കോഴിക്കോട്: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയ്ക്കുവേണ്ടി ചാവേറായി പൊട്ടിത്തെറിച്ച മലയാളി എഞ്ചിനീയര്‍ ഇസ്ലാംമതത്തിലേക്ക് മാറിയ ക്രിസ്തുമത വിശ്വാസി. സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗം എന്ന വിവരമേ ഐഎസ് ഇയാളെക്കുറിച്ച് പുറത്തുവിട്ടിട്ടുള്ളു. ഇയാളുടെ കുടുംബത്തില്‍ ഏറെയും ഡോക്ടര്‍മാരാണ്. ഇയാള്‍ കുറേക്കാലം ബെംഗളൂരുവില്‍ ജീവിച്ചിട്ടുണ്ട്. പിന്നീട് ഗള്‍ഫിലേക്ക് പോയി. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബാംഗമാണെന്നാണ് ലഭ്യമായ സൂചനകള്‍.
ഐഎസ് പുറത്തുവിട്ട അവരുടെ പ്രവര്‍ത്തന രേഖകളിലാണ് മലയാളിയായ ചാവേറിനെക്കുറിച്ച് പറയുന്നത്. നിങ്ങളുടെ രക്തസാക്ഷികളെ അറിയുക എന്ന രേഖയിലാണ് ‘അബുബക്കര്‍’ എന്ന് ഐഎസ് പരാമര്‍ശിക്കുന്ന ഇയാളെക്കുറിച്ചുള്ള വിവരം. ഇയാള്‍ ലിബിയയില്‍ കൊല്ലപ്പെട്ടു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെട്ട, ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഐഎസ് ചാവേര്‍ ബോംബ് അഥവാ രക്തസാക്ഷി എന്നതാണ് ഇയാളുടെ വിശേഷണം.
സിറിയയിലും അഫ്ഗാനിസ്ഥാനിലും ഐഎസിനു വേണ്ടി ഭീകരാക്രമണങ്ങള്‍ നടത്തി മലയാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആ വിവരങ്ങള്‍ അവര്‍ വിശദീകരിച്ചിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി, ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പലതും മറച്ചുവച്ചിരിക്കുകയാണ്. അബുബക്കറിന്റെ യഥാര്‍ത്ഥ പേര് ഐഎസ് രേഖയില്‍ പരാമര്‍ശിച്ചിട്ടില്ല. സമ്പന്നമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്, ഗള്‍ഫിലേക്ക് പോകുംമുമ്പ് ഇയാള്‍ ബെംഗളൂരുവില്‍ ജോലി ചെയ്തു, രേഖയില്‍ പറയുന്നു.
ക്രിസ്തുമതം വിട്ട് ഇയാള്‍ ഇസ്ലാമായതിനെക്കുറിച്ച് ഐഎസ് പറയുന്ന കാരണം ഇങ്ങനെയാണ്: മാര്‍ക്കറ്റില്‍ വിതരണം ചെയ്തതില്‍നിന്ന് കിട്ടിയ ലഘുലേഖയാണ് അയാളെ മാറ്റിയത്. മുസ്ലീങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുവെന്നും ആദരിക്കുന്നുവെന്നും അതില്‍നിന്ന് അറിഞ്ഞത് ‘അബുബക്കര്‍ക്ക്’ ഞെട്ടിക്കുന്ന വിവരമായിരുന്നു. അങ്ങനെ ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിച്ച് ഇസ്ലാമിക സാഹചര്യങ്ങളിലെത്തി. അമേരിക്കക്കാരനായ ഇസ്ലാമിക തീപ്പൊരി പ്രാസംഗികന് അന്‍വര്‍ അല്‍ ഔലാഖി ‘അബു’വിനെ തീവ്ര ഇസ്ലാമികനാക്കി, ഐഎസിലെത്തിച്ചു.
അബു, ഐഎസില്‍ ചേര്‍ന്ന മറ്റ് ചില മലയാളികളെപ്പോലെ അവിടത്തുകാരനാകാന്‍ ആഗ്രഹിച്ചെങ്കിലും ഗള്‍ഫിലെ തൊഴില്‍ കരാര്‍ കാലം കഴിഞ്ഞതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ട സാഹചര്യം വന്നു. ഐഎസ് അയാളോട് ലിബിയയിലേക്ക് പോകാന്‍ പറഞ്ഞു. എഞ്ചിനീയറായതും പാസ്പോര്ട്ടില് ക്രിസ്ത്യന്‍ പേരുകാരനായതും ലിബിയന്‍ യാത്രയ്ക്ക് തടസമില്ലാതായി. അവിടെയെത്തി മൂന്നുമാസത്തിനകം ഇയാള്‍ ഭീകരപ്രവര്‍ത്തന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അതേസമയം, ലിബിയയില്‍ മലയാളികള്‍ ആരെങ്കിലും കൊല്ലപ്പെട്ടത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം നടക്കുകയാണ്.
ഐഎസ് ഇപ്പോള്‍ പുറത്തുവിട്ട രേഖയില്‍ പറയുന്ന കാര്യങ്ങള്‍ എപ്പോള്‍ നടന്നതാണെന്നതിലും വ്യക്തതയില്ല. സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും കേന്ദ്രങ്ങളില്‍ ശക്തി ക്ഷയിച്ചതിനാല്‍ ഐഎസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് സുരക്ഷാകാര്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഎസില്‍ ചേര്‍ന്ന നിരവധി കേരളീയര്‍ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയിട്ടുണ്ടെങ്കിലും ലിബിയയുടെ പേര് ഉയര്‍ന്നുവരുന്നത് ആദ്യമായാണ്. 2014-ല്‍ ലിബിയയില്‍ പ്രവിശ്യ രൂപീകരിക്കുന്നതായി ഐഎസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കാബൂളിലെ ഗുരുദ്വാരയ്ക്കെതിരെ നടന്ന ആക്രമണത്തിലും ജലാലാബാദിലെ ജയിലിലും അഫ്ഗാനിസ്ഥാനിലെ മറ്റ് നിരവധി ചാവേര്‍ ആക്രമണങ്ങളിലും കേരളത്തില്‍ നിന്നുള്ളവര്‍ പങ്കെടുത്തതിന്റെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: