സാമൂഹിക പ്രതിബദ്ധത എന്നൊരു സംഭവമുണ്ടല്ലോ. എന്താണീ സാധനം? ഒരുവേള ഒന്നാലോചിച്ചു നോക്കേണ്ടതാണ്. സമൂഹത്തിനോടുള്ള പ്രതിബദ്ധത എന്നു വേണമെങ്കില്‍ പറയാം. എന്നുവച്ചാല്‍ സമൂഹത്തിലെ ജനങ്ങളോടുള്ള ഒരു കൊടുക്കല്‍ വാങ്ങല്‍ രീതി.
ഒരു വോട്ടു കൊടുക്കുന്നു, ആയതിന് പ്രത്യുപകാരമായി ചില കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. വോട്ടുചെയ്തവനു മാത്രമാണോ കൊടുക്കേണ്ടത് എന്നു ചോദിച്ചാല്‍ നാട്ടുനടപ്പ് അതല്ലേ എന്നാവും തിരിച്ചുള്ള ചോദ്യം. അപ്പോഴാണ് പ്രതിബദ്ധത എന്നൊരു വാള്‍ത്തല മുന്നിലുണ്ടല്ലോ എന്ന് ഓര്‍ക്കുക.
മേപ്പടി പ്രതിബദ്ധത എല്ലാവരോടും ഒരുപോലെ വേണമെന്ന് വാശി പിടിക്കുക വയ്യ. വയസ്സില്‍ മൂത്തവര്‍, ഇളയവര്‍, വനിതകള്‍, പെണ്‍കുട്ടികള്‍, ബാലകര്‍ ,ബാലികമാര്‍, വൃദ്ധര്‍ …… അങ്ങനെയങ്ങനെ പ്രതിബദ്ധതയുടെ സ്കെയിലളവില്‍ വ്യത്യസ്തതകളും വ്യതിരിക്തതകളും ധാരാളമുണ്ട്. ഇതിലെ കോണളവ് തെറ്റാതെ പ്രയോഗിക്കുകയെന്നതത്രേ കരണീയം.
നേരത്തെ സൂചിപ്പിച്ച ജനകീയതയും പ്രതിബദ്ധതയും പരസ്പരം കൂടിച്ചേര്‍ന്നു കിടക്കുകയാണ്. ജനകീയതയ്ക്ക് ചില പ്രശ്നങ്ങളുണ്ട്. ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് നീങ്ങിയെങ്കിലേ ജനകീയതയുടെ അഴകളവുമായി ഒത്തുപോകാനാവൂ. അതിലെ മറ്റൊരു കാര്യം എന്തെന്നു വച്ചാല്‍ യുവജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്കാവണം പ്രാമുഖ്യം എന്നതാണ്. ഇവിടെയാണ് ഒരു പാര്‍ട്ടിയുടെ പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ച നമുക്ക് ദൃശ്യമാവുന്നത്.
അതിന്റെ ലോജിക്ക് മനസ്സിലാക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് ഉണ്ടെങ്കിലും ട്രാക്കില്‍ കേറിയാല്‍ പിന്നെ എല്ലാം സുഖം സ്വച്ഛം, സുന്ദരം.
ആകാശ് തില്ലങ്കേരി, അര്ജുന് ആയങ്കി എന്നീ ചെറുപ്പക്കാരുടെ ലക്ഷ്യം മറ്റെല്ലാവരെയും പോലെ സാമൂഹിക മുന്നേറ്റവും ഉയര്‍ച്ചയും. ഉയര്‍ച്ചയെന്നാല്‍ ‘ചിക്കിലി’ തരപ്പെടുത്തല്‍ തന്നെ. കഷ്ടപ്പെട്ട് ആയത് സ്വരുക്കൂട്ടുന്നതിനേക്കാള്‍ സ്മൂത്തായി കിട്ടാന്‍ വഴിയുള്ളപ്പോള്‍ മുള്‍പ്പാതയിലൂടെ പോകേണ്ട ആവശ്യമെന്ത്?
ജനകീയ മുഖവുമായി ഒരു കക്ഷി സര്‍വസജ്ജമായി മുമ്പിലുള്ളപ്പോള്‍ കിം വിഷമം? കക്ഷിക്കാണെങ്കില്‍ ജനകീയതയുടെ ഊര്‍ജം ധാരാളം. അല്‍പ്പസ്വല്‍പ സഹായമേ കൊടുക്കേണ്ടതുള്ളൂ. അങ്ങനെ ചെയ്താലോ? കിട്ടുന്നത് ഹിമാലയ ഭാഗ്യം. അതുവഴി പാര്‍ട്ടി വളരുന്നു, പാര്‍ട്ടിയുടെ സര്‍വ്വയിടങ്ങളിലും ഹരിതാഭയുടെ കണ്ണു കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ ലാസ്യനൃത്തമാടുന്നു. ഇതൊന്നും പറഞ്ഞാല്‍ സാധാരണക്കാരന് മനസ്സിലാകില്ല എന്നതത്രേ ആധുനിക സമൂഹത്തിന്റെ എക്കാലത്തെയും പ്രശ്നം. നവയൗവ്വനങ്ങള്‍ക്ക് വീറും വാശിയും ചൊറുചൊറുക്കും ഉണ്ടാവണമെങ്കില്‍ ചില പരീക്ഷണങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ട്. സ്വര്‍ണ്ണമായാലും സോഡയായാലും കൈകാര്യം ചെയ്യുന്നതിന് ചില ശാസ്ത്രീയ രീതികളുണ്ട്. അതിനെ ക്വട്ടേഷന്‍ എന്നൊക്കെപ്പറഞ്ഞ് അപമാനിക്കുന്നത് നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ല.
ഈ ക്വട്ടേഷന്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതൊന്നുമല്ല. ഏതായാലും രാമായണകാലം വരാന്‍ പോവുകയല്ലേ? നോക്കൂ, ശ്രീരാമന് ക്വട്ടേഷന്‍ കൊടുത്തിട്ടില്ലേ? ലങ്കയിലേക്ക് സീതാന്വേഷണ ക്വട്ടേഷനുമായി ഹനുമാന് പറന്നത് മറക്കാന്‍ പാടുണ്ടോ? (ആ ക്വട്ടേഷനും ഈ ക്വട്ടേഷനും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ടെന്നത് വേറെ കാര്യം. സ്ത്രീ തന്നെ ധനമായി കരുതുകയും ആ ധനം അന്യരാജ്യക്കാരന്‍ അപഹരിക്കുകയും ചെയ്തപ്പോള്‍ തിരിച്ചു പിടിക്കാനായുള്ള ക്രിയാത്മക ഇടപെടലായിരുന്നു അന്നത്തേത്. സ്ത്രീക്കൊപ്പം രാജ്യശ്രീയും നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നിന്ന് ഉയര്‍ന്നുവന്നതായിരുന്നു ഹനുമാന് ഏറ്റെടുത്ത ദൗത്യം.) ആ രാമ സംസ്കാരത്തിന്റെ യാഗാഗ്നി ചെറുപ്പക്കാരില്‍ കത്തിപ്പടരാന്‍ വേണ്ടിയുള്ള എളിയ തുടക്കമെന്ന നിലയിലാണ് ആകാശ് തില്ലങ്കേരിക്കും അര്ജുന് ആയങ്കിക്കും ആയത് നല്‍കിയത്.
രാജ്യത്തിന്റെ ഭാവി ചെറുപ്പക്കാരിലാണെന്ന് വിവേകാനന്ദന് പറഞ്ഞത് മറന്നിട്ടില്ലല്ലോ, അല്ലേ?അന്ന് സീത, ഇന്ന് സ്വര്‍ണം. രണ്ടും വിലമതിക്കാന്‍ കഴിയാത്തത്. ഈ പാര്‍ട്ടി എങ്ങനെയാണ് ഈ ദേശത്തിന്റെ സമുജ്വല സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കുന്നതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? ഇനിയും അത് മനസ്സിലാകാത്തവര്‍ക്ക് എ.വിജയരാഘവന് സഖാവിന്റെ പാര്‍ട്ടി ക്ലാസില്‍ പങ്കെടുക്കാം. ഈ പാര്‍ട്ടിയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. കോടതിയും പൊലീസും കോല്‍ക്കാരനും പാര്‍ട്ടിയാണെന്ന ബോധ്യമുണ്ടാവണം. ഇല്ലെങ്കില്‍ മാഷാഅള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച ബൊലേറോയും 51 വടിവാള്‍ വീശലും തിരശ്ശീലയില്‍ മാത്രമാവില്ല കാണുക; ഓര്മ വേണം. ഓര്‍മകള്‍ ഉണ്ടായിരിക്കണം. ജീവിതം അതിന്റെ കരുത്താര്‍ന്ന ഒഴുക്കില്‍ ഓര്‍മകളുടെ കൈ പിടിക്കുമെന്ന് മൂലധനത്തില്‍ പറഞ്ഞത് വെറുതെയല്ല കോമ്രേഡ്സ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: