പള്ളുരുത്തി: സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം കൃത്യമായി നടത്തിയ റേഷന്‍ വ്യാപാരികള്‍ നീതിയില്ലാതെ അലയുന്നു. കഴിഞ്ഞ പത്ത് മാസമായി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിനുള്ള ഇവരുടെ കമ്മീഷന് സര്‍ക്കാര്‍ നല്‍കിയിട്ട് പത്തു മാസമായെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ജീവനക്കാരുടേയും മറ്റും വേതനത്തിന്റെ ഫയലുകള്‍ കൃത്യമായി നീങ്ങുമ്പോള്‍ റേഷന്‍ വ്യാപാരികളുടെ കമ്മീഷനുള്ള ഫയലുകള്‍ മാത്രം നീങ്ങുന്നില്ലെന്നാണ് ആക്ഷേപം.
കൊവിഡ് പ്രതിസന്ധിയില്‍ യാതൊരു പരാതിക്കും ഇടനല്‍കാതെ സൗജന്യ കിറ്റ് വിതരണവും റേഷന്‍ വിതരണവും എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ച റേഷന്‍ വ്യാപാരികളുടെ സങ്കടം കാണാന്‍ ആരുമില്ലെന്നാണ് ഇവരുടെ പരിഭവം. ഒരു കിറ്റിന് അഞ്ച് രൂപയാണ് സര്‍ക്കാര്‍ കമ്മീഷന് നിശ്ചയിച്ചതെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ ഇത് നല്‍കുന്നതിനുള്ള നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യാതെയും ശമ്പളം നല്കുമ്പോള് ഫലത്തില്‍ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തങ്ങളെ അധികൃതര്‍ അവഗണിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. അതാത് മാസത്തെ റേഷന്‍ വിതരണം കഴിഞ്ഞ് അഞ്ച് ദിവസത്തിനകം റേഷന്‍ വ്യാപാരികളുടെ വേതനം നല്‍കണമെന്നാണ് പറയുന്നതെങ്കിലും അത് നടപ്പാകുന്നില്ല. പലപ്പോഴും ഒരു മാസം പിന്നിടുമ്പോഴാണ് ഇവര്‍ക്ക് വേതനം ലഭിക്കാറ്. ഇത്തരത്തില്‍ കടകള്‍ നടത്തി കൊണ്ട് പോകുക വലിയ പ്രയാസമാണെങ്കിലും സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന തങ്ങളുടെ വിഷമം അധികൃതര്‍ മനസിലാക്കണമെന്നും ഇവര്‍ പറയുന്നു.
കടവാടകയും വൈദ്യുതി ചാര്‍ജും സഹായിക്കുള്ള വേതനവും നല്കിയാല് വ്യാപാരിക്ക് പിന്നെ ഒന്നും ലഭിക്കാത്ത സാഹചര്യമാണുള്ളത്. 45 ക്വിന്റെല്‍ അരി വിറ്റ് പോകുന്ന കടക്ക് ലഭിക്കുന്ന വേതനം പതിനെട്ടായിരം രൂപയാണ്. ഈ ചെലവെല്ലാം കഴിച്ചാല്‍ പിന്നെ എന്താണുണ്ടാകുകയെന്ന് ഇവര്‍ ചോദിക്കുന്നു. തങ്ങളുടെ വേതനം കൃത്യമായി തരികയും കുടിശികയായി കിടക്കുന്ന സൗജന്യ കിറ്റ് വിതരണത്തിന്റെ കമ്മീഷന് ലഭിക്കുകയും ചെയ്താല്‍ അത് സംസ്ഥാനത്തെ 14250 ഓളം വരുന്ന റേഷന്‍ വ്യാപാരികള്‍ക്ക് വലിയ സഹായകരമാകുമെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: