തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൈരളി ചാനല്‍ വില്പനയ്ക്ക്. പരിപാടികളുടെ മുഴുവന്‍ ചുമതല സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണ്. പരിപാടികളുടെ നിര്‍മ്മാണവും മാനേജ്മെന്റും എല്ലാം വാങ്ങുന്ന കമ്പനിയുടെ ചുമതലയാണ്. രണ്ടു ലക്ഷത്തോളം പേരില്‍ നിന്ന് ഓഹരി എടുത്ത് സിപിഎം 2000ല്‍ ആരംഭിച്ച മലയാളം കമ്യൂണിക്കേഷന്‍സ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ് കൈരളി ചാനല്‍. പിന്നീട് വാര്‍ത്തക്കും വാര്‍ത്താധിഷ്ടിത പരിപാടികള്‍ക്കുമായി പീപ്പിള്‍ ടി.വി. എന്നൊരു ചാനല്‍ തുടങ്ങികയും കൈരളി ന്യൂസ് എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തു. യുവാക്കളെ ഉദ്ദേശിച്ച് കൈരളി വീ എന്നൊരു ചാനലും സംപ്രേഷണം തുടങ്ങി. എന്നാല്‍, ഈ ചാനലുകള്‍ കാണാന്‍ ആളില്ലാത്തതുമൂലം വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.
ഇതില്‍ കൈരളി ന്യൂസ് ഒഴികെ മറ്റ് രണ്ടു ചാനലും മറിച്ചു നല്‍കാനാണ് തീരുമാനം. വീ ചാനല്‍ മുംബയ് ആസ്ഥാനമായുള്ള മലയാളി ബിസിനസ്സ് ഗ്രൂപ്പിനാണ് കൈമാറുക. പാര്‍ട്ടി പിന്തുണയും സര്‍ക്കാര്‍ സഹായവും ഉണ്ടായിരുന്നിട്ടും തുടക്കം മുതല്‍ പ്രതിസന്ധിയിലാണ് ചാനല്‍. ചാനലിനെ നയിച്ച ജോണ്‍ ബ്രിട്ടാസ് രാജ്യസഭ അംഗമായി പോകുന്നതോടെ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. അതിനാലാണ് ചാനലുകള്‍ തന്നെ മറിച്ചു നല്‍കുന്നത്.
2017 ല്‍ സമാന നീക്കം ഉണ്ടായിരുന്നു. എംസിഎല്‍ മീഡിയ ലിമിറ്റഡ്, കൈരളി ടെലിവിഷന്‍ ലിമിറ്റഡ് എന്ന രണ്ടു കമ്പനികള്‍ ഇതിനായി രജിസ്ട്രര്‍ ചെയ്തു. തിരുവനന്തപുരം പാളയത്തെ കൈരളി ചാനലിന്റെ വിലാസത്തില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന രണ്ടു കമ്പനികളിലും ഒരേ ഡയറക്ടര്‍മാരാണ് ഉള്ളത്. അതും രണ്ടു പേര് മാത്രം. ജോണ്‍ ബ്രിട്ടാസും എ വിജയരാഘവനും. ചാനല്‍ ചെയര്മാന് മമ്മൂട്ടി പോലും ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല.
മലയാളം കമ്മ്യുണിക്കേഷന് ജോണ്‍ ബ്രിട്ടാസ്, എ കെ മൂസ, വി കെ മുഹമ്മദ് അഷര്‍, ടി ആര് അജയന്, എം എം മോനായി, സി കെ കരുണാകരന്, പി ഐ മുഹമ്മദ് കുട്ടി, എ വിജയരാഘവന് എന്നീ എട്ട് ഡയറക്ടര്‍മാര്‍ ഉണ്ട്.
ചാനല്‍ വിഭജനത്തിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായതിനാല്‍ മുന്നോട്ടു പോകാനായില്ല. ചാനല്‍ പ്രതിസന്ധി മറികടക്കാന്‍ 300 കോടി കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. പിന്നീട് സഹകരണ സ്ഥാപനങ്ങളെക്കൊണ്ട് നേരിട്ട് ഓഹരി എടുപ്പിക്കാനായി നീക്കം നടത്തി, പി രാജീവ്, ജയിംസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായി സഹകരണസംഘം രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പ്രളയം വന്നതും പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായതും മൂലം വിജയിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: