഷായെ കുറ്റപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു.
എന്നാല്‍ ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ധാരണയുണ്ടാക്കുന്നതില്‍ അമിത് ഷാ വിജയിച്ചു. ഇത് മൂലം കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമായി. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ഡിജിപിമാരും ഉള്‍പ്പെടെ അസം, മിസോറാം സീനിയര്‍ ഉദ്യോഗസ്ഥരുടെ യോഗം ബുധനാഴ്ച വിളിച്ചു ചേര്‍ത്തു. ഇരും സംസ്ഥാനങ്ങളും തങ്ങളുടെ സേനകളെ പിന്‍വലിച്ച് പൊതുസമാധാനം സൃഷ്ടിക്കാന്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിപ്പിക്കാന്‍ സമ്മതിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിലായിരുന്നു യോഗം. അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ, അസം ഡിജിപി ഭാസ്കര്‍ ജ്യോതി മഹന്ത, മിസോറാം ചീഫ് സെക്രട്ടറി ലാല്‍നുന്‍മാവിയ ചുവാവുംഗോ, മിസോറാം ഡിജിപി എസ്ബികെ സിംഗ് എന്നിവരും പങ്കെടുത്തു.
‘ദേശീയ പാത 306നോട് ചേര്‍ന്നുള്ള ഇരു സംസ്ഥാനങ്ങളിലെയും തര്‍ക്കപ്രദേശങ്ങളില്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസികപ്പിക്കാന് ഇരുസംസ്ഥാനസര്ക്കാരുകളും ധാരണയായി. ഒപ്പം ചര്‍ച്ചകളിലൂടെ ഇരു സംസ്ഥാനസര്‍ക്കാരുകളും പ്രശ്നം രമ്യമായി പരിഹരിക്കാനും തീരുമാനിച്ചു,’ യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് അസം ചീഫ് സെക്രട്ടറി പറഞ്ഞു.
അസമിലെ ലെയ്ലാപൂരിലെ ഇന്നര്‍ ലൈന്‍ റിസര്‍വ്വ് വനം നശിപ്പിച്ച് റെംഗ്ടി ബസ്തിയിലേക്ക് റോഡ് നിര്‍മ്മിച്ച മിസോറാം നടപടിയെ അസം ചോദ്യം ചെയ്തതോടെയാണ് ഇപ്പോഴത്തെ തര്‍ക്കം ഉടലെടുത്തത്. അസം റിസര്‍വ്വ് വനത്തില്‍ ഒരു സായുധപൊലീസ് ക്യാമ്പ് സ്ഥാപിക്കലായിരുന്നു മിസോറാമിന്റെ ലക്ഷ്യം. ഇതിനെ എതിര്‍ത്ത അസം ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും എതിരെ മിസോറാം ലൈറ്റ് മെഷീന് ഗണ്ണുകളും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഇതില്‍ അസമിലെ ആറ് പൊലീസുകാര്‍ കൊല്ലപ്പെടുകയും 50 സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
എന്നാല്‍ അസം പൊലീസ് കൊളാസിബ് കുറുകെക്കടന്ന് ദേശീയ പാതയില്‍ കടന്ന വാഹനങ്ങള്‍ നിശിപ്പിക്കുകയും മിസോറാം പൊലീസിന് നേരെ പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ വെടിവെപ്പ് നടത്തിയെന്നുമാണ് മിസോറാമിന്റെ പരാതി.അസം പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതിനെതുടര്‍ന്ന് അസം പൊലീസിന് നേരെ മാത്രമാണ് വെടിവെച്ചതെന്ന് മിസോറാം അവകാശപ്പെടുന്നു. അസം, മിസോറാം അതിര്‍ത്തികള്‍ കൃത്യമായി അടയാളപ്പെടുത്താത്തതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്ന് ആരോപണമുണ്ട്. അസമിന്റെ കച്ചാര്‍, മിസോറാമിന്റെ കൊളാസിബ് എന്നീ ജില്ലകള്‍ക്കിടയിലൂടെയാണ് ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തി കടന്നുപോകുന്നത്. ഇക്കാര്യത്തില്‍ ശാശ്വതപരിഹാരമുണ്ടാക്കുമെന്ന് അമിത് ഷാ ഇരുസംസ്ഥാനങ്ങള്‍ക്കും ഉറപ്പുനല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: