കൊല്‍ക്കൊത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല പ്രസംഗം നടത്തിയ നടന് മിഥുന് ക്രവര്‍ത്തിയെ തൃണമൂല്‍ പൊലീസ് ചോദ്യം ചെയ്തേക്കും. നേരത്തെ മണിക്തലയില്‍ നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. തന്റെ സിനിമയിലെ മാസ് ഡയലോഗുകള്‍ ഉപയോഗിച്ചായിരുന്നു തൃണമൂലിനെതിരായ മിഥുന് ചക്രവര്‍ത്തിയുടെ ഈ തീപ്പൊരി പ്രസംഗം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിജെപി നേതാക്കളെയും അനുകൂലികളെയും വേട്ടയാടുന്ന തൃണമൂലിന്റെ നീക്കത്തിന്റെ ഭാഗമാണ് മിഥുന് ചക്രവര്‍ത്തിക്കെതിരായ ഈ നടപടി.
ജൂണ്‍ 18ന് ഈ കേസില്‍ ഹൈക്കോടതി വാദംകേള്‍ക്കും. മിക്കവാറും അന്ന് വീഡിയോ വഴി താരത്തെ ചോദ്യം ചെയ്യാനുള്ള അനുമതിയും സമയവും പൊലീസിന് ഹൈക്കോടതി നല്‍കിയേക്കും.
മെയ് മാസത്തില്‍ തന്നെ മിഥുന് ചക്രവര്‍ത്തിയുടെ പ്രസംഗത്തിന്റെ പേരില്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷിനും മിഥുന് ചക്രവര്‍ത്തിക്കും എതിരെ തൃണമൂല്‍ പ്രവര്ത്തകന് മൃത്യുഞ്ജയ് പോള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മിഥുന് ചക്രവര്‍ത്തിയുടെ പ്രസംഗമാണ് തെരഞ്ഞെടുപ്പാനന്തര കലാപത്തിന് ഇടയാക്കിയതെന്ന് പരാതിക്കാരന് ആരോപിച്ചിരുന്നു. ‘ഞാന്‍ ഇവിടെ അടിച്ചാല്‍ നീ ശ്മശാനത്തില്‍ വീഴും,’ എന്ന രീതിയിലുള്ള ഡയലോഗുകളാണ് മിഥുന് ചക്രവര്‍ത്തി പ്രസംഗത്തില്‍ ഉപയോഗിച്ചത്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി മിഥുന് ചക്രവര്‍ത്തിയുടെ ഇ-മെയില്‍ വിലാസം വാങ്ങിയിരുന്നു. എപ്പോഴെങ്കിലും ചോദ്യം ചെയ്യേണ്ടി വന്നാല്‍ വിളിപ്പിക്കാനാണിതെന്നും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: