പത്തനാപുരം: മുള്ളുമലയില്‍ ടവര്‍ സ്ഥാപിച്ചത് തങ്ങളുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണെന്ന് തെളിയിച്ച് ബിജെപി. അതേസമയം താനാണ് മുന്‍കൈ എടുത്തത് എന്ന തരത്തില്‍ ജ്യോതികുമാര്‍ ചാമക്കാല സാമൂഹ്യമാധ്യമങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രാദേശികതലത്തിലും വന്‍പ്രചരണം നടത്തുകയാണ്. ഇത് പരിഹാസ്യമാണെന്ന് ബിജെപി ആരോപിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് മുള്ളുമല കോളനി നിവാസികള്‍ വോട്ട് ബഹിഷ്കരിക്കാന്‍ തീരുമാനിച്ച് പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടിയുള്ള മൊബൈല്‍ നെറ്റ് വര്‍ക്ക് പ്രദേശത്ത് ഇല്ലാത്തതായിരുന്നു കാരണം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇടതു-വലതു രാഷ്ട്രീയപാര്‍ട്ടികള്‍ മൗനം പാലിച്ചു.
വോട്ട് അഭ്യര്‍ത്ഥനയുടെ ഭാഗമായി മുള്ളുമലയില്‍ എത്തിയ ബിജെപിയുടെ ബ്ലോക്ക് ഡിവിഷന് സ്ഥാനാര്‍ത്ഥി നിജി പ്രവീണും പുന്നല ഏരിയയിലെ ബിജെപി നേതാക്കളും കോളനി നിവാസികളോട് സംസാരിക്കുകയും മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭ്യമാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ നിജി പ്രവീണ്‍ പ്രധാനമന്ത്രിയുടെ ആഫീസിലേക്ക് വിഷയവുമായി ബന്ധപ്പെട്ട് പരാതിയയച്ചു.
തെരഞ്ഞെടുപ്പിനു ശേഷം ബിഎസ്എന്‍എല്‍ കൊല്ലം ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ആഫീസുമായി ബന്ധപ്പെട്ടപ്പോള്‍ പ്രധാനമന്ത്രിയുടെ ആഫീസില്‍ നിന്ന് ഈ വിഷയത്തില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശം വന്നിട്ടുണ്ടെന്നും വ്യക്തമായി. കൂടാതെ ബിഎസ്എന്‍എല്‍ ആഫീസര്‍ക്ക് വീണ്ടും പരാതി നല്കിയപ്പോള് അതിന്റെ പേപ്പറുകള്‍ പഞ്ചായത്തില്‍ അയച്ചിട്ടുണ്ടെന്ന് പറയുകയും ഉദ്യോസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
പിന്നീട് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി ടവര്‍ നിര്‍മ്മാണത്തിനു വേണ്ട സാധനങ്ങള്‍ അവിടെ എത്തിക്കുകയായിരുന്നു. ടവറിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ വഞ്ചന ജനം തിരിച്ചറിയുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് മഞ്ചല്ലൂര്‍ സതീഷ്, അജീഷ് കുമാര്‍, കറവൂര്‍ കണ്ണന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: