ടോക്കിയോ: ലോക ഒന്നാം നമ്പറായ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം തകര്‍ന്നടിഞ്ഞു. ഒളിമ്പിക്സ് മെഡല്‍ മോഹവുമായെത്തിയെ ഇന്ത്യയെ പൂള് എ യിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഓസ്ട്രേലിയ തകര്ത്തുതരിപ്പണമാക്കിയത്്. ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച മലയാളി ഗോള്‍ കീപ്പര്‍ പി.ആര്. ശ്രീജേഷിനെ കാഴ്ചക്കാരനാക്കി ഓസ്ട്രേലിയ തുടരെ തുടരെ ഗോള്‍ വര്‍ഷിച്ചു.
2019 ല്‍ ഓസ്ട്രേലിയയുടെ ഗ്രഹാം റീഡ് പരിശീലകനായി സ്ഥാനമേറ്റശേഷം ഇന്ത്യന്‍ ടീമിന്റെ വമ്പന്‍ തോല്‍വിയാണിത്. ഓസ്ട്രേലിയയ്ക്കായി ബ്ലെക്ക് ഗോവേഴ്സ് (40, 42) രണ്ട് ഗോളുകള്‍ നേടി. ഡാനിയല്‍ ബീലേ , ജോഷ്വാ ബെല്റ്റ്സ്, ആന്‍ഡ്രു ഫഌന്‍ ഒഗിലിവ്, ജെറമി ഹെവാര്‍ഡ്്, ടിം ബ്രാന്ഡ്് എന്നിവര്‍ ഓരോ ഗോള്‍ നേടി. ദീല്‍പ്രീത് സിങ്ങാണ് ഇന്ത്യയുടെ ആശ്വാസ ഗോള്‍ കുറിച്ചത്.
തുടക്കം മുതല്‍ ഓസ്ട്രേലിയയാണ് കളി നിയന്ത്രിച്ചത്. പത്താം മിനിറ്റില്‍ ഡാനിലിന്റെ ഗോളില്‍ ലീഡ് പിടിച്ചു. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ ഒറ്റ ഗോള്‍ മാത്രമാണ് വഴങ്ങിയത്. എന്നാല്‍ രണ്ടാം ക്വാര്‍ട്ടര്‍ മുതല്‍ ഓസീസ് മുന്നേറ്റനിര ഇന്ത്യയുടെ പ്രതിരോധം തകര്‍ത്ത് മുന്നേറി ആറു ഗോളുകള്‍ കൂടി ഇന്ത്യയുടെ ഗോള്ബോര്ഡിലേക്ക്് അടിച്ചുകയറ്റി.
ഇരുപത്തിയൊന്നാം മിനിറ്റില്‍ ഹേവാര്ഡ്് ഓസീസിന്റെ ലീഡ് 2-0 ആയി ഉയര്‍ത്തി. രണ്ട് മിനിറ്റുകള്‍ക്ക്് ശേഷം ആന്‍ഡ്രു ഫഌന്‍ ഓസീസിന്റെ മൂന്നാം ഗോളും കുറിച്ചു. അധികം വൈകാതെ അവരുടെ നാലാം ഗോളും പിറന്നു. ഇത്തവണ ജോഷ്വ ബെല്റ്റ്സാണ് ലക്ഷ്യം കണ്ടത്. മുപ്പത്തിനാലാം മിനിറ്റില്‍ ഇന്ത്യ ഒരു ഗോള്‍ മടക്കി. ദീല്‍പ്രീത് സിങ്ങാണ് ഓസീസ് ഗോളിയെ കീഴടക്കിയത്.
പിന്നീട് ബ്ലേക്ക് ഗോവേഴ്സ് രണ്ട് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ അടിച്ചതോടെ ഓസീസ് 6-1 ന് മുന്നില്‍. അവസാന നിമിഷങ്ങളില്‍ ടിം ബ്രാന്‍ഡും ലക്ഷ്യം കണ്ടതോടെ ഇന്ത്യ 7-1 ന്റെ തോല്‍വി ഏറ്റുവാങ്ങി.
പൂള് എ യിലെ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യ 3-2 ന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. ഓസീസിനോട് വമ്പന്‍ തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷ അസ്തമിച്ചിട്ടില്ല. പൂള് എ യിലെ ആദ്യ നാലു സ്ഥാനക്കാര്‍ക്ക് ക്വാര്‍ട്ടറില്‍ പ്രവേശനം ലഭിക്കും. നിലവിലെ മെഡല്‍ ജേതാവ് അര്‍ജന്റീന, സ്പെയിന്, ജപ്പാന്, ന്യൂസിലാന്റ് എന്നിവരാണ് പൂളിലെ മറ്റ് ടീമുകള്‍
അടുത്ത മത്സരത്തില്‍ ഇന്ത്യ നാളെ സ്പെയിനെ നേരിടും. ഓസ്ട്രേലിയയുടെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ ജപ്പാനെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: