ചോക്ലേറ്റില്‍ മൃഗ കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്ന വിവാദത്തില്‍ മറുപടിയുമായി പ്രമുഖ ബ്രാന്‍ഡായ കാഡ്ബറീസ് രംഗത്തെത്തി. ഇന്ത്യയില്‍ തങ്ങള്‍ വില്‍ക്കുന്ന ചോക്ലേറ്റ് ഉല്പന്നങ്ങളെല്ലാം 100 ശതമാനം വെജിറ്റേറിയനാണെന്ന് കമ്ബനി വ്യക്തമാക്കി.
തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പങ്കിടുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കണമെന്നും കാഡ്ബറീസ് അറിയിച്ചു. നേരത്തെ കാഡ്ബറീസ് ചോക്ലേറ്റ് ഉല്പന്നങ്ങളില് മൃഗക്കൊഴുപ്പ് ചേര്‍ക്കുന്നതായുള്ള ചിത്രത്തിന്റെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി കാഡ്ബറീസ് രംഗത്തെത്തിയത്.
ട്വിറ്ററിലൂടെ പ്രചരിച്ച സ്ക്രീന്‍ഷോട്ട് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൊണ്ടെലസ് / കാഡ്ബറി ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ടതല്ല. ഇന്ത്യയില്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും 100% വെജിറ്റേറിയന്‍ ആണ്. റാപ്പറിലെ പച്ച ഡോട്ട് അതിനെ സൂചിപ്പിക്കുന്നു, ‘കാഡ്ബറീസ് പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു.
നെഗറ്റീവ് പോസ്റ്റുകള്‍ കമ്പനിയുടെ പ്രതിച്ഛായയെ മോശപ്പെടുത്തുമെന്നും കാഡ്ബറി പറഞ്ഞു. ‘നിങ്ങള്‍ക്ക് നന്നായി ഊഹിക്കാവുന്നതുപോലെ, ഇതുപോലുള്ള നെഗറ്റീവ് പോസ്റ്റുകള്‍ ഞങ്ങളുടെ മാന്യവും പ്രിയപ്പെട്ടതുമായ ബ്രാന്‍ഡുകളിലുള്ള ഉപഭോക്തൃ വിശ്വാസത്തെ നശിപ്പിക്കുന്നു. ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട വസ്തുതകള്‍ കൂടുതല്‍ പങ്കിടുന്നതിനുമുമ്പ് ദയവായി അതു സംബന്ധിച്ച വസ്തുതകള്‍ പരിശോധിച്ചുറപ്പിക്കാന്‍ ഞങ്ങള്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നു’- കാഡ്ബറീസ് വ്യക്തമാക്കി.
ട്വിറ്ററിലെ നൂറുകണക്കിന് ഉപയോക്താക്കള്‍ കാഡ്ബറി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മോണ്ടെലസ് ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മള്‍ട്ടിനാഷണല്‍ കമ്ബനി വിശദീകരണകുറിപ്പ് പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: