ന്യൂദല്‍ഹി: നാല് ദിവസം മുമ്പ് പ്രധാനമന്ത്രി വിളിച്ചുചേര്‍ന്ന ടോക്യോ ഒളിമ്പിക് താരങ്ങളുമായുള്ള സംവാദം ഷട്ടില്‍ താരം പി.വി.സിന്ധുവിനെ സംബന്ധിച്ചിടത്തോളം പ്രചോദനം പകരുന്ന ഒന്നായിരുന്നു, ഒപ്പം അവിസ്മരണീയവുമായിരുന്നു.
അന്ന് പ്രധാനമന്ത്രി നല്കിയ ഒരു വാക്കുണ്ട്: “കഠിനാധ്വാനം ചെയ്യൂ. താങ്കള്‍ ഒരിക്കല്‍ കൂടി മെഡല്‍ നേടുമെന്ന് എനിക്കുറപ്പുണ്ട്. ടോക്യോ ഒളിമ്പിക്സ് കഴിഞ്ഞ ശേഷം സിന്ധുവുമായി ഐസ്ക്രീം കഴിക്കാം.” പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ സിന്ധുവിന് അമിതമായ പ്രചോദനം നല്‍കുന്നുവെന്നും മെഡല്‍ നേടാനുള്ള ഭാരത്തിന് പകരം പോരാടനുള്ള ആവേശമാണ് നിറച്ചതെന്നും പിന്നീട് ഒരു അഭിമുഖത്തില്‍ സിന്ധു സൂചിപ്പിച്ചു. 2016ലെ റിയോ ഒളിമ്പിക്സില്‍ തന്റെ പ്രിയവിഭവമായ ഐസ് ക്രീം കഴിക്കാന്‍ പറ്റാത്തതിന്റെ വിഷമം സിന്ധു ഏതോ മാധ്യമഅഭിമുഖത്തില് സൂചിപ്പിച്ചിരുന്നു. അത് ഓര്മ്മവെച്ചായിരുന്നു പ്രധാനമന്ത്രിയുടെ സിന്ധുവിനോടുള്ള ഐസ്ക്രീം കമന്റ്.
സിന്ധുവും സംഘവും ഇപ്പോള്‍ ടോക്യായില്‍ എത്തിക്കഴിഞ്ഞു. ശനിയാഴ്ച ഇന്ത്യയില്‍ നിന്നും പുറപ്പെട്ട സംഘത്തില്‍ സിന്ധു, ടേബിള്‍ ടെന്നീസ് താരം മണികാ ബത്ര, സുതീര്‍ത്ഥ മുഖര്‍ജി, നീന്തല്‍താരം ശ്രീഹരി നടരാജ് എന്നിവരാണ് ഉണ്ടായിരുന്നത്. ബി.സായ് പ്രണീത്, സത്വിക് സായ് രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നീ ഷട്ടില്‍ താരങ്ങളും ഉണ്ട്. സതിയന്‍ ഗണശേഖരന്‍, ശരത് കമല്‍, സുതീര്‍ത്ഥ മുഖര്‍ജി എന്നിവര്‍ ടേബിള്‍ ടെന്നീസില്‍ പ്രതീക്ഷകളാണ്.
ടോക്യോവിലേക്ക് പോകുന്ന ആദ്യസംഘമായിരുന്നു സിന്ധുവിന്റെ നേതൃത്വത്തില്‍ പുറപ്പെട്ടവര്‍. ഇവര്‍ക്ക് വിമാനത്താവളത്തില്‍ കേന്ദ്രകായികമന്ത്രി അനുരാഗ് താക്കൂര്‍, സഹമന്ത്രി നിഷിത് പ്രാമാണിക് എന്നിവര്‍ യാത്രയയപ്പ് നല്കി.
54 അത്ലറ്റുകള് ഉള്‍പ്പെടെയുള്ള 88 ഇന്ത്യന്‍ താരങ്ങളുടെ രണ്ടാംസംഘം ഞായറാഴ്ച ടോക്യോവില്‍ എത്തി. ബാഡ്മിന്റന്‍, ഹോക്കി, ജൂഡോ, നീന്തല്‍, വെയ്റ്റ് ലിഫ്റ്റിംഗ്, ജിംനാസ്റ്റിക്സ്, ടേബിള്‍ ടെന്നീസ് എന്നിവയില്‍ പങ്കെടുക്കുന്ന താരങ്ങളാണ് എത്തിയത്. ഇന്ത്യയുടെ ഏക ഭാരോദ്വഹന താരം മീരാബായ് ചണു വെള്ളിയാഴ്ച തന്നെ യുഎസിലെ പരിശീലനകേന്ദ്രത്തില്‍ നിന്നും നേരിട്ട് ടോക്യോവിലെത്തി. ഇറ്റലി, ക്രൊയേഷ്യ എന്നിവിടങ്ങളിലെ പരിശീലനകേന്ദ്രങ്ങളില്‍ നിന്നും ബോക്സര്‍മാരും ഷൂട്ടര്‍മാരും ടോക്യോവില്‍ നേരിട്ടെത്തി. 119 അത്ലറ്റുകള് ഉള്‍പ്പെടെ 228 താരങ്ങളാണ് ഇന്ത്യയില്‍ നിന്നും ഒളിമ്പിക്സ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ജൂലായ് 23നാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: