പറവൂര്‍: ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന് ആവശ്യപ്പെട്ടു. നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കവെയാണ് ജയകൃഷ്ണന് ഈ ആവശ്യം ഉന്നയിച്ചത്.
പ്രകൃതിക്ഷോഭം പോലുള്ള ഇത്തരം സന്ദര്‍ഭങ്ങളിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതെന്നും ഭക്ഷണം ഉള്‍പ്പെടെ വിതരണം ചെയ്യാനുള്ള അടിയന്തര നടപടികള്‍ കൈകൊള്ളാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജയകൃഷ്ണന് പറഞ്ഞു. റവന്യു അധികാരികള്‍ വീടുകളും സ്ഥലങ്ങളും സന്ദര്‍ശിച്ച് കണക്കെടുപ്പ് നടത്തുന്നതില്‍ മാത്രമായി ഒതുങ്ങിയത് പ്രതിഷേധാര്‍ഹമാണ്.
വീടുകള്‍ തകര്‍ന്നവര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്കുന്നതിനടക്കമുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും അത് നല്കാന് അധികാരികള്‍ കാണിക്കുന്ന വിമുഖത ദുരന്തത്തിന് ഇരയായവരോടുള്ള അനീതിയാണ്. വീട്ടുവളപ്പുകളില്‍ വീണ് കിടക്കുന്ന മരങ്ങളും ഫലവൃക്ഷങ്ങള്‍ അടക്കം നീക്കംചെയ്യേണ്ടതുകൊണ്ട് തന്നെ കുടുംബനാഥന്മാര്ക്ക് ആഴ്ചകളോളം ജോലികള്‍ക്ക് പോകാന്‍ പറ്റാത്ത വിധമാണ് പ്രദേശത്തെ അവസ്ഥ. ഇതുകൊണ്ട് തന്നെ പ്രകൃതിക്ഷോഭത്തിന് ഇരയായവര്‍ എത്രയും വേഗത്തില്‍ സഹായം എത്തിക്കണമെന്നും ജയകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: