ന്യൂദല്‍ഹി: സിഖ് സമുദായത്തിലെ നാല് പെണ്‍കുട്ടികളെ കഴിഞ്ഞ നാലുമാസത്തിനിടയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഡിഎസ്ജിഎംസി. ജമ്മു കാശ്മീരില്‍ മതപരിവര്‍ത്തനത്തിനെതിരായ നിയമം നടപ്പാക്കണമെന്നും സംഘടനയുടെ പ്രസിഡന്റ് മഞ്ജിന്ദര്‍ സിംഗ് സിര്‍സ തിങ്കളാഴ്ച ആവശ്യപ്പെട്ടു. ഈ പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ വിവേചനം നേരിട്ടു. തട്ടിക്കൊണ്ടുപോയ ഒരു പെണ്‍കുട്ടിയുടെ കുടുംബത്തെ കോടതിയിലേക്ക് പ്രവേശിപ്പിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷസമുദായത്തില്‍നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ സിര്‍സ, കാശ്മീരിലെ ജനങ്ങള്‍ക്ക് സഹായം ആവശ്യമായി വന്നപ്പോഴൊക്കെ സിഖ് സമൂഹം മുന്‍പന്തിയിലുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
‘ഭൂരിപക്ഷ സമുദായത്തില്‍നിന്നുള്ള ആളുകള്‍ തങ്ങളുമായി വേദി പങ്കിടുമെന്ന് പ്രതീക്ഷിരുന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. കാശ്മീരില്‍ പ്രളയമുണ്ടായപ്പോള്‍ 50,000 പേര്‍ക്ക് ഭക്ഷണവുമായി എല്ലാദിവസവും ഞങ്ങള്‍ ദല്‍ഹിയില്‍നിന്ന് എത്തി. കാശ്മീരി വിദ്യാര്‍ഥികളെ പുറത്ത് അധിക്ഷേപിച്ചപ്പോള്‍, സിഖ് സമൂഹം താഴ് വരയിലേക്ക് യാത്രയൊരുക്കി’.- സിര്‍സ പറയുന്നു. താഴ്വരയിലെ ന്യൂനപക്ഷ വിഭാഗത്തിലുള്ള പെണ്‍കുട്ടികളുടെ സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ആ പെണ്‍കുട്ടികള്‍ ഉടന്‍ വീടുകളിലേക്ക് മടങ്ങിയെത്തുമെന്നും ശിരോമണി അകാലി ദള്‍ നേതാവ് കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കാശ്മീരില്‍നിന്നുള്ള സിഖ് സംഘത്തിന് അമിത് ഷാ സമയം അനുവദിച്ചിട്ടുണ്ടെന്നും സിര്‍സ വ്യക്തമാക്കി. ശ്രീനഗറില്‍ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തിയ സംഭവത്തില്‍ ശിരോമണി അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ ട്വിറ്ററില്‍ ‘നടുക്കം’ രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: