കോഴിക്കോട്: മുസ്ലീം മതരാഷ്ട്രത്തിനായി വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്ണിന്റെ തലപ്പത്തേക്ക് എത്തുന്ന പ്രമോദ് രാമനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടന. സമസ്ത കേരള സുന്നി യുവജന സംഘത്തിനെതിരെ (എസ്വൈഎസ്) മുന്‍പ് പ്രമോദ് എടുത്ത നിലപാട് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയര്‍ന്നത്. 2015 ഡിസംബര്‍ 13ന് കൊച്ചിയില്‍ നടന്ന നബിദിന റാലി മീലാദ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ പ്രമോദ് രാമനെയും ക്ഷണിച്ചിരുന്നു. എന്നാല്‍, അദേഹം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇത് അവഗണിച്ച് സുന്നി വിഭാഗം പ്രമോദിന്റെ പേര് ഉള്‍പ്പെടുത്തി പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.
ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രമോദ് രാമന് നടത്തിയത്. ‘ഞാന്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ച ഒരു പരിപാടിയില്‍ ആണ് എന്റെ പേര് അച്ചടിച്ച് നോട്ടീസ് വിതരണം ചെയ്തിരിക്കുന്നത്. ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാട് ഇത്തരം മതജീര്ണവാദികളുമായി ചേര്‍ന്ന് പോകുന്നതല്ലെന്ന് തുറന്നുപറയട്ടെ. സ്വന്തം പാളയത്തിനു പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന്, ചെയ്യുന്ന കാര്യങ്ങള്‍ക്ക് സാധുത ഉണ്ടാക്കാനുള്ള ശ്രമം ആണിത്. ഈ കെണി എല്ലാവരും തിരിച്ചറിയണം’.- എന്നാണ് അന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഈ പോസ്റ്റ് ഉയര്‍ത്തിയാണ് പ്രമോദ് രാമനെതിരെ പ്രതിഷേധവുമായി സുന്നി സംഘടനകള്‍ എത്തിയിരിക്കുന്നത്. ‘ഏത് ചാനലില്‍ പ്രവര്‍ത്തിക്കണം എന്നതൊക്കെ ഓരോ മാധ്യമ പ്രവര്‍ത്തകന്റെയും സ്വാതന്ത്ര്യമാണ്. ആരെ സ്വീകരിക്കണം എന്നത് ചാനലിന്റെയും സ്വാതന്ത്ര്യമാണ്. ഒക്കെ ശരി തന്നെ. പക്ഷെ, കേരളത്തിലെ പ്രബല മതസംഘടനയെ പോലും മതജീര്ണ വാദികളായി കാണുന്ന ഒരാളെ, ‘ഉമ്മത്തിന്റെ പേരില്‍’ രോമാഞ്ചപ്പെടുന്ന ഒരു സ്ഥാപനം സ്വീകരിച്ചാനയിക്കുന്നത് കാണുമ്പോള്‍ എന്തോ ഒരിത് തോന്നുന്നില്ലേ. എനിക്കതിശയമില്ല തെല്ലും, കാരണം ചാനല്‍ മീഡിയ വണ്‍ ആണ്. പ്രമോദ് രാമന്റെ മത ജീര്‍ണ വാദികളുടെ ലിസ്റ്റില്‍ ജമാഅത്തെ ഇസ്ലാമി ഇല്ല എന്നറിയുന്നതില്‍ വലിയ സന്തോഷം. ജമാഅത്തുകാര്‍ക്ക് ആനന്ദിപ്പാന്‍ ഇനിയെന്തുവേണം’ എന്നുള്ള വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.
മനോരമ ന്യൂസിലെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു പ്രമോദ് രാമന്. രാജീവ് ദേവരാജ് മീഡിയ വണ്ണില്‍ നിന്ന് മാതൃഭൂമി ന്യൂസിലേക്ക് പോയതിന്റെ ഒഴിവിലാണ് പ്രമോദ് രാമന്റെ നിയമനം. ജൂലൈ ഒന്നിന് പ്രമോദ് രാമന് ചുമതലയേല്‍ക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: