സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവില്‍ നോഹ
ഏതൊരു കായികതാരത്തിന്റെയും ആഗ്രഹമാണ് വിശ്വകായികമേളയായ ഒളിമ്പിക്സില്‍ രാജ്യത്തിന്റെ ജേഴ്സി അണിയുക എന്നത്. ആ ഒരു സ്വപ്നം സഫലമായതിന്റെ അത്യാഹ്ലാദത്തിലാണ് പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേയില്‍ ഇടം നേടിയ കോഴിക്കോട്ടുകാരന് നോഹ നിര്‍മല്‍ ടോം.
ഒളിമ്പിക്സിലേക്കുള്ള റിലേ ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്തു തോന്നി എന്ന ചോദ്യത്തിന് കരിയറിലെ ഏറ്റവും വലിയ സ്വപ്നം സഫലമായി എന്നാണ് നോഹയുടെ മറുപടി. നോഹയ്ക്ക് കായിക പാരമ്പര്യം അമ്മയില്‍ നിന്നാണ് കിട്ടിയത്. സംസ്ഥാന ഹാന്‍ഡ്ബോള്‍ ടീമില്‍ അംഗമായിരുന്ന അമ്മ ആലീസ് ദേശീയ ഗെയിംസില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്.
കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അന്നത്തെ പിറ്റി അധ്യാപകനായിരുന്ന ജോസ് സെബാസ്റ്റിയനാണ് ട്രാക്കിലേക്ക് നോഹയെ എത്തിച്ചത്. പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് കോഴിക്കോട് സായിയില്‍ പ്രവേശനം ലഭിച്ചത്. അതോടെ 800, 1500 മീറ്ററുകള്‍ വിട്ട് 400 മീറ്ററിലേക്ക് ചുവടുമാറി. സായി കോച്ചായിരുന്ന ജോര്‍ജ് പി. ജോസഫായിരുന്നു ഇതിന് പിന്നില്‍. ബിരുദ പഠനം പൂര്‍ത്തിയായതിനു പിന്നാലെ നാവികസേനയില്‍ ഉദ്യോഗസ്ഥനായി. ദേശീയ ക്യാമ്പിലെ പരിശീലകനായ രാജ്മോഹന്‍ നോഹയിലെ പ്രതിഭയെ തേച്ചുമിനുക്കി രാജ്യാന്തരതാരമായി ഉയര്‍ത്തി.
ഇതിനിടെ 2013ലെ ജൂനിയര്‍ സാഫ് ഗെയിംസില്‍ 4-400 മീറ്റര്‍ റിലേയില്‍ വെള്ളിയും നേടി. പിന്നീട് 2019-ല്‍ തുര്‍ക്കിയില്‍ നടന്ന ബാറ്റണ്‍ റിലേ ചാമ്പ്യന്‍ഷിപ്പിലും രാജ്യത്തിനായി ജേഴ്സി അണിഞ്ഞു. 2019-ലെ ദോഹ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ റിലേയില്‍ ആങ്കര്‍ ലാപ്പ് ഓടിയതിന്റെ പരിചയസമ്പത്തും നോഹയ്ക്കുണ്ട്. പേരാമ്പ്ര പൂഴിത്തോട് അധ്യാപകനായ ടോമിച്ചന്-ആലീസ് ദമ്പതികളുടെ അഞ്ചു മക്കളില്‍ രണ്ടാമനാണ് നോഹ നിര്‍മല്‍ ടോം. അമ്മ ആലീസ് കൊയിലാണ്ടി എസ്പി ഓഫീസിലെ ഉദ്യോഗസ്ഥയാണ്. ജ്യേഷ്ഠന് ആരോണും സംസ്ഥാനത്തെ അറിയപ്പെടുന്ന അത്ലറ്റായിരുന്നു.
അമോജ് പ്രതീക്ഷയിലാണ്
പാലായിലെ രാമപുരത്തുനിന്നുള്ള ആദ്യ ഒളിമ്പ്യനാണ് നീ, ഏറ്റവും മികച്ചതായിരിക്കണം പ്രകടനം… ഇന്ത്യയുടെ 4-400 മീറ്റര്‍ റിലേ ടീമിലേക്ക് സെലക്ഷന് കിട്ടിയ വിവരമറിഞ്ഞ് അച്ഛന് ജേക്കബ് പറഞ്ഞ വാക്കുകള്‍ ടോക്കിയോയിലെ ട്രാക്കില്‍ കരുത്താകുമെന്ന പ്രതീക്ഷയിലാണ് അമോജ് ജേക്കബ്. 4-400 മീറ്റര്‍ പുരുഷന്മാരുടെ റിലേയില്‍ ഇന്ത്യന്‍ പ്രതീക്ഷ അമോജ് ജേക്കബ് അടങ്ങുന്ന സംഘത്തിലാണ്. മുഹമ്മദ് അനസ്, നോഹ നിര്‍മല്‍ ടോം, അരോക്യ രാജീവ് എന്നിവര്‍ക്കൊപ്പം അമോജ് ഓടിക്കയറുക 130 കോടി ജനങ്ങളുടെ പ്രതീക്ഷകളിലേക്കാണ്.
കണക്കുകൂട്ടലുകളാണ് ഒളിമ്പിക്സ്, അവിടെ പാളിച്ച പറ്റരുത്. സമയത്തിന്റെ കണക്കെടുത്താല്‍ ഞങ്ങളില്‍ പ്രതീക്ഷ വക്കാമെന്നാണ് ഒളിമ്പിക്സിന് മുമ്പ് അമോജിന്റെ പ്രതികരണം. ഫൈനലില്‍ എത്തുകയാണ് ആദ്യ ലക്ഷ്യം. നിലവിലെ ഫോം അതിന് സാധ്യത നല്കുന്നു. അമേരിക്കയും ജമൈക്കയും പോലുള്ള ടീമുകള്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ മറ്റ് ടീമുകളുടെ സാധ്യത തികച്ചും തുല്യം. അതുകൊണ്ട് തന്നെ മെഡല്‍ വന്നാല്‍ പോലും അത്ഭുതപ്പെടേണ്ട. നിലവില്‍ പട്യാലയിലെ ക്യാമ്പിലാണ്. കൊറോണ വന്നതും പോയതുമെല്ലാം സമൂഹമാധ്യമത്തിലൂടെയും ഫോണ്‍ കോളുകളിലൂടെയുമുള്ള അറിവ് മാത്രമായി. ക്യാമ്പില്‍ നിന്നാരും പുറത്തു പോകാറില്ല, ഇവിടേക്കാരും എത്താറുമില്ല. കഠിന പരിശീലനത്തില്‍ മാത്രമായി ഒതുങ്ങുകയാണ് ഞങ്ങള്‍.
കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റാണ് 23 കാരനായ അമോജ്. 2016ല്‍ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണവും 4-400 മീറ്റര്‍ റിലേയില്‍ വെള്ളിയും നേടി. നിലവില്‍ ന്യൂദല്‍ഹിയിലാണ് താമസം. അച്ഛന് ജേക്കബിന്റെയും അമ്മ മേരിക്കുട്ടിയുടെയും പ്രതീക്ഷ ഒളിമ്പിക്സില്‍ അനുഗ്രഹമായാല്‍ രാമപുരത്തേക്ക് ഒളിമ്പിക് മെഡല്‍ എത്തിയേക്കുമെന്നും അമോജ് പറഞ്ഞു.
രണ്ടാം ഒളിമ്പിക്സിന്റെ ത്രില്ലില്‍ അനസ്
രാജ്യത്തെ ഏറ്റവും മികച്ച ഒറ്റ ലാപ്പ് ഓട്ടക്കാരനായ മുഹമ്മദ് അനസ് യഹിയ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിന്റെ ആവേശത്തിലാണ്. പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേയിലാണ് അനസ് ഇന്ത്യന്‍ ജേഴ്സി അണിയുന്നത്. കൊല്ലം നിലമേല്‍ സ്വദേശിയായ അനസ് കഴിഞ്ഞ റിയോ ഒളിമ്പിക്സില്‍ 400 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലും രാജ്യത്തിനായി ട്രാക്കിലിറങ്ങിയിരുന്നു.
പരാജയങ്ങളെ കരുത്താക്കി ഓട്ടം തുടര്‍ന്ന അനസ് രാജ്യത്തെ ഏറ്റവും മികച്ച 400 മീറ്റര്‍ ഓട്ടക്കാരനായിത്തീര്ന്നു. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് തവണ 400 മീറ്ററില്‍ ദേശീയ റെക്കോഡ് തിരുത്തിയ ചരിത്രവും അനസിന് സ്വന്തമാണ്. ആ കുതിപ്പ് റിയോ ഒളിമ്പിക്സ് വരെ എത്തി. ഏഴാം ഹീറ്റ്സില്‍ ഓടിയ അനസ് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 45.95 സെക്കന്‍ഡിലായിരുന്നു റിയോയില്‍ അനസിന്റെ ഫിനിഷ്. ആദ്യ ഒളിമ്പിക്സില്‍ പങ്കെടുത്തപ്പോള്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇത്തവണ സമ്മര്‍ദമൊന്നുമില്ലാതെയാണ് ടോക്കിയോയിലേക്ക് പറക്കുന്നത്. സഹതാരങ്ങളെല്ലാം മികച്ച ഫോമിലായതുകൊണ്ട് ഗംഭീര പ്രകടനം നടത്തുക എന്ന ലക്ഷ്യമാണുള്ളതെന്നും അനസ് പറഞ്ഞു.
ഇപ്പോള്‍ പാട്യാലയിലെ ദേശീയ ക്യാമ്പില്‍ ആലപ്പുഴക്കാരന് രാജ്മോഹന്‍ കീഴില്‍ ഒളിമ്പിക്സില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് കഠിന പരിശീലനത്തിലാണ്. പട്ടാള വീര്യവുമായി ഇന്ത്യന്‍ അത്ലറ്റിക് ടീമിന് പരിശീലനം നല്കുന്ന കണ്ണൂര്‍ പുളിങ്ങോം സ്വദേശി സുബേദാര്‍ മേജര്‍ മുഹമ്മദ് കുഞ്ഞിയുടെ കീഴിലും മുഹമ്മദ് അനസ് പരിശീലനം നടത്തിയിരുന്നു. പരേതനായ യഹിയയും സീനയുമാണ് മാതാപിതാക്കള്‍. ലോങ്ജമ്പ് താരം മുഹമ്മദ് അനീസ് ഏകസഹോദരനാണ്.
ഉഷയുടെ പിന്‍ഗാമിയായി ജാബിര്‍
എല്ലാവരും സ്വപ്നം കാണാറുണ്ട്. ആ സ്വപ്നം ഫലിച്ചാലോ… സന്തോഷവും ആഹ്ലാദവും പറഞ്ഞറിയിക്കാന്‍ പറ്റുമോ. അത്തരമൊരു അവസ്ഥയിലാണ് മഞ്ചേരി ആനക്കയം പന്തല്ലൂര്‍ സ്വദേശിയായ എം.പി. ജാബിര്‍ എന്ന 25 കാരന്. ഒളിമ്പിക്സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ നാലാമത്തെ ഇന്ത്യന്‍ പുരുഷ അത്ലറ്റും രണ്ടാമത്തെ മലയാളി താരവുമാണ് ജാബിര്‍. ആദ്യ മലയാളി താരം സ്പ്രിന്റ് റാണി പി.ടി. ഉഷയാണ്.
കെ.ടി. ഇര്ഫാന് ശേഷം മലപ്പുറത്ത് നിന്നുള്ള ഒളിമ്പ്യനാണ്, മുടിക്കോട് മദാരിപ്പള്ളിയാലില്‍ ഹംസയുടെയും ഷെറീനയുടെയും മൂന്നു മക്കളില്‍ മൂത്തയാളായ ജാബിര്‍. കഴിഞ്ഞ മാസം പട്യാലയില്‍ നടന്ന ദേശീയ ഇന്റര്‍സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 49.78 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു സ്വര്‍ണ്ണവും നേടിയ ശേഷമാണ് ടോക്കിയോയിലേക്ക് പോകുന്നത്. കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡില്‍ ചീഫ് പെറ്റി ഓഫീസറാണിപ്പോള്‍. ജസ്ന, ജബിന്‍ എന്നിവരാണ് ജാബിറിന്റെ സഹോദരിമാര്‍.
ഒളിമ്പിക്സില്‍ മികച്ച പ്രകടനം ലക്ഷ്യം വച്ച് പാട്യാലയിലെ ദേശീയ ക്യാമ്പിലുള്ള ജാബിര്‍ അമേരിക്കക്കാരി ഗലിന ബുഖാറിനയ്ക്ക് കീഴില്‍ തീവ്ര പരിശീലനത്തിലാണ്.
അലക്സ് ആവേശക്കടലില്‍
തിരുവനന്തപുരം പുല്ലുവിള സ്വദേശി അലക്സ് ആന്റണി ആവേശത്തിന്റെ കൊടുമുടിയിലാണ്. 4-400 മീറ്റര്‍ മിക്സഡ് റിലേയിലാണ് 27കാരനായ അലക്സ് ഉള്‍പ്പെട്ട സംഘം രാജ്യത്തിന്റെ പ്രതീക്ഷകളുമേന്തി ടോക്കിയോയില്‍ ബാറ്റണുമായി എത്തുന്നത്. ഒളിമ്പ്യനാവുന്നതില് അതിയായ സന്തോഷവും ടീമില്‍ സ്ഥാനവും ഉറപ്പിച്ചിരുന്നെന്ന് അലക്സ് ആന്റണി പറയുന്നു. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയും അലക്സിന്റെ കാലുകള്‍ക്ക് കരുത്തേകുന്നു.
സെലക്ഷന് ട്രയല്‍സില്‍ സാര്‍ഥക് ഭാംബ്രിക്ക് പിന്നില്‍ 47.83 സെക്കന്റില്‍ രണ്ടാമതായി 400 മീറ്റര്‍ ഫിനിഷ് ചെയ്താണ് അലക്സ് ആന്റണി ടോക്കിയോയിലേക്കുള്ള യോഗ്യതാമാര്‍ക്ക് കടന്നത്. ആദ്യമായാണ് ഒളിമ്പിക്സില്‍ മിക്സഡ് റിലേ ഉള്‍പ്പെടുത്തുന്നത്.
പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് ഫുട്ബോളിനോട് വിടപറഞ്ഞ് അത്ലറ്റിക്സിലേക്ക് എത്തുന്നത്. 2013ല്‍ ബെംഗളൂരുവില്‍ നടന്ന ജൂനിയര്‍ നാഷണല്‍സില്‍ 400 മീറ്ററില്‍ വെങ്കലവും റിലേയില്‍ സ്വര്‍ണവും നേടി. 2014-ല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ശംഖുംമുഖം വിങ്ങില്‍ ഉദ്യോഗസ്ഥനായി. 2019-ല്‍ ജപ്പാന് യോക്കോഹാമയില്‍ നടന്ന ലോക റിലേ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ മിക്സഡ് റിലേ ടീമിനായി 4-400 മീറ്റര്‍ റിലേയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
ദേശീയ ടീം പരിശീലകന് രാധാകൃഷ്ണന് നായരുടെയും റിലേ കോച്ച് ആലപ്പുഴക്കാരന് എം.കെ. രാജ്മോഹന്റെയും നേതൃത്വത്തിലാണ് തയാറെടുപ്പുകള്‍.
പുല്ലുവിള ഇരയിമന്‍തുറ പുരയിടത്തില്‍ മത്സ്യത്തൊഴിലാളിയായ ആന്റണി-സര്‍ജി ദമ്പതികളുടെ മൂന്നുമക്കളില്‍ മൂത്തയാളാണ് അലക്സ്. ചെറുപ്പകാലത്ത് അച്ഛനൊപ്പം കടലില്‍ മീന്‍പിടിക്കാനും ഈ മകന് പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: