കോട്ടയം: കോട്ടയം നഗരത്തില്‍ ചന്തക്കടവില്‍ വാടകവീട്ടിലുണ്ടായ ഗുണ്ടാആക്രമണത്തില്‍ ദുരൂഹത. പരിക്കേറ്റ യുവാക്കള്‍ അന്വേ ഷണവുമായി സഹകരിക്കുന്നില്ലെന്നും ശരിയായ വിവരങ്ങള്‍ കൈമാറുന്നില്ലെന്നുമാണ് സൂചന. വെട്ടിയത് ആരാണെന്നറിയില്ലെന്നും തങ്ങള്‍ക്ക് ആരുമായും പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് പരിക്കേറ്റ യുവാക്കള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
അതേ സമയം അക്രമം നടക്കുന്ന സമയത്ത് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടവരെകുറിച്ചും ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലോ, പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലോ ഉള്ള തര്ക്കമാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് പോലീസ് നിലപാട്.
ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ചന്തക്കടവിലെ സ്വകാര്യ ലോഡ്ജിന് പിന്നിലെ വാടകവീട്ടിലെ താമസക്കാരായ നാലംഗ സംഘത്തിന് നേരെ പതിനാലംഗ ഗുണ്ടാസംഘത്തിന്റെ അക്രമമുണ്ടായത്. കാറിലും ബൈക്കിലുമായെത്തിയ സംഘം വടിവാളും മാരകായുധങ്ങളുമായി വീട്ടില്‍കയറി അക്രമിക്കുകയായിരുന്നു. അക്രമിസംഘം രക്ഷപ്പെട്ടതിന് പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
രണ്ട് യുവാക്കള്‍ക്ക് വെട്ടേല്‍ക്കുകയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയും മറ്റൊരു യുവാവും ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്ഖാന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും കൈക്കും കാലിനുമാണ് വെട്ടേറ്റത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷിനുവും പൊന്‍കുന്നം സ്വദേശിയായ യുവതിയുമാണ് രക്ഷപ്പെട്ടത്.
പ്ലംബിങ് ജോലിക്കായാണ് വീടെടുത്ത് താമസിക്കുന്നതെന്നാണ് പരിക്കേറ്റവര്‍ പോലീസിനോട് പറഞ്ഞത്. ഇവര്‍ക്ക് ഭക്ഷണം വെച്ചുനല്‍കാന്‍ എത്തിയതാണെന്നാണ് യുവതിയുടെ മൊഴി. എന്നാല്‍ വീട് വാടകയ്ക്കെടുത്ത ആളുകളല്ല ഇവിടെ താമസിച്ചിരുന്നതെന്ന് കെട്ടിട ഉടമ പോലീസിനോടു പറഞ്ഞു.
സമീപത്തെ ലോഡ്ജിലെ സിസിടിവിയില്‍ നിന്ന് അക്രമികള്‍ എന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ജനവാസ മേഖലയില്‍ നടന്ന ആക്രമണം പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പട്ടാപ്പകല്‍ ഗുണ്ടാനേതാവ് അലോട്ടിയുടെ സംഘം കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം പോലീസിനെ ആക്രമിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് നഗരഹൃദയത്തില്‍ തന്നെ മറ്റൊരു ഗുണ്ടാ ആക്രമണം.
വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും അശ്ലീല വീഡിയോ നിര്‍മ്മാണവും ഹണിട്രാപ്പും നടന്നിരുന്നോ എന്ന സംശയവും പോലീസിനുണ്ട്. വീടിനുള്ളിലെ ഒരു മുറിയില്‍ ക്യാമറയും ട്രൈപ്പോഡും കണ്ടെത്തിയിട്ടുണ്ട്. ഹണിട്രാപ്പില്‍ കുടുങ്ങിയ ആരെങ്കിലും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തിരിച്ചടിച്ചതാവാമെന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല. വിരലടയാള വിദഗ്ദ്ധരും സംഘവും ഇന്നലെ അക്രമം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. കോട്ടയം ഡിവൈഎസ്പി എം അനില്‍കുമാര്‍, കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. വിജയന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: