ഇടുക്കി: വിവാദ മരം മുറി ഉത്തരവിന് പിന്നാലെ വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കീഴ് ജീവനക്കാരും തമ്മിലുള്ള പോര് മുറുന്നു. വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ തെറ്റായ കീഴ് വഴക്കങ്ങള്‍ താഴെത്തട്ടിലെ ജീവനക്കാരെ ദ്രോഹിക്കുന്നതായി കാട്ടി സിപിഐ അനുകൂല സംഘടനയായ കേരളാ സ്റ്റേറ്റ് ഫോറെസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്ഗനൈസേഷന്(കെഎസ്എഫ്പിഎസ്ഒ) ആണ് രംഗത്തെത്തിയിരിക്കുന്നത്.
വനം വകുപ്പ് മൂന്നാര്‍ ഡിവിഷനിലെ നിയമവിരുദ്ധമായുള്ള പ്രതിജ്ഞാ പത്രം സാക്ഷ്യപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മുറിച്ചു കടത്താന്‍ അനുമതി വേണ്ടാത്ത മരങ്ങള്‍ക്ക് സാക്ഷ്യപത്രം നല്കാന് നിര്‍ദേശിച്ചത് ജീവനക്കാരെ ദ്രോഹിക്കാന്‍ ആണ്. വിവാദ മരം മുറിയില്‍ ജീവനക്കാരെ പീഡിപ്പിക്കുന്ന മേലുദ്യോഗസ്ഥര്‍ ഈ വിഷയം കണ്ടതായി നടിക്കുന്നില്ല.
വനം വകുപ്പ് അനുമതി ഇല്ലാതെ കര്‍ഷകര്‍ക്ക് മുറിച്ചു കൊണ്ടുപോകാവുന്ന 28 ഇനം മരങ്ങള്‍ക്ക് സെക്ഷന്‍, ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍മാര്‍ സാക്ഷ്യപത്രം നല്‍കണമെന്നാണ് മൂന്നാര്‍ ഡിവിഷനിലെ എഴുതപ്പെടാത്ത നിയമം. റവന്യൂ ഉദ്യോഗസ്ഥര്‍ ആണ് ഒരു പട്ടയസ്ഥലത്തിന്റെ ആധികാരികത സാക്ഷ്യപ്പെടുത്തേണ്ടത്. കര്‍ഷകര്‍ കൊണ്ടുവരുന്ന ഒരു വെള്ളപ്പേപ്പറില്‍ സ്ഥലത്തിന്റെയും മരങ്ങളുടെയും സര്‍ട്ടിഫിക്കേറ്റ് നല്കാന് ബീറ്റ്, സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍ മാര്‍ക്ക് മാന്ത്രിക വിദ്യ ഒന്നും ഇല്ല. ഇത്തരത്തില്‍ രേഖപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നത് മുഴുവന്‍ മരം മുറിയുടെയും ഉത്തരവാദിത്തം കീഴ്ജീവനക്കാരില്‍ കെട്ടിവെയ്ക്കാനാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
കര്‍ഷകര്‍ക്ക് മുറിക്കാന്‍ സ്വാതന്ത്ര്യം ഉള്ള മരങ്ങള്‍ മുറിച്ച് കൊണ്ടു പോകുന്നതിന് കേരളത്തില്‍ ഒരിടത്തും അനുമതി ആവശ്യമില്ല. സമാനമായ കോട്ടയം ഡിവിഷനിലെ സിഎച്ച്ആര്‍ ഉള്‍പ്പെടുന്ന കുമളി, അയ്യപ്പന്‍കോവില്‍ റേഞ്ചുകളില്‍ ഒന്നും ഇങ്ങനെ ഒരു നിര്‍ദേശമില്ല. പ്ലാവ്, ആഞ്ഞിലി, യൂക്കാലി റബ്ബര്‍ തുടങ്ങിയ 28 ഇനം മരങ്ങള്‍ക്ക് കര്‍ഷകര്‍ സ്വയം തയ്യാറാക്കുന്ന പ്രതിജ്ഞാ പത്രം വാഹനത്തില്‍ കരുതിയാല്‍ മതി. എന്നാല്‍ മൂന്നാര്‍ ഡിവിഷനിലെ ദേവികുളം, അടിമാലി, നേര്യമംഗലം റേഞ്ചുകളില്‍ നിന്ന് കര്‍ഷകര്‍ തയ്യാറാക്കുന്ന പ്രതിജ്ഞാ പത്രവും സ്ഥലവും പരിശോധിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ സാക്ഷ്യപത്രം നല്കണമെന്നാണ്് അലിഖിത നിയമം, ഇത് അംഗീകരിക്കാനാവില്ല. റേഞ്ച് ഓഫീസര്‍മാര്‍ നല്കുന്ന പാസുകളില്‍ മാത്രമേ പരിശോധിച്ച് ഉറപ്പ് വരുത്തി ഒപ്പിടേണ്ട ബാധ്യത സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്ക് ഉള്ളത്. ഒരു നിയമത്തിലും നിലനില്‍ക്കാത്ത ഇത്തരം നടപടികള്‍ ജീവനക്കാരെ ബലിയാടാക്കാനെ ഉപകരിക്കൂ എന്നും സംഘടന ആരോപിച്ചു. വിഷയത്തില്‍ മൂന്നാര്‍ ഡിഎഫ്ഒയെ സമീപിക്കാന്‍ കെഎസ്എഫ്പിഎസ്ഒ ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: