ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഐടി ചട്ടം നിലവില്‍ വന്നശേഷം ഗൂഗിള്‍, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങള്‍ ‘നിയമവിരുദ്ധമായ പോസ്റ്റുകള്‍’ നീക്കം ചെയ്തത് ‘സുതാര്യതയിലേക്കുള്ള വലിയ ചുവട്’ ആണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഫെയ്സ്ബുക്ക് 30 ദശലക്ഷം പോസ്റ്റുകള്‍ നീക്കം ചെയ്തപ്പോള്‍ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്ന ആപ്പായ ഇന്‍സ്റ്റഗ്രാം രണ്ടു ദശലക്ഷം പോസ്റ്റുകള്‍ക്കെതിരെയും നടപടിയെടുത്തു. മെയ് 15നും ജൂണ്‍ 15നും ഇടയിലായിരുന്നു ഇതെന്ന് ഫെയ്സ്ബുക്കിന്റെ കംപ്ലയന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ യൂട്യൂബില്‍നിന്ന് ഉള്‍പ്പെടെ 59,350 ലിങ്കുകള്‍ നീക്കി.
5,502 പരാതികളില്‍ 1,253 എണ്ണത്തില്‍ നടപടി സ്വീകരിച്ചതായി തദ്ദേശീയ സമൂഹമാധ്യമമായ കൂവും അതിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ‘പ്രധാനപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഗൂഗിള്‍, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ളവ പുതിയ ഐടി ചട്ടങ്ങള്‍ പിന്തുടരുന്നത് കാണുന്നതില്‍ സന്തോഷം. ഐടി ചട്ടപ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകള്‍ സ്വമേധയാ നീക്കം ചെയ്തതു സംബന്ധിച്ചുള്ള ആദ്യ കംപ്ലയന്‍സ് റിപ്പോര്‍ട്ട് സുതാര്യതയിലേക്കുള്ള വലിയ ചുവടാണ്’- ശനിയാഴ്ച ഉച്ചയ്ക്ക് രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു. പുതിയ ഐടി നിയമം അനുസരിച്ച് മൂന്നാം കക്ഷിയുടെ പോസ്റ്റുകളില്‍ അന്‍പത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള സമൂഹമാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്.
ഇത്തരത്തിലൊരു നിയമം രാജ്യത്ത് ആദ്യമാണ്. ലഭിച്ച പരാതികളും എടുത്ത നടപടികളും സംബന്ധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം, ചിത്രങ്ങള്‍, വീഡിയോ എന്നിവ മുന്നറിയിപ്പോടെ നീക്കുന്നത് അടക്കമുള്ളവ നടപടികളുടെ കൂട്ടത്തില്‍ വരാം. പുതിയ ചട്ടമനുസരിച്ച് ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികളെ കംപ്ലയന്‍സ് ഓഫിസര്‍, നോഡല്‍ ഓഫിസര്‍, പരാതി പരിഹാര ഉദ്യോഗസ്ഥന് എന്നിവരായി സമൂഹമാധ്യമങ്ങള്‍ നിയമിക്കണം. കേന്ദ്രസര്‍ക്കാരുമായി ട്വിറ്റര്‍ തര്‍ക്കം തുടരുന്നതിനിടെയാണ് രവിശങ്കര്‍ പ്രസാദിന്റെ ട്വീറ്റ്. കുറിപ്പില്‍ അദ്ദേഹം ട്വിറ്ററിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നത് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: