ശ്രീനഗര്‍ : ഡ്രോണുകളെ കണ്ടെത്തി പ്രവര്‍ത്തന രഹിതമാക്കുന്ന സംവിധാനം ജമ്മു വിമാനത്താവളത്തില്‍ സ്ഥാപിച്ചു. അടുത്തിടെ ജമ്മു വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ഉപയോഗിച്ച് ഇരട്ട സ്ഫോടനം ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള ഭീഷണി വീണ്ടും നിലനില്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സുക്ഷ കര്‍ശ്ശനമാക്കാന്‍ നിര്‍ദ്ദേശിക്കുകയും വിമാനത്താവളത്തില്‍ ഡ്രോണുകളെ കണ്ടെത്തി പ്രവര്‍ത്തന രഹിതമാക്കുന്ന സംവിധാനം സ്ഥാപിക്കുകയുമായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ജമ്മു വിമാനത്താവളത്തില്‍ ഡ്രോണിനെ കണ്ടെത്തിയത്. അതിന് പിന്നാലെ സൈനിക ക്യാമ്പിന് സമീപത്തായും മറ്റ് പല സ്ഥലങ്ങളിലും ഡ്രോണുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡ്രോണിനെ പ്രവര്‍ത്തന രഹിതമാക്കുന്ന സംവിധാനം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
റഡാറുകളുടെ കണ്ണില്‍പ്പെടാതെ താഴ്ന്നു പറക്കുന്ന ഡ്രോണുകള്‍ ഞായറാഴ്ചത്തെ സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കാമെന്ന നിഗമനത്തിലാണ് വ്യോമത്താവളത്തിന്റെ സുരക്ഷ ഏറ്റെടുത്ത നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് അടിയന്തരമായി ഡ്രോണ്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തിയത്. അക്രമ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജമ്മുകാശ്മീരില്‍ ഡ്രോണുകളുടെ ഉപയോഗത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
താഴ്ന്ന് പറക്കുന്ന ഡ്രോണുകളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങള്‍ തിരിച്ചറിയാനും അവയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനുള്ള ജാമറുകളും വെടിവച്ചിടാനുള്ള തോക്കുകളും വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. പാക് അതിര്‍ത്തിയില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരെയായാണ് ജമ്മു വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
അതിര്‍ത്തിയിലെ പ്രദേശങ്ങളില്‍ കര്‍ശ്ശന സുരക്ഷ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. തന്ത്ര പ്രധാനസ്ഥലങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കുന്നതിനും അവയെ നിരീക്ഷിക്കാനും അവയുടെ ജിപിഎസ് സംവിധാനം സ്തംഭിപ്പിച്ചു ദിശ തെറ്റിക്കാനും കഴിയുന്ന ഉപകരണം ജമ്മു വ്യോമസേനാ താവളത്തില്‍ സ്ഥാപിച്ചു. എന്‍എസ്ജിയുടെ നേതൃത്വത്തിലാണ് പ്രതിരോധ കവചം തയ്യാറാക്കിയത്. ജമ്മുവിലെ മറ്റ് സൈനിക താവളങ്ങളിലും വരും ദിവസങ്ങളില്‍ ഇവ സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: