തിരുവനന്തപുരം: റേഷന്‍ അരി കരിഞ്ചന്തയിലേക്ക് കടത്തുന്നത് കണ്ടുപിടിച്ചിട്ടും നടപടി എടുക്കാനാകാതെ സപ്ലൈകോ വിജിലന്‍സ് വിഭാഗം. കോടിക്കണക്കിന് രൂപയുടെ അഴിമതി പുറത്ത് കൊണ്ടുവന്നെങ്കിലും ഉദ്യോഗസ്ഥ ഭരണനേതൃത്വങ്ങള്‍ തമ്മിലെ കൂട്ടുകെട്ടില്‍ അന്വേഷണവും ശിക്ഷയും പാതി വഴിയില്‍ നിലയ്ക്കുന്നു.
ഉല്‍പ്പന്നങ്ങള്‍ ഗോഡൗണുകളില്‍ ഇറക്കുമ്പോഴും റേഷന്‍ കടകളിലേക്ക് തിരികെ കയറ്റി അയയ്ക്കുമ്പോഴും ക്വിന്റല്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിന്നും ഉതിര്‍ന്ന് വീഴും. ഇത്തരത്തില്‍ ഉതിര്‍ന്ന് വീഴുന്ന ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിറച്ച് വീണ്ടും വിതരണത്തിന് നല്കി വന്‍ തട്ടിപ്പാണ് സംസ്ഥാനത്ത് മുഴുവന്‍ ഇപ്പോള്‍ നടക്കുന്നത്.
ഭക്ഷ്യഭദ്രതാ നിയമം നിലവില്‍ വന്നതോടെ റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് സപ്ലൈകോയ്ക്ക് സ്വന്തമായി ഗോഡൗണുകള്‍ വേണമെന്നാണ്. എന്നാല്‍ എഫ്സിഐയില്‍ നിന്നും സപ്ലൈകോ ഏറ്റെടുക്കുന്ന സാധനങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നത് സ്വകാര്യ ഗോഡൗണുകളില്‍. ഈ സ്വകാര്യ ഗോഡൗണുകള്‍ കേന്ദ്രീകരിച്ചാണ് വെട്ടിപ്പ് പൊടിപൊടിക്കുന്നത്. റേഷന്‍കടകളിലേക്ക് വാതില്‍പ്പടി പ്രകാരം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് ഇപ്പോഴും സ്വകാര്യ ഗോഡൗണുകാരാണ്. സപ്ലൈകോ ജീവനക്കാര്‍ വിട്ടു നില്ക്കുന്നതിനാല് അളവില്‍ നല്ല കുറവുണ്ടാറാകുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.
ഗോഡൗണുകളില്‍ ഉതിര്‍ന്ന് വീഴുന്ന ഉപയോഗശൂന്യമായ ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിറച്ച് കുത്തിക്കെട്ടി റേഷന്‍ കടകളില്‍ എത്തിച്ച് വിറ്റഴിപ്പിക്കുന്നു. സപ്ലൈകോയുടെ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഈ വില്‍പ്പന. റേഷന്‍ വ്യാപാരികള്‍ പ്രതികരിച്ചാല്‍ പിഴ വേറെ നല്‍കേണ്ടി വരും. പകരം ഇവര്‍ക്ക് നല്‍കേണ്ട അരി ഗോഡൗണില്‍ നിന്ന് കരിഞ്ചന്തയില്‍ വിറ്റ് പണം വാരും. 15 രൂപയ്ക്കുള്ള റേഷന്‍ അരി 30 രൂപയ്ക്കാണ് കരിഞ്ചന്തയില്‍ വില്‍ക്കുന്നത്.
ഒരു ലോഡില്‍ 206 ചാക്ക് ഭക്ഷ്യ ധാന്യമാണ് എഫ്സിഐ ഗോഡൗണുകളില്‍ നിന്ന് എത്തിക്കുന്നത്. ആറു ചാക്ക് ധാന്യം ചാക്കിന്റെ തൂക്കത്തിന് പകരമാണ് നല്‍കുന്നത്. ഈ ആറ് ചാക്ക് ധാന്യങ്ങള്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗജന്യ അരി കൂടി നല്കി തുടങ്ങിയതോടെ വന്‍ കൊള്ളയാണ് നടന്നു വരുന്നത്.
സപ്ലൈ ഓഫീസര്‍മാരാണ് ഗോഡൗണുകളിലെ ഉല്‍പ്പന്നങ്ങളുടെ സൂക്ഷിപ്പുകാര്‍. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ഗോഡൗണുകളില്‍ നിന്ന് മോശം അരി വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വിജിലന്‍സ് വിഭാഗം തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ രണ്ട് ഗോഡൗണുകളില്‍ നിന്നായി പത്ത് ടണ്‍ഭക്ഷ്യ ധാന്യങ്ങള്‍ കടത്തി വില്‍പ്പന നടത്തിയതായി കണ്ടെത്തി. വലിയതുറയിലെ ഗോഡൗണില്‍ നിന്ന് മാത്രം പത്തൊമ്പത് ലക്ഷത്തിന്റെ ഭക്ഷ്യ ധാന്യങ്ങള്‍ വിറ്റ് പണം വാരി.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് വിഭാഗം വ്യക്തമായ റിപ്പോര്‍ട്ട് സിവില്‍ സപ്ലൈസ് മന്ത്രിക്ക് നല്കി. എന്നാല്‍ നടപടി സ്ഥലംമാറ്റത്തില്‍ ഒതുങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭരണകക്ഷിയിലെ രണ്ട് പ്രബല യൂണിയനുകളാണ് സിവില്‍ സപ്ലൈസിനെ നയിക്കുന്നത്. ഭൂരിപക്ഷം ജീവനക്കാരും ഈ യൂണിയനില്‍ പെട്ടതും. അതിനാല്‍ സിവില്‍ സപ്ലൈസിലെ പരിശോധനയുടെ നടപടികള്‍ പാര്‍ട്ടിയുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: