ന്യൂദല്‍ഹി: പുതുക്കിയ വാക്സിനേഷന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്ന ആദ്യ ദിവസമായ തിങ്കളാഴ്ച (2021 ജൂണ്‍ 21) നടത്തിയ മൊത്തം കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പുകളുടെ 63.68 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് നല്‍കിയിട്ടുള്ളത്. തിങ്കളാഴ്ചത്തെ മൊത്തം വാക്സിന് ഡോസുകളില്‍ 56.09 ലക്ഷം വാക്സിനുകള്‍ ഗ്രാമീണ വാക്സിനേഷന് കേന്ദ്രങ്ങളില്‍ നിന്ന് നല്കിയപ്പോള്, നഗരങ്ങളില്‍ 31.9 ലക്ഷം പേര്‍ക്ക് വാക്സിനേഷന് നല്കി.
ചൊവ്വാഴ്ച ദല്‍ഹിയില്‍ നടന്ന കോവിഡ് 19 നെ കുറിച്ചുള്ള പത്ര സമ്മേളനത്തില്‍ നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോള്‍, ഗ്രാമീണ മേഖലയിലെ പ്രതിരോധ കുത്തിവയ്പ്പിനു പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു. രാജ്യത്തെ ഗ്രാമനഗര ജനസംഖ്യാ വിഭാഗത്തിന് ആനുപാതികമായ എണ്ണത്തിലാണ് തിങ്കളാഴ്ച (2021 ജൂണ്‍ 21) മുതലുള്ള വാക്സിനേഷന് നടന്നത്. വാക്സിനേഷന് കേന്ദ്രങ്ങളില്‍ 71 ശതമാനവും സ്ഥിരമായി, ഗ്രാമപ്രദേശങ്ങളിലാണെന്നും കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ വാക്സിനേഷനുകളില്‍ പകുതിയും ഗ്രാമപ്രദേശങ്ങളിലാണെന്നും ഡോ പോള്‍ പറഞ്ഞു.
തിങ്കളാഴ്ച ഇത്രയും വലിയ അളവിലുള്ള വാക്സിന് ഡോസുകള്‍ (88.09 ലക്ഷം) നല്കുമ്പോഴും കോവിന്‍ പ്ലാറ്റ്ഫോമില്‍ ഒരു തകരാറും കണ്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2021 ജൂണ്‍ 21 ന് ആകെ നല്കിയ വാക്സിന് ഡോസുകളില്‍ 92 ശതമാനവും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വാക്സിന് ലഭിച്ചവരില്‍ 46 ശതമാനം സ്ത്രീകളും 53 ശതമാനം പുരുഷന്മാരുമാണ്. ഈ ലിംഗഅസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന എല്ലാ സ്ഥലങ്ങളിലും അത് പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: