മൂന്നാര്‍: വ്ളോഗര്‍ സുജിത് ഭക്തനെതിരെ വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. സുജിത് ഭക്തന് സംരക്ഷിത വനമേഖലയില്‍ നിന്ന് ചിത്രങ്ങളും വിഡിയോയും പകര്‍ത്തിയത് അനുമതി ഇല്ലാതെയാണെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട് നല്കി. സംരക്ഷിത വനമേഖലയായ ഇരവികുളം ഉദ്യാനത്തില്‍നിന്ന് സുജിത് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് മൂന്നാര്‍ റേഞ്ച് ഓഫിസര്‍ എസ്.ഹരീന്ദ്രകുമാര്‍ ഡിഎഫ്ഒ പി.ആര്.സുരേഷിന് നല്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അതേസമയം, സുജിത് സന്ദര്‍ശിച്ച ഇടമലക്കുടി സംരക്ഷിത വനമേഖല അല്ലെന്നുംഎംപി ഡീന്‍ കുര്യാക്കോസിന്റെ ഒപ്പമാണ് സുജിത് യാത്ര ചെയ്തത് എന്നതിനാല്‍ പ്രത്യേകം പരിശോധന നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനാല്‍ നടപടികളൊന്നും ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ഹരീന്ദ്രകുമാര്‍ വ്യക്തമാക്കി.
നിലവില്‍ കോവിഡ് കേസുകള്‍ ഇല്ലാത്ത പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഇവിടേക്ക് ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയാണ് ഡീന്‍ കുര്യാക്കോസ് എംപിക്കൊപ്പം സുജിത് ഭക്തന് എത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
അതേസമയം, ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനൊപ്പം ഇടമലക്കുടിയിലേക്ക് എത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവം വിവാമയതിനു പിന്നാലെ വിശദീകരണവുമായി വ്ളോഗര്‍ സുജിത്ത് ഭക്തന് രംഗത്തെത്തിയിരുന്നു. സ്ഥലം എം പി വിളിച്ചിട്ടാണ് പോയത്. അവിടുത്തെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും വീഡിയോയിലൂടെ കാണിച്ചതുകൊണ്ടാണ് പൊതുജനം ഇടമലക്കുടിയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയത്ത്. 10 കി.മി ദൂരം മൂന്ന് മണിക്കൂര്‍ ജീപ്പില്‍ സഞ്ചരിച്ച് വേണം അവിടേക്ക് എത്താനായിട്ട്. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള രോഗികളെ തുണിത്തൊട്ടില്‍ പോലെ ഉണ്ടാക്കി ചുമന്നുകൊണ്ടാണ് അവര്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. മൂവായിരത്തോളം ജനങ്ങള്‍ താമസിക്കുന്ന ആ ഗ്രാമ പഞ്ചായത്തിലേക്ക് എന്തുകൊണ്ട് ഒരു നല്ല വഴി ഇതുവരെ പണിത് കൊടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല? 135 കുട്ടികള്‍ പഠിക്കുന്ന സ്കൂളിലേക്ക് എന്തുകൊണ്ട് വേണ്ടത്ര സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഈ വിവാദം ഉണ്ടാക്കുന്നവര്‍ക്ക് സാധിക്കുന്നില്ല എന്നും സുജിത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: