തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ലോക്ഡൗണില്‍ ഇളവ് ആണെങ്കിലും മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ ദിവസങ്ങള്‍ എടുത്തേക്കും. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ മദ്യ വില്‍പ്പന നടത്താന്‍ സാധിക്കൂ. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് സംസ്ഥാനത്തെ മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ വൈകുന്നത്.
ആദ്യലോക്ഡൗണിന് ശേഷം ബെവ് ക്യൂ ആപ്പ് വഴിയാണ് സംസ്ഥാനത്ത് മദ്യ വില്‍പ്പനയ്‌ക്ക് ആദ്യം തുടക്കമിട്ടത്. എന്നാല്‍ ബെവ് ക്യൂ ആപ്പ് വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ചില പ്രായോഗിക തടസ്സമുണ്ട്. ബെവ്‌കോ എംഡി ഇന്ന് ബവ്ക്യൂ ആപ്പ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഇതിന് ശേഷമാകും തീരുമാനം.
കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 നാണ് സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ അടച്ചത്. ലോക്ഡൗണ്‍ ഇളവിന്റെ ഭാഗമായി ബെവ്‌കോ വില്‍പ്പന ശാലകളും ബാറുകളും തുറക്കുമെന്ന് മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. തിരക്ക് ഒഴിവാക്കാനായി മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനയ്‌ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളില്‍ മദ്യ വില്‍പ്പനക്ക് അനുമതിയില്ല.
എന്നാല്‍ ആപ്പ് പ്രവര്‍ത്തനക്ഷമമാക്കാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ആപ്പ് തയ്യാറാക്കിയ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചിരിക്കുന്നത്. സെര്‍വര്‍ സ്‌പേസ് ശരിയാക്കണം, പാര്‍സല്‍ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യണം, സ്റ്റോക്ക് വിവരങ്ങളും ലഭ്യമാകേണ്ടതുണ്ട്. മൊബൈല്‍ കമ്പനികളുമായി ഒടിപി സംബന്ധിച്ച് കരാറും ഉണ്ടാക്കേണ്ടതുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടിയ പ്രദേശങ്ങളിലെ വില്‍പ്പനശാലകളെ ആപ്പില്‍ നിന്ന് ഒഴിവാക്കണം ഇത്തരം പ്രായോഗിക പ്രശ്‌നങ്ങള്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ വിലയിരുത്തും.
അതിനുശേഷം മാത്രമേ മദ്യവില്‍പ്പന എന്നു തുടങ്ങണം, എന്ത് ക്രമീകരണം ഏര്‍പ്പെടുത്തണം എന്നതില്‍ അന്തിമ തീരുമാനം സ്വീകരിക്കാനാകു. ബെവ്‌കോ അധികൃതരുമായി തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങളെല്ലാം ഫെയര്‍കോഡ് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: