കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന് ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ രണ്ടാം ഘട്ട വിചാരണ നീട്ടില്ലെന്ന് വ്യക്തമാക്കി കൊച്ചി എന്‍ഐഎ കോടതി. വിചാരണ നീട്ടിവയ്ക്കണമെന്ന് കാട്ടി പ്രതികളില്‍ രണ്ടു പേര് സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. ഹൃദ്രോഗവും വീട്ടിലെ കോവിഡും കാരണമാക്കിയാണ് പ്രതികള്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, അപേക്ഷയെ എന്‍ഐഎ ശക്തമായി എതിര്‍ത്തു. ഓണ്‍ലൈന്‍ വഴി വിചാരണ നടത്താനുള്ള സാഹചര്യമുണ്ടെന്നും അതിനാല്‍ ഇത്തരം കാരണങ്ങള്‍ അനുവദിക്കരുതെന്നും എന്‍ഐഎ വ്യക്തമാക്കി. ഇത് അംഗീകരിച്ചാണ് കോടതി അപേക്ഷ തള്ളിയതും ഇന്നു മുതല്‍ വിചാരണ ആരംഭിക്കാനും ഉത്തരവിട്ടത്.
ടി.ജെ. ജോസഫിന്റെ മകന്റെ സാക്ഷി വിസ്താരമാണ് ആദ്യം നടക്കുക. വിചാരണ നേരിടാനുള്ള 11 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്ന നടപടി എന്‍.ഐ.എ കോടതി ജഡ്ജി അനില്‍ എസ്. ഭാസ്കര്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
ആദ്യഘട്ട വിചാരണക്കുശേഷം അറസ്റ്റിലായ എം.കെ. നാസര്‍, ഷെഫീഖ്, നജീബ്, സജില്‍, അസീസ് ഓടക്കാലി, മുഹമ്മദ് റാഫി, ടി.പി. സുബൈര്‍, എം.കെ. നൗഷാദ്, മന്‍സൂര്‍, പി.പി. മുഹമ്മദ് കുഞ്ഞ്, പി.എം. അയ്യൂബ് എന്നിവരാണ് രണ്ടാം ഘട്ട വിചാരണ നേരിടുന്ന പ്രതികള്‍. 2010 ജൂലൈ നാലിനാണ് അധ്യാപകന് ആക്രമിക്കപ്പെട്ടത്. 31 പ്രതികളുള്ള കേസില്‍ 13 പേരെ കോടതി നേരത്തേ ശിക്ഷിച്ചിരുന്നു. 2015ന് ശേഷം അറസ്റ്റിലായ 11 പ്രതികളെയാണ് ഇപ്പോള്‍ വിചാരണ ചെയ്യുന്നത്. ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി സവാദിനുവേണ്ടി കോടതി വീണ്ടും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: