തൃപ്പൂണിത്തുറ: പ്രകൃതി ദൃശ്യങ്ങള്‍ കമനീയമായി പകര്‍ത്തി മിഴിവാര്‍ന്ന ദൃശ്യഭംഗി വിരിയിക്കുന്ന റെജി അബിയാസ് ഫോട്ടോഗ്രഫിയില്‍ പുതുചരിത്രം രചിക്കുകയാണ്. വൈവിധ്യമായ ചിത്രങ്ങള്‍ തന്റെ ക്യാമറക്കണ്ണിലൂടെ പ്രദര്‍ശിപ്പിക്കുന്ന മുളന്തുരുത്തി സ്വദേശിയായ റെജി അബിയാസ് തന്റെ ചിത്രങ്ങള്‍ സൗജന്യമായി പ്രദര്‍ശിപ്പിച്ച് സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുകയാണ്. 2018ലെ ആദ്യ പ്രളയകാലത്ത് താന്‍ പകര്‍ത്തിയ വൈവിധ്യമാര്‍ന്ന ചിത്രങ്ങളുടെ പ്രദര്‍ശനം ചോറ്റാനിക്കരയിലെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തി ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
എല്ലാ ഓണക്കാലത്തും ചിത്രപ്രദര്‍ശനം നടത്തുന്ന റെജി ഫോട്ടോ പ്രദര്‍ശനം സാധ്യമാകാത്ത ഈ മഹാമാരിക്കാലത്തും വ്യത്യസ്തമായ ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുമ്പില്‍ പ്രചരിപ്പിക്കുകയാണ്. 2018 ലെ പ്രളയകാലത്തെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക് മുന്പില് അവതരിപ്പിച്ച റെജി അബിയാസ് തന്റെ ചിത്രങ്ങളിലൂടെ ജനങ്ങളില്‍ വിചാര വികാരങ്ങളുടെ വേലിയേറ്റമാണ് സൃഷ്ടിച്ചത്. കൊവിഡ് കാലത്ത് ചിത്ര പ്രദര്‍ശനം നടത്താന്‍ കഴിയാത്ത സമയത്തും എഫ് ബി പേജിലൂടെ ഒരു നാടിന്റെ തരംഗമായി മാറിയ ഈ ചെറുപ്പക്കാരന് തന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കുകയാണ്.
തന്റെ കാമറയിലൂടെ സൃഷ്ടിച്ചെടുക്കുന്ന ചിത്രങ്ങളിലൂടെ ജനങ്ങളുമായി സംവദിക്കുന്ന ഈ കലാകാരന് ഫോട്ടോഗ്രഫി രംഗത്ത് ഒരു അത്ഭുതമായി മാറുകയാണ്. ഫോട്ടോഗ്രഫിയില്‍ 30 വര്‍ഷത്തോളമായ റെജി ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് തൃപ്പൂണിത്തുറ-മുളന്തുരുത്തി മേഖലയുടെ സെക്രട്ടറിയാണ്. ഒട്ടേറെ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ പങ്കെടുക്കുകയും പുരസ്ക്കാരങ്ങള്‍ ലഭിക്കുകയും ചെയ്തിതിട്ടുണ്ട്. എരുവേലിയില്‍ അബിയാസ് സ്റ്റുഡിയോ നടത്തി തന്റെ ജീവനും ജീവിതവും കണ്ടെത്തുന്ന ഈ കലാകാരന് വിശാലമായ കാമറക്കണ്ണിലൂടെ പുതിയ കാഴ്ചകളിലേയ്ക്ക് കണ്ണോടിക്കുകയാണ് ഫോട്ടോഗ്രഫി രംഗത്ത് തന്റേതായ വ്യക്തിത്വം പുലര്‍ത്താന്‍, പുതിയ മാനങ്ങള്‍ തേടാന്‍. തന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രോത്സാഹനവും പിന്തുണയുമായ ഭാര്യ സാലി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ഹെഡ് നേഴ്സാണ്. രണ്ട് മക്കള്‍ : ആര്‍ബി റെജി, അംബിയ റെജി.
രാജേഷ് സോപാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: