തിരുവനന്തപുരം : ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിഭ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപനം നടത്തിയത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 87.94 ശതമാനമാണ് ഇത്തവണത്തെ വിജയ ശതമാനം. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 328702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 48,383 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ എ പ്ലസ് നേടി. 136 സ്‌കൂളുകളില്‍ നൂറു ശതമാനം വിജയം നേടി.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിജയിച്ച ജില്ല എറണാകുളമാണ്. 91.11 ആണ് വിജയശതമാനം. ഏറ്റവും കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിലാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.02 ആണ് വിജയശതമാനം. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 87.67 ശതമാനമാണ് വിജയം.
ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 53 ശതമാനം വിജയം കരസ്ഥമാക്കി. 25293 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 80.36 ശതമാനം വിജയം നേടി. ടെക്നിക്കല്‍ സ്‌കൂളുകളില്‍ 84.39 ശതമാനവും വിജയം നേടി.
www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.kerala.gov.in. എന്നീ വെബ്സൈറ്റുകളിലും Saphalam 2022, iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനികളിലൂടെയും നാലു മണി മുതല്‍ പരീക്ഷാഫലം ലഭ്യമാണ്.
അതേസമയം പരീക്ഷാ റിസല്‍ട്ടുമായി ബന്ധപ്പെട്ട ട്രോളുകളിലൂടെ പഠിച്ചു പരീക്ഷ എഴുതിയ കുട്ടികളെ ആക്ഷേപിക്കരുതെന്ന് ശിവന്‍കുട്ടി പറഞ്ഞു. കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലുള്ള തമാശയും ട്രോളും നല്ലതല്ലെന്നും അദ്ദേഹം അറിയിച്ചു. പത്താം ക്ലാസ് ഫലം പുറത്ത് വിട്ടതിന് ശേഷം സോഷ്യല്‍ മീഡിയകളില്‍ നിരവധി ട്രോളുകള്‍ പ്രചരിച്ചിരുന്നു ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിജയ ശതമാനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് കൂട്ടിയിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ 20 ശതമാനവും, തെക്കന്‍ ജില്ലകളില്‍ 10 ശതമാനം വീതവും സീറ്റ് ഉയര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: