ന്യൂദല്‍ഹി: ദല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന മേയര്‍മാരുടെ തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഏതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
വടക്കന്‍ ദല്‍ഹിയില്‍ ജിടിബി വാര്‍ഡ് കൗണ്‍സിലറായ രാജാ ഇഖ്ബാല്‍ സിംഗ് പുതിയ മേയറായി. ഹോളമ്പി ഖുര്‍ദ് കൗണ്‍സിലറായ അര്‍ച്ചന ഡപ്യൂട്ടി മേയറായി എതിരില്ലാതെ വിജയിച്ചു. ബിജെപി ഭരിയ്ക്കുന്ന മുനിസപ്പില്‍ കോര്‍പറേഷനില്‍ മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് അപേക്ഷ കൊടുക്കേണ്ട അവസാന തീയതി ജൂണ്‍ എട്ടായിരുന്നു. രാജാ ഇഖ്ബാല്‍ സിംഗും അര്‍ച്ചനയും ബിജെപി ടിക്കറ്റില്‍ യഥാക്രമം മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് അപേക്ഷകള്‍ നല്കി. തെരഞ്ഞെടുപ്പ് വെറും നടപടിക്രമം മാത്രമായിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഇല്ലായിരുന്നു.
വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളേയും എതിരില്ലാതെ തെരഞ്ഞെടുത്തു. ജോഗി റാം ജെയിന്, വിജയ് ഭഗത് (ബിജെപി), രാജീവ് യാദവ് (ആംആദ്മി പാര്‍ട്ടി) എന്നിവരാണ് എതിരില്ലാതെ വിജയിച്ചത്. ദല്‍ഹി ഡവലപ്മെന്റ് അതോറിറ്റി (ഡിഡിഎ) ഉപദേശകസമിതി അംഗമായി ബിജെപിയുടെ യോഗേഷ് വര്‍മ്മ എതിരില്ലാതെ വിജയിച്ചു.
കോവിഡ് മൂന്നാം തരംഗത്തില്‍ നിന്നും നഗരത്തെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ മേയര്‍ രാജാ ഇഖ്ബാല്‍ സിംഗ് പറഞ്ഞു.
തെക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലേക്കും മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകള്‍ ഏകപക്ഷീയമായിരുന്നു. ഇവിടെ സാഗര്‍പൂര്‍ വെസ്റ്റ് ബിജെപി കൗണ്‍സിലര്‍ മുകേഷ് സൂര്യന് മേയറായും ബിജെപിയുടെ തന്നെ പവര്‍ ശര്‍മ്മ ഡപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു.
കിഴക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുന്ദര്‍ അഗര്‍വാള്‍ മേയറായും കിരണ്‍ വൈദ്യ ഡപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു. ദല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനും ബിജെപിയാണ് ഭരിയ്ക്കുന്നത്. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വര്‍ഷം നീട്ടിവെച്ച മേയര്‍ തെരഞ്ഞെടുപ്പ് ഇപ്പോഴാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: