ഇടുക്കി:. പട്ടാപ്പകൽ വീട്ടമ്മയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം. നെടുങ്കണ്ടം അഞ്ചാം വാർഡ് മെംബർ അജീഷ് മുതുകുന്നേൽ, എട്ടുപടവിൽ ബിജു, അമ്മൻചേരിൽ ആൻ്റണി എന്നിവരെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. അജീഷ് മുതുകുന്നേൽ സിപിഐ ഉടുമ്പൻചോല മണ്ഡലം കമ്മറ്റി അംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡൻ്റുമാണ്.
പ്രകാശ്ഗ്രാം മീനുനിവാസിൽ ശശിധരൻപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (68) ആണ് അതിക്രമത്തിനിരയായത്. സംഭവത്തെക്കുറിച്ച് തങ്കമണിയമ്മ പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ ദിവസം പ്രദേശത്തുള്ള 2 പേർ തമ്മിൽ വാട്സാപ് ചാറ്റുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ തർക്കവുമായി ബന്ധപ്പെട്ട് തങ്കമണിയമ്മയുടെ ഭർത്താവ് ശശിധരൻപിള്ള നടത്തുന്ന കടയുടെ മുന്നിൽ വാട്സാപ് ചാറ്റിലുണ്ടായ തർക്കത്തിൽ ഏർപ്പെട്ടവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. കടയുടെ മുന്നിൽ തർക്കം രൂക്ഷമായപ്പോൾ ശശിധരൻപിളള കടയുടെ മുൻവശത്തു തർക്കം പാടില്ലെന്ന് പറഞ്ഞു. ഇതോടെ പ്രദേശവാസിയായ യുവാവ് ശശിധരനുമായി തർക്കത്തിൽ ഏർപ്പെട്ടു.
തർക്കം ഭീഷണിയായതോടെ ശശിധരൻപിള്ള നെടുങ്കണ്ടം സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി തീർപ്പാക്കി. പരാതി നൽകിയതിനുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇന്നലെ രാവിലെ 7നു ഒരു വാഹനത്തിലെത്തിയ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലെത്തിയ മൂന്നംഗ സംഘം കടയിൽ അതിക്രമിച്ച് കയറിയത്. കടയിലുണ്ടായിരുന്ന ശശിധരൻ പിള്ളയുടെ ഭാര്യ തങ്കമണിയമ്മയുടെ തലയിലുടെ പെട്രോൾ ഒഴിച്ചു. മുടിക്കുത്തിനു കുത്തിപ്പിടിച്ചു. കമ്പിവടിക്കുള്ള അക്രമണത്തിൽ തങ്കമണിയുടെ ദേഹമാസകലം പരുക്കേറ്റു.
പ്രാണരക്ഷാർത്ഥം തങ്കമണിയമ്മ ഓടി രക്ഷപെട്ടു. ഇതിനിടെ കടയിലെ സാധനങ്ങൾ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ അടിച്ചു തകർത്തു. ഇതിനു ശേഷം കടക്കുള്ളിൽ തീയിട്ടു. പരിഭ്രാന്തിയിലായ വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി വീടിനും കടയ്ക്കും കാവൽ ഏർപ്പെടുത്തി. അക്രമിസംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനിലെത്തിയ ശേഷം പഞ്ചായത്തംഗം പൊലീസിനെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ മറ്റൊരു കേസും പൊലീസ് എടുത്തു.
വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ തങ്കമണിയമ്മ ചികിത്സയിലാണ്. പൊലീസ് മൊഴിയെടുക്കാനെത്തിയപ്പോൾ തങ്കമണിയമ്മ കുഴഞ്ഞു വീണു. പൊലീസ് തങ്കമണിയമ്മയുടെ അസ്വസ്ഥത മാറിയ ശേഷമാണ് മൊഴിയെടുക്കൽ പൂർത്തിയാക്കിയത്.
തങ്കമണിയമ്മയെ ഇടുക്കി എംപി ഡീൻ കുര്യക്കോസ് ആശുപത്രിയിൽ സന്ദർശിച്ചു. സംഭവം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം എത്തി പരിശോധന നടത്തി. സിപിഐ ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി അംഗം അജീഷ് മുതുകുന്നേലിനെ മണ്ഡലം കമ്മിറ്റിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി സെക്രട്ടറി വി.കെ.ധനപാൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: