തൃശൂര്‍: കുന്നംകുളം പോര്‍ക്കുളത്ത് യുവതിയ്ക്ക് ഗര്‍ഭാവസ്ഥയില്‍ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് നവജാതശിശു തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്കുമാര്‍. പ്രതികളെ സിപിഎം നേതൃത്വവും കുന്നംകുളം പോലീസും ഒത്തുചേര്‍ന്ന് സംരക്ഷിക്കുകയാണ്.
8 മാസം ഗര്‍ഭിണിയായ കുന്നംകുളം പോര്‍ക്കുളം സ്വദേശിനിയും സിപിഎം പ്രവര്‍ത്തകയുമായ യുവതിയെ ജൂലായ് 13ന് വൈകീട്ട് 7നാണ് ഗര്‍ഭഛിദ്രത്തിന് മരുന്ന് കഴിച്ച് അവശനിലയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് യുവതി ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും രാത്രി 11ഓടെ കുഞ്ഞ് മരിക്കുകയും ചെയ്തു.
സജീവ സി.പി.എം പ്രവര്‍ത്തകയായ യുവതി പോര്‍ക്കുളം പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗവും പഞ്ചായത്തിന് വേണ്ടി നികുതി പിരിക്കുന്നയാളുമാണ്. ഗര്‍ഭഛിദ്രത്തിന് മരുന്ന് നല്‍കിയതിനെ തുടര്‍ന്നാണ് കുഞ്ഞ് മരണപ്പെട്ടതെന്നതിനാല്‍ ഡ്യൂട്ടി ഡോക്ടര്‍ പോലീസിന് ഇക്കാര്യം അറിയിച്ച് റിപ്പോര്‍ട്ട് നല്കി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പോലീസ് തയ്യാറായില്ല.
ഡോക്ടറുടെ പരാതിയില്‍ കുന്നംകുളം പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. ഇതുവരെ ആരെയും പ്രതിയാക്കാനോ, അറസ്റ്റ് ചെയ്യാനോ തയ്യാറാവാതെ കേസ് പോലീസ് അട്ടിമറിക്കുകയാണ്. സംഭവത്തില്‍ പ്രതിയാകുന്ന യുവതിയുടെ മൊഴിയെടുക്കാനും പോലീസ് തയ്യാറായിട്ടില്ല. 10 വര്‍ഷം ശിക്ഷ ലഭിക്കേണ്ട കുറ്റമാണ് നടന്നിരിക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും പ്രതികളെ പോലീസ് സംരക്ഷിക്കുകയാണ്. സംഭവം നടന്നിട്ട് 12 ദിവസമായിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെയും യാതൊരു അന്വേഷണവും സംഭവത്തിലുണ്ടായിട്ടില്ല. ആര്‍ഡിഒയ്ക്ക് എഫ്ഐആര്‍ അയക്കാതെ പൂഴത്തിവെച്ചിരിക്കുകയാണ് പോലീസ്.
സിപിഎം നേതാക്കളാണ് യുവതിയെ ലൈംഗീക ചൂഷണത്തിന് വിധേയമാക്കിയതെന്നും ഗര്‍ഭഛിദ്രത്തിന് ഒത്താശ ചെയ്തതെന്നും സംശയമുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാനും കുറ്റക്കാരായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറാവണം. സിപിഎം നേതൃത്വമാണ് കേസ് അട്ടിമറിക്കുവാനും നേതാക്കളെ സംരക്ഷിക്കുവാനും പോലീസുമായി ഒത്തുകളിക്കുന്നത്. പോലീസ് നിയമം നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ പോലീസിനെതിരെ ബിജെപി പ്രക്ഷോഭം നടത്തുമെന്നും കോടതിയെ സമീപിക്കുമെന്നും അനീഷ്കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: