തിരുവനന്തപുരം : ഇടത് അനുഭാവികളുടെ കള്ളക്കടത്ത് ബന്ധങ്ങള്‍ പുറത്തുവന്നതോടെ വിവാദങ്ങളില്‍ നിന്നും തലയൂരാന്‍ നീക്കവുമായി സിപിഎം. കള്ളക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളവര്‍ ഇനി പാര്‍ട്ടിയിലുണ്ടാകില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. ഇന്ന് ചേരുന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം വിമാനത്താാവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഒന്നാം പിണറായി സര്‍ക്കാരിനെ ഉലച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരേയുള്ള ആരോപണങ്ങളില്‍ നിന്നും ഒഴിവാകുന്നതിനാണ് ഈ തീരുമാനം. അര്ജ്ജുന് ആയങ്കി, ആകാശ് തില്ലങ്കേരി സംഘങ്ങളുടെ കള്ളക്കടത്ത് ക്വട്ടേഷന്‍ സംബന്ധിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുടെ കാറാണ് അര്ജ്ജുന് സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പാര്ട്ടിക്കാര് എന്ന വ്യാജേനെയാണ് സൈബറിടങ്ങളില്‍ കള്ളക്കടത്തുകാരുടെ പ്രവര്‍ത്തനം. ഇതിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും സിപിഎം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിക്കകത്ത് സജീവ ചര്‍ച്ചയാണ് അര്ജ്ജുന് ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരുടെ ക്വട്ടേഷന്‍ ഇടപാടുകള്‍. രാമനാട്ടുകര അപകടത്തിന് പിന്നാലെ ആ സ്വര്‍ണ്ണക്കടത്തിന്റെ ആസൂത്രകന്‍ അര്ജുന് ആയങ്കിയാണെന്ന് തെളിഞ്ഞതോടെ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സിപിഎം അനുഭാവികളുടെ ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതോടെയാണ് ഇത്തരക്കാരില്‍ നിന്നും പാര്‍ട്ടി അണികള്‍ മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ ഘടകം രംഗത്ത് എത്തിയത്. എഫ്ബി പോസ്റ്റിലൂടെയാണ് ജില്ലാഘടകം ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനു പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് ഇവരെ പേരെടുത്ത് വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുന്നത്.
അതേസമയം കണ്ണൂര്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ അര്ജുന് ആയങ്കിയും, ആകാശ് തില്ലങ്കേരിയും ഉള്‍പ്പടെയുള്ളവരുടെ പങ്ക് പോലീസ് അന്വേഷിക്കുന്നു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ സംഘത്തിന് പങ്കുള്ളതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം. കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയും അല്ലാതെയുമുള്ള തട്ടിപ്പുകളും അന്വേഷണ പരിധിയിലുണ്ട്.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ അര്ജുന് ആയങ്കിയാണെന്ന് കസ്റ്റംസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇയാള്‍ നേരത്തെയും സമാന കേസുകളില്‍ ഇടപെട്ടതായാണ് വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിപുലമായ അന്വേഷണം നടത്താനുള്ള തീരുമാനം. കരിപ്പൂര്‍ കേസില്‍ പേര് ഉയര്‍ന്നതിനു പിന്നാലെ അര്ജുന് ആയങ്കി ഒളിവിലാണ്. അര്ജുന് ഉപയോഗിച്ച കാറും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: