കൊല്‍ക്കൊത്ത: ബംഗാള്‍ തെരഞ്ഞെടുപ്പ് വിജയിച്ചതോടെ എല്ലാം കൈപ്പിടിയിലാണെന്ന രീതിയില്‍ മുന്നോട്ട് പോകുന്ന മമത ബാനര്‍ജി തന്റെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ധന്‍കറെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഗവര്‍ണ്ണറെ നീക്കാന്‍ രാഷ്ട്രപതിക്ക് മാത്രമേ അധികാരമുള്ളൂ എന്നും അതും അത്യപൂര്‍വ്വമായി അതിനുള്ള സാഹചര്യം ഉണ്ടായാല്‍ മാത്രമേ രാഷ്ട്രപതി പോലും അത്തരം നീക്കാന്‍ നടത്താന്‍ പാടൂ എന്നുമാണ് സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ് പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തിനും ചില വനിതാപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന കൂട്ടബലാത്സംഗത്തിനും നേരെ ഗവര്‍ണര്‍ ശക്തമായി പ്രതികരിച്ചിരുന്നു. അന്ന് അക്രമം ഭയന്ന് ബംഗാളില്‍ നിന്നും അസമിലേക്ക് താല്‍ക്കാലികമായി ഓടിപ്പോകേണ്ടി വന്ന കുടുംബങ്ങളെ നേരിട്ട് ഗവര്‍ണര്‍ സന്ദര്‍ശിക്കുകയും ചെയ്തു. മമത ജനാധിപത്യത്തെ കൊലചെയ്യുകയാണെന്ന് രബീന്ദ്രനാഥ ടാഗൂറിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു.
ഗവര്‍ണര്‍ തൃണമൂല്‍ മേധാവിത്വത്തിന് ഭീഷണിയാകുന്നതോടെയാണ് എങ്ങിനെയെങ്കിലും ഗവര്‍ണറെ മാറ്റാനുള്ള നീക്കത്തിന് മമത ശക്തികൂട്ടുന്നത്. ഇക്കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ച് മമത നിയമസഭാ സ്പീക്കര്‍ ബിമന്‍ ബാനര്‍ജിയെ കണ്ടിരുന്നു. ഇതേ തുടര്‍ന്ന് ബിമന്‍ ബോസ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി ബംഗാള്‍ ഗവര്‍ണറെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പാര്‍ലമെന്ററി കാര്യങ്ങളിലും ബംഗാല്‍ നിയമസഭാ പ്രവര്‍ത്തനങ്ങളിലും കൂടുതലായി ഗവര്‍ണര്‍ തലയിടുന്നു എന്ന പരാതിയായിരുന്നു സ്പീക്കര്‍ ഉന്നയിച്ചത്.
എന്നാല്‍ ഭരണഘടനാവിദഗ്ധര്‍ ഈ നീക്കത്തെ തള്ളിക്കളയുന്നു. കാരണം ഭരണഘടനയാണ് കേന്ദ്രത്തിന്റെ പ്രതിനിധിയായി ഗവര്‍ണ്ണറെ നിയമിക്കുന്നത്. രാഷ്ട്രപതിയാണ് ഗവര്‍ണറെ നിയമിക്കുന്നത്. അതിനാല്‍ രാഷ്ട്രപതിക്ക് മാത്രമേ ഗവര്‍ണറെ മാറ്റാന്‍ അധികാരമുള്ളൂ.
സര്‍ക്കാരിയ കമ്മീഷന് പറയുന്നത് അഞ്ച് വര്‍ഷത്തെ കാലാവധിക്ക് ശേഷം മാത്രമേ ഗവര്‍ണറെ മാറ്റാന്‍ കഴിയൂ എന്നാണ്. ധനകര്‍ ഗവര്‍ണറായത് 2019ല്‍ മാത്രമാണ്. വെങ്കിടാചലയ്യ കമ്മീഷനും ഗവര്‍ണ്ണര്‍ക്ക് ഏറ്റവും ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ കാലാവധി ശുപാര്‍ശ ചെയ്യുന്നു.
2010ലെ ബിപി സിംഗാള്‍ കേസിലാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച് നിര്‍ണ്ണായകമായ വിധി പുറപ്പെടുവിച്ചത്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തോടെ ഗുജറാത്ത്, ഉത്തര്‍പ്രേദശ്, ഹരിയാന, ഗോവ എന്നിവിടങ്ങളിലെ ഗവര്‍ണറെ മാറ്റണമെന്ന ആവശ്യമുയര്‍ന്നു. എന്നാല്‍ സുപ്രീംകോടതി പറഞ്ഞത് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണെന്നാണ്. അതും ഏകപക്ഷീയമായോ അകാരണമായോ ഗവര്‍ണ്ണറെ മാറ്റാന്‍ രാഷ്ട്രപതിയ്ക്ക് അധികാരമില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: