ബെംഗളൂരു: കാസര്‍കോട് ജില്ലയില്‍ കര്‍ണാടകത്തോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശങ്ങളുടെ പേരുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കത്തയച്ചു. തുളു-കന്നട ശൈലിയിലുള്ള സ്ഥലപ്പേരുകള്‍ മലയാള ശൈലിയിലേക്ക് മാറ്റണമെന്ന കേരള സര്‍ക്കാര്‍ നീക്കം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക അതിര്‍ത്തി മേഖല വികസന അതോറിറ്റിയും, കര്‍ണാടക വികസന അതോറിറ്റിയും രംഗത്ത് വന്നതോടെയാണ് ഈ വിഷയത്തില്‍ നേരിട്ട് ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
കാസര്‍കോട്, മഞ്ചേശ്വരം മേഖലയില്‍ കന്നടിഗരും, മലയാളികളും ഒരുമിച്ച് താമസിക്കുന്നതിനാല്‍ നിലവിലെ പേരുമാറ്റ തീരുമാനം ശരിയല്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതേ വിഷയത്തില്‍ കര്‍ണാടക അതിര്‍ത്തി മേഖല വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ സി. സോമശേഖര്‍ കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഗ്രാമങ്ങളുടെ കന്നട നാമം മാറ്റാനുള്ള തീരുമാനം പ്രാദേശിക തലത്തില്‍ എടുത്തതായിരിക്കാമെന്നും, എന്നാല്‍ കേരള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടേണ്ടത് അനിവാര്യമാണെന്നും കത്തില്‍ സോമശേഖര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ അതിര്‍ത്തി ഗ്രാമങ്ങളുടെ പേര് കന്നടയില്‍ നിന്ന് മലയാളത്തിലേക്ക് മാറ്റാനുള്ള നീക്കത്തെക്കുറിച്ച് കര്‍ണാടക വനം, കന്നട-സാംസ്കാരികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി അരവിന്ദ് ലിംബാവലിയും യെദിയൂരപ്പയ്ക്ക് കത്തെഴുതി. നിലവില്‍ കേരള സര്‍ക്കാര്‍ പേരുകള്‍ മാറ്റാന്‍ ഉദ്ദേശിക്കുന്ന പ്രദേശങ്ങളില്‍ വലിയൊരു വിഭാഗം കന്നടിഗരാണ് താമസിക്കുന്നത്. അവര്‍ കന്നട സംസാരിക്കുകയും നിരവധി നൂറ്റാണ്ടുകളായി കന്നട സംസ്കാരം പിന്തുടരുകയും ചെയ്യുന്നവരാണ്. ഓരോ ഗ്രാമത്തിന്റെയും നാമം പ്രദേശവാസികളുമായി വെകാരികമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കേരള സര്‍ക്കാര്‍ തീരുമാനം തികച്ചും ഏകപക്ഷീയമാണെന്ന് ലിംബാവലി പറഞ്ഞു.
കേരള സര്‍ക്കാര്‍ ഇക്കാര്യം പ്രദേശവാസികളുമായി ചര്‍ച്ച ചെയ്യുകയും അവരുടെ അഭിപ്രായം സ്വീകരിക്കുകയും വേണം. കന്നട സംസ്കാരം സംരക്ഷിക്കാനുള്ള നീക്കമെന്ന നിലയില്‍ കേരള സര്‍ക്കാരിന്റെ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് ലിംബാവലി കത്തില്‍ വ്യക്തമാക്കി. മഞ്ചേശ്വര (മഞ്ചേശ്വരം), ബേഡഡുക്ക (ബേഡകം), കാറട്ക (കാഡഗം), മദ്ദൂരു (മദ്ദൂര്‍), മല്ല (മല്ലം), ഹൊസദുര്‍ഗ (പുതിയ കോട്ട), കുബളെ (കുമ്പള), പിലികുഞ്ചെ (പുലികുന്ന്), ആനേബാഗിലു (ആനേബാഗില്‍), നെല്ലികിഞ്ജ (നെല്ലിക്കുന്ന്), ശശിഹിത്ലു (ശൈവളപ്പ്) എന്നിവയാണ് പേരുമാറ്റുന്ന സ്ഥലങ്ങള്‍ (ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത് മലയാളത്തിലേക്ക് മാറ്റുന്ന പേരുകള്‍).
ഇതേ വിഷയത്തില്‍ കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കേരള സര്‍ക്കാരിനു കത്തയക്കുകയും, ബിജെപി എംപി പ്രതാപ് സിംഹ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ ശക്തമായ ഇടപെടലും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: