കണ്ണൂർ: മുന്‍ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യക്കെതിരെ കൂടുതൽ തെളിവുകളുമായി ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ റിപ്പോർട്ട്. ആരോപണം ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്‌ത് പ്രചരിപ്പിച്ചത് പിപി ദിവ്യ തന്നെ എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പെട്രോൾ പമ്പിന്റെ ഫയൽ എഡിഎം വച്ചു താമസിപ്പിച്ചെന്ന ആരോപണം വസ്തുതാവിരുദ്ധമെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രാദേശിക കേബിൾ ടിവി ക്യാമറാമാനാണ് ചടങ്ങ് ചിത്രീകരിച്ചത്, നവീൻ ബാബുവിനെ പരസ്യമായി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിവ്യ യാത്രയയപ്പ് യോഗത്തിലെത്തിയെന്നും റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് ഇന്ന് റവന്യൂ മന്ത്രി കെ രാജന് കൈമാറും.
പ്രാദേശിക ചാനലില്‍ നിന്നും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ വിവരങ്ങളും ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രാദേശിക ചാനലില്‍ നടത്തിയ തെളിവെടുപ്പില്‍, ഈ ദൃശ്യങ്ങള്‍ ദിവ്യ ശേഖരിച്ചിരുന്നതായി ചാനല്‍ പ്രവര്‍ത്തകര്‍ മൊഴി നല്‍കി. മാധ്യമങ്ങള്‍ക്ക് നല്‍കിയതും ദിവ്യയാണ്. തങ്ങള്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിട്ടില്ലെന്നും ചാനല്‍ പ്രവര്‍ത്തകര്‍ എ ഗീത ഐഎഎസിന് മൊഴി നല്‍കിയതായാണ് വിവരം.
അതേസമയം, എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയെക്കുറിച്ചുള്ള പൊലീസിന്റെ അന്വേഷണ റിപ്പോർട്ടും പി.പി.ദിവ്യയ്‌ക്ക് എതിര്. നവീൻ ബാബുവിനെ പരസ്യമായി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്രയയപ്പ് യോഗത്തിലേക്കു ദിവ്യ എത്തിയത് എന്ന വിധത്തിലാണ് പൊലീസ് റിപ്പോർട്ട്. പൊലീസിനു ലഭിച്ച മൊഴികളും ആത്മഹത്യാ പ്രേരണക്കുറ്റം ഉറപ്പിക്കും വിധമാണ്. റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു 11ന് പരിഗണിക്കും.
അതിനിടെ കേസില്‍ നിന്നും തടിയൂരാനും വഴി തിരിച്ചുവിടാനുമുള്ള അവസാന ശ്രമങ്ങളും നടത്തുകയാണ് പാര്‍ട്ടി. പോലീസിനെ ഉപയോഗിച്ചും മറ്റും പുതിയ വാദങ്ങളും നീക്കങ്ങളും നടത്തുകയാണ്. ദിവ്യയുമായി അടുത്ത ബന്ധമുള്ള, ജില്ലാ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് നില്‍ക്കുന്ന ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നേതൃത്വം നല്‍കുന്ന അന്വേഷണം ഏത് രീതിയില്‍ നടക്കുമെന്നതില്‍ പൊതു സമൂഹം ആശങ്കയിലാണ്. യാത്രയയപ്പിന് ശേഷം നാട്ടിലേക്ക് പുറപ്പെട്ട് മുനീശ്വരന് കോവിലിന് സമീപം ഇറങ്ങിയ ശേഷം പുര്‍ച്ചെ മരണപ്പെടുന്നത് വരെ നവീന്‍ബാബു എവിടെയായിരുന്നു തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഇനിയും മറുപടി ലഭിക്കേണ്ടതായിട്ടുണ്ട്. ഇന്ന് കോടതി ദിവ്യയുടെ ജാമ്യ ഹര്‍ജി കേസില്‍ എടുക്കുന്ന നടപടിയെ ഉറ്റു നോക്കുകയാണ് പൊതു സമൂഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: