ന്യൂയോര്‍ക്ക്: മധ്യേഷ്യയിലുടനീളമുള്ള ശത്രുരാജ്യങ്ങളിലെ സൈനികക്യാമ്പുകളെ നിരീക്ഷിക്കാവുന്ന ആധുനിക ഉപഗ്രഹം ഇറാന് നല്കാന് റഷ്യ. ഈ മാസം അവസാനത്തോടെ ഉയര്‍ന്ന ശേഷിയുള്ള കനോപസ്-വി എന്ന ഉപഗ്രഹം റഷ്യ ഇറാന് നല്‍കുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.
യുഎസും ഇറാനും തമ്മിലുള്ള ശത്രുതയും അസ്വാരസ്യവും വളരുന്ന സഹാചര്യത്തിലാണ് ടെഹ്റാന് പിന്തുണ നല്‍കിക്കൊണ്ടുള്ള റഷ്യയുടെ ഈ നീക്കം. ഇറാന് ഇതുവരെ സ്വന്തമായി നിര്‍മ്മിച്ച നാല് ഉപഗ്രങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. ഗവേഷണലക്ഷ്യത്തോടെയായിരുന്നു ഇവയെല്ലാം. കഴിഞ്ഞ വര്‍ഷം നൂര്‍ -1 എന്ന സൈനിക ഉപഗ്രഹം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് വിക്ഷേപിച്ചിരുന്നു. കനോപസ്-വിയില്‍ ശക്തമായ 1.2 മീറ്റര്‍ റെസൊലൂഷന്‍ ക്യാമറയാണുള്ളത്. പേഴ്സ്യന്‍ ഗള്‍ഫ് ഓയില്‍ റിഫൈനറികളെയും ഇസ്രയേല്‍ സൈനികത്താവളങ്ങളെയും ഇറാഖിലെ യുഎസ് സൈനികത്താവളങ്ങളെയും നിരീക്ഷണവിധേയമാക്കാന്‍ കനോപസ് ക്യാമറയ്ക്ക് കഴിയും.
ഈ ഉപഗ്രഹം പ്രവര്‍ത്തിപ്പിക്കേണ്ട വിധം പഠിപ്പിക്കാന്‍ റഷ്യയില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഇറാനില്‍ നേരത്തെ എത്തിയിരുന്നു. ടെഹ്റാനിലെ കരജ് വെസ്റ്റില്‍ സ്ഥാപിച്ച പുതിയ സംവിധാനത്തില്‍ വെച്ചാണ് റഷ്യ ഒരു സംഘം ഇറാന് റവല്യൂഷണറി ഗാര്‍ഡുകള്‍ക്ക് പരിശീലനം നല്‍കിയത്.
ഇതിനിടെ വിയന്നയില്‍ ജെസിപിഒഎ(ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍- സംയുക്ത സമഗ്ര കര്‍മ്മപദ്ധതി) സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു. യുഎസും ഇറാനും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകള്‍ തീര്‍ക്കാനാണ് ചര്‍ച്ച. 2015ലെ ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും ഇറാന് പറഞ്ഞു. 2015ല്‍ ആറ് രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച കരാറാണ് ജെസിപിഒഎ. ഇത് പ്രകാരം ആണവ ശേഷിയുള്ള യുറേനിയം സമ്പുഷ്ടമാക്കല്‍ പദ്ധതിയില്‍ നിന്നും വിട്ടുനിന്നാല്‍ ഇറാനെതിരായ ഉപരോധം നീക്കാമെന്നതായിരുന്നു കരാര്‍. എന്നാല്‍ 2018ല്‍ ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ ഈ കരാര്‍ പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ഈ കരാര്‍ പുനസ്ഥാപിക്കാനാണ് ജോ ബൈഡന് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: