തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി ഇക്കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച രണ്ടു ഉത്തരവുകള്‍ ചരിത്രപ്രാധാന്യമര്‍ഹിക്കുന്നു. 47,000 ഏക്കര്‍ ക്ഷേത്ര ഭൂമി ഔദ്യോഗിക രേഖകളില്‍നിന്ന് കാണാതെ പോയിരിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോയമ്പത്തൂര്‍ ജില്ലയിലെ സുലൂരിലുള്ള രണ്ട് ക്ഷേത്രങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടതിനെക്കുറിച്ചുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഡിവിഷന് ബഞ്ച് ഇടക്കാല ഉത്തരവിലൂടെ വിശദീകരണം തേടിയിരിക്കുന്നത്. 1984-85 കാലയളവില്‍ ഔദ്യോഗിക രേഖയനുസരിച്ച് സംസ്ഥാനത്ത് ക്ഷേത്രങ്ങളുടേതായി അഞ്ചര ലക്ഷം ഏക്കറോളം ഭൂമിയുണ്ടായിരുന്നുവെന്നും, ഇപ്പോഴത്തെ രേഖപ്രകാരം നാലേമുക്കാല്‍ ലക്ഷം ഏക്കറാണുള്ളതെന്നും ചൂണ്ടിക്കാണിച്ച കോടതി, മൂന്നര പതിറ്റാണ്ടിനിടെ അന്‍പതിനായിരത്തോളം ഏക്കര്‍ ഭൂമി കാണാതായിരിക്കുകയാണെന്നും വ്യക്തമാക്കിയിരിക്കുന്നു. അഞ്ചരലക്ഷം വരുന്ന ക്ഷേത്രഭൂമിയുടെ സര്‍വേ നമ്പര്‍ അടക്കമുള്ള കൃത്യമായ വിവരങ്ങള്‍ സഹിതം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ കൈവശമുള്ളതായി കരുതപ്പെടുന്ന രേഖകള്‍ ഹാജരാക്കാന്‍ പ്രയാസമുണ്ടാവില്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.
ക്ഷേത്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം അടിവരയിട്ടു കാണിച്ചുകൊണ്ട് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവാണ് രണ്ടാമത്തേത്. ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തില്‍ ‘നിശ്ശബ്ദ ശവസംസ്കാരം’ എന്ന തലക്കെട്ടില്‍ വന്ന പത്രാധിപര്‍ക്കുള്ള കത്ത് സ്വമേധയാ പരാതിയായി പരിഗണിച്ചാണ് കോടതിയുടെ സുപ്രധാനമായ നടപടി. പൗരാണിക ക്ഷേത്രങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും സംരക്ഷകര്‍ക്ക് തീരെ ശ്രദ്ധയില്ല. നമ്മുടെ അമൂല്യമായ പൈതൃകം നശിക്കുന്നത് പ്രകൃതി ദുരന്തങ്ങള്കൊണ്ടോ മറ്റ് വിപത്തുകള്കൊണ്ടോ അല്ല. മറിച്ച് അങ്ങേയറ്റം അശ്രദ്ധമായ ഭരണനിര്‍വഹണവും സംരക്ഷണവും കൊണ്ടാണിത് എന്നാണ് കോടതി തുറന്നടിച്ചത്. സംസ്ഥാനത്തെ രണ്ടായിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രങ്ങള്‍ തകര്‍ച്ചയിലാണ്. ക്ഷേത്രഭൂമി ക്ഷേത്രങ്ങളുടെ കൈവശം തന്നെയിരിക്കണം. പൊതു ആവശ്യം എന്ന തത്വം ക്ഷേത്രഭൂമിയുടെ കാര്യത്തില്‍ പ്രയോഗിക്കാന്‍ പാടില്ല. ക്ഷേത്രഭൂമികളില്‍ നടന്ന കയ്യേറ്റങ്ങളുടെ പട്ടിക തയ്യാറാക്കി കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട കോടതി, ആറ് ആഴ്ചയ്ക്കകം പട്ടിക തയ്യാറാക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വാടകക്കുടിശിക പിരിച്ചെടുക്കുകയും, അനധികൃത നിര്‍മാണങ്ങള്‍ തടയുകയും വേണം. നിര്‍ദ്ദിഷ്ട സമയത്തിനകം ഇതൊന്നും ചെയ്തില്ലെങ്കില്‍ കര്‍ശനമായ നടപടികളുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
മദ്രാസ് ഹൈക്കോടതിയുടെതാണ് ഈ ഉത്തരവുകളെങ്കിലും തമിഴ്നാടിനെക്കാള്‍ കേരളത്തിനാണ് ഇതു ബാധകമാവുക. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് എല്ലാ പരിഗണനകളും നല്കുന്ന കേരളത്തിലെ ഭരണാധികാരികള്‍ ദേവസ്വം ബോര്‍ഡുകളെ മറയാക്കി ക്ഷേത്രങ്ങള്‍ അടക്കി ഭരിക്കുകയും വരുമാനം കൊള്ളയടിക്കുകയുമാണ്. ഭക്തന്മാരുടെ വികാരങ്ങള്‍ക്ക് യാതൊരു വിലയും കല്പ്പിക്കാറില്ല. ലക്ഷക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമികളാണ് കേരളത്തില്‍ അന്യാധീനമായിരിക്കുന്നത്. പല ക്ഷേത്രങ്ങളുടെയും ഭൂമി ഇപ്പോഴും കയ്യേറ്റക്കാരുടെ കൈകളിലാണ്. ഈ പശ്ചാത്തലത്തില്‍, ക്ഷേത്ര ഫണ്ട് ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഉത്സവങ്ങള്‍ നടത്തുന്നതിനും ജീവനക്കാര്‍ക്ക് വേതനം നല്കുന്നതിനുമാണ് ഉപയോഗിക്കേണ്ടതെന്ന് മദ്രാസ് ഹൈക്കോടതി പറയുന്നത് കേരളത്തിലെ ക്ഷേത്ര വിശ്വാസികള്‍ക്കും, ക്ഷേത്ര വിമോചനത്തിനുവേണ്ടി പോരാടുന്നവര്‍ക്കും വലിയ പ്രചോദനമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കരുതെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിട്ടും അതിനെ മറികടക്കാനാണ് ഇവിടുത്തെ ഭരണാധികാരികള്‍ ശ്രമിക്കുന്നത്. അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ ഹൈന്ദവ സംഘടനകള്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുകള്‍ പുത്തന്‍ കരുത്തു പകരും. ഈ ഉത്തരവുകളെ മുന്‍നിര്‍ത്തി വ്യാപകമായ ബോധവല്‍ക്കരണം ഇവിടെ നടക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: