ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ 2024ന് മുന്‍പ് വാഹനാപകടങ്ങള്‍ 50 ശതമാനത്തോളം കുറയ്ക്കാന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരങ്ങളിലും വാഹനാപകടങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തുമെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട്, ഹൈവേയ്സ് മന്ത്രി നിതിന്‍ ഗാഡ്കരി പറഞ്ഞു.
ഇന്ത്യയിലെ അപകടമുണ്ടാക്കുന്ന ബ്ലാക്ക് സ്പോട്ടുകള്‍ പരിഹരിക്കാനായി 14,000 കോടി രൂപയാണ് എഡിബിയും ലോകബാങ്കും സംസ്ഥാനങ്ങള്‍ക്കും ദേശീയ പാത അതോറിറ്റിയ്ക്കും മറ്റ് പങ്കാളികള്‍ക്കും അനുവദിച്ചിരിക്കുന്നത്. റോഡ് സുരക്ഷയ്ക്കാവശ്യമായ നാല് ഇകള്‍ – ഇക്കോണമി (സമ്പദ്ഘടന), എന്‍ഫോഴ്സ്മെന്റ് (ബലമായി നടപ്പാക്കല്‍), എജ്യുക്കേഷന്‍ (വിദ്യാഭ്യാസം), എഞ്ചിനീയറിംഗ് (റോഡ് എഞ്ചിനീയറിംഗും ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങും)- ശക്തിപ്പെടുത്തുക വഴി റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കഠിനപരിശ്രമം നടത്തുമെന്നും ഗാഡ്കരി പറഞ്ഞു.
റോഡ് എഞ്ചിനീയറിംഗിലെ പ്രശ്നങ്ങളാണ് 50 ശതമാനം റോഡപകടങ്ങള്‍ക്കും കാരണം. ഈ ബ്ലാക് സ്പോട്ട് മെച്ചപ്പെടുത്താന്‍ പ്രത്യേകം നടപടികള്‍ എടുത്തിട്ടുണ്ട്. – ഗാഡ്കരി ചൂണ്ടിക്കാട്ടി. ഈ നടപടികള്‍ സീറോ റോഡ് ആക്സിഡന്റ് എന്ന മോദിയുടെ സ്വപ്നത്തിലേക്ക് വലിയ സംഭാവനകള്‍ ചെയ്യും. എന്‍ജിഒകള്‍, സാമൂഹ്യസംഘടനകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയുടെ സഹായം ഉറപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: