ഒട്ടാവ: ഇസ്ലാമിനോടുള്ള ഭീതിയും വെറുപ്പുമുള്ള യുവാവ് കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ നാലംഗ മുസ്ലിംകുടുംബത്തെ വാഹനം കയറ്റി കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി 8.40നായിരുന്നു സംഭവം. കുറ്റകൃത്യം ചെയ്ത നതാനിയേല്‍ വെല്റ്റ്മാന് എന്ന 20കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സയിദ് അഫ്സല് (46), ഭാര്യ മഡിഹ സല്മാന് (44), മകള്‍ യുമ്ന അഫ്സല് (15), സയിദിന്റെ മാതാവ് (74) എന്നിവരെയാണ് വാഹനം ദേഹത്തിലൂടെ കയറ്റിയറക്കി കൊന്നത്. ഒമ്പത് വയസ്സുകാരനായ കുട്ടി അനാഥനായി. പിന്നീടുള്ള അന്വേഷണത്തില്‍ ഇസ്ലാം ഭീതിയും വെറുപ്പും ( ഇസ്ലാമോഫോബിയ) മൂലമാണ് യുവാവ് ഈ കടുംകൃത്യം ചെയ്തതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുണ്ടായത്.
ഗുരുതരമായ നാല് വകുപ്പുകള്‍ ചേര്‍ത്ത് കൊലക്കുറ്റവും കൊലപാതകശ്രമത്തിനുല്ള കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനത്തിന്റെ പട്ടികയില്‍ ഈ കുറ്റകൃത്യത്തെ ചേര്‍ത്തണോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. ഇസ്ലാംമതത്തില്പ്പെട്ടവര്ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളില്‍ ഈ യുവാവ് അംഗമാണോ എന്നകാര്യം അറിവായിട്ടില്ല.
മുസ്ലിം എന്ന ഒറ്റക്കാരണത്താല്‍ മാത്രമാണ് ഈ കുടുംബത്തെ കൊലപാതകി ലക്ഷ്യമിട്ടതെന്ന് പറയുന്നു. ഇതോടെ മുഖം രക്ഷിക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റില് ട്രുഡോ തന്നെ രംഗത്തിറങ്ങി. അദ്ദേഹം ഈ മുസ്ലിം കുടുംബത്തിന്റെ ശവസംസ്കാരച്ചടങ്ങില്‍ സംബന്ധിച്ചു. ഇസ്ലാമോഫോബിയയ്ക്ക് (ഇസ്ലാമിനോടുള്ള ഭയവും വിദ്വേഷവും) കാനഡയില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അസാമാന്യമായ മുസ്ലിം വിദ്വേഷത്താല്‍ നടത്തിയ ആസൂത്രിത കൂട്ടക്കൊലയാണിതെന്ന് ലണ്ടന്‍ മേയര്‍ എഡ് ഹോള്‍ഡര്‍ പറഞ്ഞു. 2017ല്‍ ക്യൂബക് സിറ്റി മുസ്ലിം പള്ളിയില്‍ ആറ് പേരെ വെടിവെച്ചുകൊന്ന സംഭവമാണ് ഇതിന് മുന്‍പ് കാനഡയിലുണ്ടായ ഏറ്റവും വലിയ അക്രമം.
മുസ്ലിം വിരുദ്ധ വികാരത്തെ തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളില്‍ 2019ല്‍ കാനഡയില്‍ 181 പേരാണ് കൊല ചെയ്യപ്പെട്ടത്. ഇത്തരം വികാരം കാനഡയില്‍ വളര്‍ന്നുവരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. 2020ലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് ഡയലോഗ് നടത്തിയ പഠനപ്രകാരം മുസ്ലിം വിരുദ്ധ ആശയങ്ങളുള്ള 6,600 പേജുകളും ചാനലുകളും അക്കൗണ്ടുകളുമാണ് കണ്ടെത്തിയത്. പ്രത്യേകിച്ചും ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ക്കിടയില്‍ ഇസ്ലാമിനോടുള്ള വെറുപ്പും ഭീതിയും വര്‍ധിച്ചുവരുന്ന പ്രവണത രൂഡമൂലമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: